ലയാള മാദ്ധ്യമ ചരിത്രത്തിൽ സത്യത്തിന്റെ വഴി തെരഞ്ഞെടുത്ത് പ്രവർത്തിക്കുന്ന മറുനാടൻ മലയാളി ഏറെ വൈകാതെ ഒരു ദ്വൈവാരിക  പുറത്തിറക്കുകയാണ്. മറുനാടൻ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന തരത്തിലുള്ള ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ വാർത്തകൾ മാസത്തിൽ രണ്ട് തവണ വീതം പുറത്തിറക്കുന്ന വാരിക ആയിരിക്കും ഇത്. ഓൺലൈൻ വാർത്തയുടെ സ്വഭാവം ഇല്ലാതെ സമഗ്രഹവും സമ്പൂർണ്ണവുമായ വാർത്തകളാണ് മറുനാടന്റെ പുതിയ വാരികയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ലക്കവും ഓരോ കവർ സ്‌റ്റോറിയോടെ ആയിരിക്കും ദ്വൈവാരിക പുറത്തിറങ്ങുക. ഈ കവർ സ്‌റ്റോറിയുടെ എല്ലാ ആശയങ്ങളും സമഗ്രമായി വിലയിരുത്താൻ നിരവധി റിപ്പോർട്ടുകൾ ഉണ്ടാകും. കൂടാതെ വാർത്താടിസ്ഥാനവും ജീവിതഗന്ധിയുമായ അനേകം ലേഖനങ്ങളും വാർത്ത വിഷയങ്ങളും ഈ ദ്വൈവാരികയിൽ ഉണ്ടാവും. സാധാരണ വായനക്കാർക്കായി ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന പൈങ്കിളി സംഭവം ഉള്ളതും സിനിമാ ഗോസിപ്പുകളും ഒക്കെ ഒഴിവാക്കി വായനയും ചർച്ചയും മാത്രം ലക്ഷ്യമാക്കിയുള്ള നല്ല പ്രസിദ്ധീകരണം ആയിരിക്കും ഇത്.

ഓരോ വിഷയത്തെക്കുറിച്ചും സമഗ്രമായ പഠനവും അഭിപ്രായവും ഉൾപ്പെടുത്തിയായിരിക്കും പ്രസിദ്ധീകരിക്കുക. പഴയ കലാകൗമുദിയും ഇന്ത്യ ടുഡേയും കേരള ശബ്ദവും ഒക്കെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇറക്കുന്നതിന് തുല്ല്യമായി ആയിരിക്കും മറുനാടൻ ദൈ്വ വാരിക പുറത്തിറങ്ങുക. ഓരോ ലക്കലും ഒരോ പുതിയ വിഷയങ്ങൾ പുറത്തുകൊണ്ടു വരികയും അത് ചർച്ചക്കായി മറുനാടൻ ഓൺലൈൻ പത്രം ഏറ്റെടുക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് ലക്ഷ്യമിടുന്നത്. പരസ്യത്തിന് വേണ്ടി കുനിയുന്ന മാദ്ധ്യമങ്ങൾക്കിടയിൽ തന്റേടത്തോടെ നിവർന്ന് നിൽക്കുന്നവരുടെ വാരിക ആയിരിക്കും ഇത്.

ജാതിയും മതവും രാഷ്ട്രീയവും ഇല്ലാതെ സർവ്വതിന്റെയും തിന്മകളും നന്മകളും ചൂണ്ടിക്കാട്ടുന്ന ഒരു ചാലക ശക്തിയായി മാറാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മാസങ്ങൾക്ക് മുൻപേ ഇതിന്റെ പദ്ധതി പൂർത്തിയായെങ്കിലും ഈ ചുമതല ധൈര്യപൂർവ്വം ഏറ്റെടുക്കാൻ കഴിയുന്ന ഒരു പത്രപ്രവർത്തകനെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് നീണ്ടു പോയതാണ്. അതുകൊണ്ടാണ് രഹസ്യ സ്വഭാവം വിട്ട് വാർത്ത എഴുതി ആളെ കണ്ടെത്താൻ ശ്രമിക്കുന്നത്.

സത്യത്തിന്റെ മുൻപിൽ പകച്ച് നിൽക്കാത്ത ധീരരായ പത്രപ്രവർത്തകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറ് വർഷത്തെ തൊഴിൽ പരിചയമെങ്കിലും ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. രാഷ്ട്രീയ വാർത്താ വാരികകളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. പത്രത്തിന്റെ ബ്യൂറോയിലോ ഡെസ്‌ക്കിലോ പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ചാനലുകളുടെ മാത്രം പരിചയം പരിഗണിക്കുന്നതല്ല. മാസികയോ വാരികയോ ഇറക്കി പരിചയം ഉള്ളവർക്കാണ് മുൻഗണന. സമയ ക്ലിപ്തത ഒന്നുമില്ലാതെ മാസികയുടെ പ്രസിദ്ധീകരണ ദിനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനുള്ള ഫ്‌ളെക്‌സിബിലിറ്റി ഉള്ള ആൾ ആവണം അപേക്ഷിക്കാൻ.

മറുനാടൻ ലേഖകരുമായി സഹകരിച്ച് വാർത്തകൾ കണ്ടെത്തി അതിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വീണ്ടും എഴുതാനും വാർത്തകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനും ഒക്കെയുള്ള താൽപ്പര്യം ഉണ്ടാവണം. സ്വന്തം പ്രസിദ്ധീകരണം ആണ് എന്ന് കരുതി അതിന് വേണ്ടി എത്ര നേരമാണെങ്കിലും കഷ്ടപ്പെടാനുള്ള മനസ്സ് നിർബന്ധമായും ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കുകയും നിലവിൽ ലഭിക്കുന്നതിനേക്കാൾ മികച്ച പ്രതിഫലവും മറ്റ് ആനൂകൂല്യങ്ങളും നൽകുകയും ചെയ്യും.

ആരും പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വാർത്തകളും വാർത്ത വിശകലനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ആകാനുള്ള ധൈര്യവും ഇച്ഛാശക്തിയും ആവേശവും ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ അപേക്ഷിക്കുക. വിദഗ്ദ്ധ സംഘം അഭിമുഖം നടത്തിയ ശേഷം മാത്രമേ നിയമിക്കുകയുള്ളൂ. മാദ്ധ്യമ പ്രവർത്തനത്തോട് അടങ്ങാത്ത പ്രണയം ഉള്ളവരെയാണ് പരിഗണിക്കുന്നത്. നിങ്ങളിലൂടെ സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവർക്ക് ഇത് സുവർണ്ണാവസരം ആണ്.  കൂടുതൽ വിവരങ്ങൾ അറിയാൻ hr@marunadanmalayali.com  എന്ന വിലാസത്തിൽ ബന്ധപ്പെടുക.