- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര മന്ത്രിയെ ആദരിക്കണമെന്നറിയാത്ത താങ്കൾ എങ്ങനെ ഒരു പൊലീസുകാരനായി മിസ്റ്റർ ഋഷിരാജ് സിങ്? ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കാൻ ശ്രമിക്കുന്നത് ഏത് സിങ്കമായാലും അനുവദിക്കരുത്
കേരളം കണ്ട ഏറ്റവും മികച്ച പൊലീസ് മേലധികാരികളിൽ ഒരാൾ ആണ് ഋഷിരാജ് സിങ് എന്നാണ് മറുനാടൻ അടക്കമുള്ള കേരളത്തിലെ പത്ര മാദ്ധ്യമങ്ങൾ നിരന്തരമായി എഴുതുന്നത്. സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈലിൽ ജനങ്ങളുടെ കയ്യടി നേടാനായി ശ്രീ ഋഷിരാജ് ധാരാളം ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഐജി ആയിരുന്നപ്പോൾ കൈലിയും മുണ്ടും ഉടുത്ത് ലോറിയുടെ കിളിയായി കൈക്കൂലി കാ
കേരളം കണ്ട ഏറ്റവും മികച്ച പൊലീസ് മേലധികാരികളിൽ ഒരാൾ ആണ് ഋഷിരാജ് സിങ് എന്നാണ് മറുനാടൻ അടക്കമുള്ള കേരളത്തിലെ പത്ര മാദ്ധ്യമങ്ങൾ നിരന്തരമായി എഴുതുന്നത്. സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈലിൽ ജനങ്ങളുടെ കയ്യടി നേടാനായി ശ്രീ ഋഷിരാജ് ധാരാളം ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഐജി ആയിരുന്നപ്പോൾ കൈലിയും മുണ്ടും ഉടുത്ത് ലോറിയുടെ കിളിയായി കൈക്കൂലി കാരെ പിടിക്കാൻ പോയപ്പോൾ മുതൽ കേരളത്തിലെ ജനങ്ങളുടെ കണ്ണിലുണ്ണിയാണ് സിങ്കം എന്ന് നവ മാദ്ധ്യമങ്ങൾ വാഴ്‌ത്തുന്ന ഋഷിരാജ് സിങ്.
ഋഷിരാജ് സിംഗിനോട് വീരാരാധന ഉണ്ടാകാൻ കാരണമായ പല വാർത്തകളും മറുനാടൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനപക്ഷത്ത് നിന്നും ചിന്തിച്ചാൽ അതിൽ തെറ്റൊന്നുമില്ല താനും. പൊലീസായാലും സിവിൽ സർവ്വീസിലായാലും പലരും ഇത് വളരെ അപകടകരമായ പ്രവർത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഋഷിരാജ് സിംഗിന്റെ സമീപനം വെറും കയ്യടിക്ക് വേണ്ടിയാണോ എന്ന് സംശയം ഉണ്ടാക്കുന്ന പല സാഹചര്യങ്ങളും ഉയർന്നിട്ടും ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു ഉദ്യോഗസഥനെ കരുതലോടെ സമീപിക്കണം എന്ന് ചിന്തിച്ച് ഞങ്ങൾ ഒഴിവാക്കുകയായിരുന്നു.
തിരുവനന്തപുരം വെള്ളയമ്പലം സ്‌ക്വയറിന് നടുവിൽ ഒരു മന്ത്രിയും മേയറും ഗതാഗത കുരുക്ക് ഉണ്ടാക്കി കൊണ്ട് വണ്ടി പാർക്ക് ചെയ്ത സംഭവം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ശ്രീ ഋഷിരാജിന് ഞങ്ങൾ പരാതി കൊടുത്തെങ്കിലും അത് ലഭിച്ചോ എന്ന് പോലും അറിയിക്കാനുള്ള മര്യാദ അദ്ദേഹം ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കവേ കാട്ടിയില്ല എന്നത് കയ്യടിക്ക് വേണ്ടി മാത്രമാണ് യഥാർത്ഥ പ്രശ്‌നം കൈകാര്യം ചെയ്യാനല്ല അദ്ദേഹം മുൻഗണന നൽകിയത് എന്നതിനുള്ള തെളിവാകുകയായിരുന്നു.
ഇത്തരം എത്രയോ സംഭവങ്ങൾ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോറിയുടെ ക്ലീനറുടെ വേഷം കെട്ടി 200 രൂപയുടെ കൈക്കൂലി പിടിച്ച് പത്രങ്ങളിൽ പേര് വരുത്തിയ ഋഷിരാജ് അതിന് വേണ്ടി ഒരു പൊലീസ് സംവിധാനത്തെ മുഴുവൻ ഉപയോഗിച്ചതിന്റെ ചെലവ് ആരെങ്കിലും കണക്ക് കൂട്ടിയോ എന്ന് അക്കാലത്തുകൊല്ലം എസ്‌പി ആയിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചോദിച്ചിട്ടുണ്ട്.
മോസർബിയർ എന്ന ഋഷിരാജുമായി അടുപ്പമുള്ള ഒരു കമ്പനിക്ക് കേരളത്തിൽ എൻട്രി കിട്ടാനായി വെൽഗേറ്റ് എന്ന നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ ആന്റി പൈറസി നിയമം ഉപയോഗിച്ച് ഋഷിരാജ് നടത്തിയ വേട്ട ഇന്നും കോടതിയിലാണ്. ഒരൊറ്റ സിഡി പോലും വ്യാജം ആയിരുന്നില്ല എന്ന് പിന്നീട് വ്യക്തമായപ്പോൾ വഴിയാധാരമായത് ഒരു വലിയ ബിസിനസ്സ് സാമ്രാജ്യമായിരുന്നു. അവരിന്നും നിരപരാധിത്വം പ്രഖ്യാപിക്കാൻ കോടതി കയറിയിറങ്ങി നടക്കുന്നു. ഇതേക്കുറിച്ച് പൊലീസ് കംപ്ലെയിന്റ് കമ്മിഷനിൽ നൽകിയ പരാതി അവഗണിക്കുന്ന രീതിയാണ് ഉണ്ടായത്.
[BLURB#1-H] വൈദ്യുതി ബോർഡിലെ നിയമനവും തുടർന്നുണ്ടായ വാർത്തകളും പലരും സംശയാസ്പദായാണ് ചൂണ്ടിക്കാട്ടുന്നത്. എഡിജിപി പദവിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എസ്‌പി റാങ്കിൽ ഇരിക്കുന്നതിലെ അനൗചിത്യം ഡിജിപി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എഡിജിപി പദവിയിൽ നിയമിക്കുന്ന തസ്തികയിലേക്ക് തന്നെയാണ് താരതമ്യേനെ അപ്രസക്തമാണെങ്കിലും ഋഷിരാജ് നിയമിക്കപ്പെട്ടത്്. പ്രശസ്തിയാണ് പദവിയേക്കാൾ വലുത് എന്ന് ഋഷിരാജ് വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.
ഇതൊന്നും ഋഷിരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാമൂഹിക പ്രസക്തി ഇല്ലാതാക്കുന്നില്ല. നിയമം ഉറപ്പു നൽകുന്ന അധികാരം വിനിയോഗിക്കാൻ വളരെക്കുറച്ച് പേർക്ക് മാത്രം കഴിയുന്ന കാലത്ത് ഓരോ പദവിക്കും അതിന്റേതായ പേര് ഉണ്ടാക്കി കൊടുക്കുന്നവരെ ആദരിച്ചേ മതിയാകൂ. ട്രാൻസ്‌പോർട്ട് കമ്മിഷൻ തസ്തികയ്ക്കും വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസർ തസ്തികയ്ക്കും ഒക്കെ അത്തരം ഒരു പേരുണ്ടാക്കി നൽകിയത് ഋഷിരാജ് തന്നെ ആയിരുന്നു.
ഇതൊക്കെ ശരിയാണെങ്കിലും പൊതുവേദിയിൽ വച്ച് ആഭ്യന്തരമന്ത്രിയെ ആക്ഷേപിച്ച ഋഷിരാജിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. തന്റെ ബോസ് കൂടിയായ മന്ത്രി കയറി വന്നപ്പോൾ കാലിന്മേൽ കാലും വച്ച് കൂളിങ് ഗ്ലാസും ധരിച്ചുള്ള ആ ഇരുപ്പ് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളി തന്നെയാണ്. ജനാധിപത്യ സമ്പ്രദായത്തിൽ ജനപ്രതിനിധിക്ക് തന്നെയാണ് കൂടുതൽ പ്രാധാന്യം നല്‌കേണ്ടത്. ആഭ്യന്തര മന്ത്രി എന്ന വലിയ പദവിയിൽ ഇരിക്കുന്നയാളോട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയത് അങ്ങേയറ്റം അല്പത്തരവും മര്യാദകേടുമാണെന്ന് പറയാതെ വയ്യ.
രമേശ് ചെന്നിത്തല എന്ന വ്യക്തിയെ അല്ല ആഭ്യന്തരമന്ത്രി എന്ന പദവിയെയാണ് ഇവിടെ ഋഷിരാജ് സിങ് അവഹേളിച്ചത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും മന്ത്രിയോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. മനഃപൂർവമാണ് അങ്ങനെ പെരുമാറിയത് എന്ന് പിന്നീട് ഋഷിരാജ് സിങ് നടത്തിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പ്രോട്ടോക്കോളിന്റെ കണക്ക് പറഞ്ഞ് സ്വയം അപഹാസ്യനാകുകയാണ് ഈ പൊലീസുകാരൻ. ഒരു എംപിയേയും ഒരു എംഎൽഎയെക്കാളും താഴെയാണ് ജനാധിപത്യത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പദവി.[BLURB#2-VR]
ജനപ്രതിനിധികളെ പുച്ഛിച്ച് വളരുന്ന ഒരു പുതുതലമുറ നമുക്കുണ്ട്. അവർക്ക് ഉദ്യോഗസ്ഥരോടാണ് ജനപ്രതിനിധികളേക്കാൾ ബഹുമാനം. എന്നാൽ ഒരു എംഎൽഎയും എംപിയും മന്ത്രിയും ഒക്കെ ആകുക എന്നത് ഐഎഐസുകാരനും ഐപിഎസുകാരനും ആകുന്നത്ര എളുപ്പമുള്ള പരിപാടിയല്ലെന്നും അസാധാരണമായ പ്രതിഭയും കഠിനപ്രയത്‌നവും വേണമെന്നും ഇവർ മറക്കുകയാണ്. ചിലർക്കെങ്കിലും പാരമ്പര്യമായി ഇതു ലഭിക്കുന്നുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ചുളുവിൽ പ്രൊമോഷനിലൂടെ ഐപിഎസും ഐഎഎസും കിട്ടുന്നവരും ഉണ്ടല്ലോ. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ ബഹുമാനിച്ചേ മതിയാകൂ.
ഇവിടെ ചെന്നിത്തല പൊലീസിന്റെ തലവൻ ആണ് എന്നത് ഈ അഹങ്കാരം കൂടുതൽ കുറ്റകരമാക്കുന്നു. സുരേഷ്‌ഗോപി സിനിമ പോലെ ജനക്കൂട്ടത്തിന്റെ കയ്യടി നേടാനായി ജനാധിപത്യത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന ഋഷിരാജ് സിംഗന്മാരെ നമ്മൾ ഭയപ്പെടേണ്ടിയിരിക്കുന്നു, അവർ കയ്യടി നേടാനായി എന്തും ചെയ്യും. എന്നാൽ അവസരം ലഭിച്ചാൽ അവർ ജനാധിപത്യത്തിന്റെ തന്നെ അന്തകന്മാരായി മാറും. ഈ പ്രവർത്തനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവർ അറിയാതെ തന്നെ മാതൃരാജ്യത്തോട് തെറ്റ് ചെയ്യുകയാണ്. ഋഷിരാജ് സിങ്ങിനെതിരെ അച്ചടക്ക നടപടി എടുത്തതു പോലെ പൊലീസ് സേനയുടെ അന്തസ് കാത്ത് സൂക്ഷിക്കാൻ ഡിജിപിക്ക് കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.