- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
കൊച്ചി: ആസന്നമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ മുന്നേറ്റം പ്രവചിക്കുന്ന മറുനാടൻ സർവേയിൽ, വോട്ടാകുന്നത് സഹതാപമല്ല കൃത്യമായ രഷ്ട്രീയ നിലപാടുകൾ തന്നെയാണെന്ന് വ്യക്തമാവുന്നു. സർവേക്ക് ഒപ്പം കൊടുത്ത അനുബന്ധ ചോദ്യങ്ങൾക്ക് വായനക്കാർ നൽകിയ ഉത്തരം അതാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയമായി യുഡിഎഫിനെ നേരിടുന്നതിൽ എൽഡിഎഫ് വല്ലാതെ പിന്നാക്കം പോയെന്നും സർവേ വ്യക്തമാക്കുന്നു.
മറുനാടൻ മലയാളി സർവേയിൽ 11 ശതമാനം വോട്ടിന്റെ നല്ല മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഉമാ തോമസിന് 46 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതു സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യത. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 10 ശതമാനവും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 11 ശതമാനം വോട്ടുകളിൽ നിന്ന് ബിജെപി അൽപ്പം പിന്നോക്കം പോവുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി യോജിച്ച്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ മൂവായിത്തോളം വോട്ടർമാരെ നേരിട്ട് കണ്ടാണ്, തൃക്കാക്കരുടെ രാഷ്ട്രീയ മനസ്സ് അറിയാനുള്ള ശ്രമം മറുനാടൻ മലയാളി നടത്തിയത്.
സർക്കാറിനോടുള്ള എതിർപ്പ് ശക്തം
ഭരണവിരുദ്ധ വികാരം തൃക്കാക്കരയിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് സർവേക്ക് അനുബന്ധമായി കൊടുത്ത ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതെന്ന ചോദ്യത്തിന്, കൂടുതൽപേരും മറുപടി നൽകിയത്, സർക്കാറിനോടുള്ള എതിർപ്പ് എന്ന കാര്യമാണ്. 29 ശതമാനം പേർ അങ്ങനെ കരുതുമ്പോൾ, 26 ശതമാനം പേർ സ്ഥാനാർത്ഥികളുടെ മികവ് പ്രധാന വിഷയമായി പറയുന്നു. അതും കഴിഞ്ഞ് 22 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്താണ്, സർക്കാറിനെ പിന്തുണക്കുന്നവരുള്ളത്. വെറും ആറു ശതമാനം പേർ മാത്രമാണ് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടെന്ന് വിശ്വസിക്കുന്നത്.
രണ്ടാം പിണറായി സർക്കാറിന്റെ ഭരണം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് ഭൂരിപക്ഷം പേരുടെയും വിലയിരുത്തൽ. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് കാലത്ത് എടുത്ത ഏത് സർവേയിലും പിണറായി സർക്കാറിന് മികച്ചത് എന്ന ഉത്തരമായിരുന്നു ജനങ്ങൾ നൽകിയിത്. എന്നാൽ സർക്കാർ ശരാശരിയാണെന്ന് മറുനാടൻ സർവേയിൽ 34 ശതമാനം പേർ പറയുത്. മോശമെന്ന് 18 ശതമാനവും, വളരെ മോശമെന്ന് 17 ശതമാനവും. അത് കഴിഞ്ഞ് നാലാംസ്ഥാനത്ത് മാത്രമാണ് സർക്കാർ അനുകൂലികൾ ഉള്ളത്. സംസ്ഥാന സർക്കാർ മികച്ചതാണെന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, 15 ശതമാനം വളരെ മികച്ചതാണെന്നും വിലയിരുത്തി. സർക്കാറിന്റെ പ്രകടനം ശരിക്കും താഴോട്ടാണെന്ന് മറുനാടൻ സർവേ സൂചിപ്പിക്കുന്നത്.
കത്തിനിൽക്കുന്ന കെ റെയിൽ വിവാദം ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കെ റെയിൽ വിവാദം എത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന നേരിട്ടുള്ള ചോദ്യത്തിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. 50 ശതമാനം പേർ ഐക്യമുന്നണിയെ പിന്തുണക്കുമ്പോൾ, ഇടതിന് കിട്ടുന്നത് വെറും 30 ശതമാനം വോട്ട് മാത്രമാണ്.
അതുപോലെ തന്നെ ട്വന്റി ട്വന്റിയുടെയും ആം അദ്മിയുടെയും പിന്മാറ്റം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്ത 53 ശതമാനംപേരും ഇത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി. ഇത്തവണ ട്വന്റി ട്വന്റിയുടെയും ആം അദ്മിയുടെയും ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെങ്കിലും, സർവേയിലെ പ്രധാന ചോദ്യത്തിൽ മറ്റുള്ളവർ എന്ന ഓപ്ഷനിൽ 7 ശതമാനം വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. ഇത് ട്വന്റി ട്വന്റിയുടെ വോട്ടുകൾ ആവാനാണ് സാധ്യത. അതുകൂടി യുഡിഎഫിന് പോവുകയാണെങ്കിൽ, കൃത്യമായ യുഡിഎഫ് തരംഗം തന്നെയാണ് മണ്ഡലത്തിൽ ഉണ്ടാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തുശതമാനത്തിലേറെ വോട്ടുനേടി തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി ട്വന്റി ഏവരെയും ഞെട്ടിച്ചിരുന്നു.
സർവേ സൂചികകൾ ഒറ്റനോട്ടത്തിൽ (വോട്ട് ശതമാനക്കണക്കിൽ)
1 ചോദ്യം: ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്താണ്?
സർക്കാറിനോടുള്ള എതിർപ്പ്- 29
സ്ഥാനാർത്ഥികളുടെ മികവ്- 26
സർക്കാറിനുള്ള പിന്തുണ- 22
മതവും രാഷ്ട്രീയവും- 9
കെ റെയിൽ- 8
സഹതാപതരംഗം- 6
2 രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
ശരാശരി- 34
മോശം-18
വളരെ മോശം- 17
മികച്ചത്-16
വളരെ മികച്ചത്- 15
3 ഇത് പിണറായി സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് കരുതുന്നുണ്ടോ?
അഭിപ്രായമില്ല- 49
അതെ- 27
അല്ല-24
4 കെ റെയിൽ വിവാദം ആർക്ക് അനുകൂലമാവും?
യു.ഡി.എഫ്-50
എൽ.ഡി.എഫ്- 30
മറ്റുള്ളവർ-13
ബിജെപി-7
5. ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെ പിന്മാറ്റം ആർക്ക് ഗുണം ചെയ്യും?
യു.ഡി.എഫ്- 53
എൽ.ഡി.എഫ്- 24
മറ്റുള്ളവർ-15
എൻ.ഡി.എ-8
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്..മറുനാടൻ സർവേ ഫലം ഇങ്ങനെ