കൊച്ചി: യുഡിഎഫിന് മികച്ച വിജയം പ്രവചിക്കുന്ന മറുനാടൻ മലയാളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ, കൗതുകകരവും രാഷ്ട്രീയ കേരളം ശ്രദ്ധിക്കേണ്ടതുമായ പല സൂചകങ്ങൾ കൂടിയുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ പി ടി ശരിക്കും ഒരു വികാരം തന്നെയായിരുന്നെന്ന് ഈ സർവേ വ്യക്തമാക്കുന്നു. രാഷ്ട്രീയ അതീതമാണ് അദ്ദേഹത്തിന് കിട്ടുന്ന പിന്തുണ. മികച്ച സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് യുഡിഎഫിന്റെ ഉമാ തോമസിന് ഒപ്പമാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. അതുപോലെ കേരളത്തിലെ ജനപ്രിയ നേതാവായി സർവേയിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജനയെയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗ്രാഫും ഉയരുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു.

മറുനാടൻ മലയാളി സർവേയിൽ 11 ശതമാനം വോട്ടിന്റെ നല്ല മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഉമാ തോമസിന് 46 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യത. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 10 ശതമാനവും. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി യോജിച്ച്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ മൂവായിത്തോളം വോട്ടർമാരെ നേരിട്ട് കണ്ടാണ്, തൃക്കാക്കരുടെ രാഷ്ട്രീയ മനസ്സ് അറിയാനുള്ള ശ്രമം മറുനാടൻ മലയാളി നടത്തിയത്.

പി ടി ഒരു വികാരം; ഉമ മികച്ച സ്ഥാനാർത്ഥി

പി ടി തോമസ് എന്ന അന്തരിച്ച മുൻ എംഎ‍ൽഎക്ക് രാഷ്ട്രീയ അതീതമായ ആദരവാണ് തൃക്കാക്കരയിലെ വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. പി ടി മികച്ച എംഎൽഎ ആയിരുന്നെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ഇതൊരു മൃഗീയ ഭൂരിപക്ഷമാണ്. അതായത് രാഷ്ട്രീയമായി പി ടിയെ എതിർക്കുന്ന മറ്റ് പാർട്ടിക്കാർ പോലും അദ്ദേഹത്തിന്റെ എംഎൽഎ എന്ന നിലയിലുള്ള മികവിനെ അംഗീകരിക്കുന്നു. 'മുൻ എംഎൽഎ പി ടി തോമസിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യത്തിന് 32ശതമാനം വളരെ മികച്ചത് എന്ന് പറഞ്ഞപ്പോൾ, 37 ശതമാനം മികച്ചത് എന്ന് രേഖപ്പെടുത്തി. വെറും 8 ശതമാനം പേർ മാത്രമാണ് പി ടിയുടെ പ്രകടനത്തെ മോശമായി ചൂണ്ടിക്കാട്ടിയത്. അതായത് പി ടി തോമസ് ഇപ്പോഴും തൃക്കാക്കരയുടെ വികാരം ആണെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ അതിനെ ഒരു സഹാതാപ തരംഗം എന്ന് പേരിട്ട് വിളിക്കാനും കഴിയില്ല. കാരണം പി ടി തോമസിന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല ഉമക്ക് വോട്ട് കിട്ടുന്നത്. ഉമാ തോമസും മികച്ച സ്ഥാനാർത്ഥിയാണെന്നാണ് ഭൂരിഭാഗം വോട്ടർമാരും വിധി എഴുതിയിരിക്കുന്നത്. 'മികച്ച സ്ഥാനാർത്ഥി ഏത് മുന്നണിയുടേത്' എന്ന ചോദ്യത്തിന് 48 ശതമാനം പേരുടെയും പിന്തുണ ഐക്യമുന്നണി സ്ഥാനാർത്ഥിക്ക് കിട്ടുമ്പോൾ, ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 39 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ.

അതുപോലെ ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിലും വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടെന്ന് വ്യക്തമാണ്. 'ഇടതുസ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായമുണ്ടോ,' എന്ന നേരിട്ടുള്ള ചോദ്യത്തിന് 40 ശതമാനം പേരും തങ്ങൾക്ക് അറിയില്ല എന്ന ഉത്തരമാണ് നൽകിയത്. 37 ശതമാനം അല്ല എന്ന് പറയമ്പോൾ, 23 ശതമാനം പേർ അതെ എന്ന് ഉറപ്പിക്കുന്നു.

ഇപ്പോഴും ജനപ്രിയൻ പിണറായി തന്നെ

അതുപോലെ തന്നെ രണ്ടാം പിണറായി സർക്കാറിന്റെ ജനപ്രതീ ഇടിയുകയാണെന്നാണ് ഈ സർവേയിൽ നേരത്തെ കണ്ടത്. സംസ്ഥാന സർക്കാറിന്റെ ഭരണം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് ഭൂരിപക്ഷം പേരുടെയും വിലയിരുത്തൽ. സർക്കാറിനോടുള്ള എതിർപ്പാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്നും, കെ റെയിൽ വിവാദം യുഡിഎഫിനാണ് ഗുണം ചെയ്യുക എന്നുമൊക്കെ സർവേയിൽ നേരത്തെ കണ്ടിരുന്നു.

എന്നാൽ അങ്ങനെയൊക്കെ ആണെങ്കിലും, പിണറായി വിജയൻ എന്ന വ്യക്തിയുടെ ജനപ്രീതി ഇടിയുന്നില്ല എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നിങ്ങൾ കാണുന്നത് ആരെയാണ് എന്ന ചോദ്യത്തിന് 49 ശതമാനം പേരും പിണറായിയുടെ പേരാണ് പറയുന്നത്. 23 ശതമാനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, 15 ശതമാനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സതീശനും, സുധാകരനും കിട്ടിയ വോട്ടുകൾ കൂട്ടിലായും, 38 ശതമാനമോ ആവു. പിണറായിക്ക് ഒറ്റക്ക് 49 ശതമാനമുണ്ട്.

നേരത്തെ ഇടത്അനുഭാവികളിൽ ഒരു വിഭാഗം പി ടി തോമസിന് വോട്ട് ചെയ്തപോലെ യുഡിഎഫ് അണികൾപോലും ഇപ്പോഴും കേരളത്തിലെ ജനപ്രിയ നേതാവായി കരുതുന്നത് പിണറായിയെ തന്നെയാണ്. സിപിഎം എന്നാൽ പിണറായി മാത്രമാണെന്ന് ഈ സർവേയും തെളിയിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെറും ഒരു ശതമാനത്തിന്റെ പിന്തുണയാണ് കിട്ടിയത്.

അതുപോലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും ഉയരുകയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 'പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യത്തിന് 43 ശതമാനവും ശരാശരിയൊണ്് അഭിപ്രായപ്പെട്ടത്. പക്ഷേ വളരെ മികച്ചത് എന്ന അഭിപ്രായപ്പെട്ട 17 ശതമാനവും, മികച്ചത് എന്ന് അഭിപ്രായപ്പെട്ട 27 ശതമാനവും ചേരുമ്പോൾ 44 ശതമാനത്തിന്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ട്. 10 ശതമാനം പേർ സതീശന്റെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ, വെറും 3 ശതമാനം മാത്രമാണ് വളരെ മോശം എന്ന് പറയുന്നത്.

സർവേ സൂചികകൾ ഒറ്റനോട്ടത്തിൽ (വോട്ട് ശതമാനക്കണക്കിൽ)

1 മികച്ച സ്ഥാനാർത്ഥി ഏത് മുന്നണിയുടേത്?

യു.ഡി.എഫ്- 48

എൽ.ഡി.എഫ്- 39

എൻ.ഡി.എ-9

മറ്റുള്ളവർ- 4 

2 മുൻ എംഎ‍ൽഎ പി.ടി തോമസിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?


മികച്ചത്- 37

വളരെ മികച്ചത്- 32

ശരാശരി- 23

മോശം-4

വളരെ മോശം- 4


3 കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നിങ്ങൾ കാണുന്നത് ആരെയാണ്?

പിണറായി വിജയൻ- 49

വി.ഡി സതീശൻ- 23

കെ. സുധാകരൻ- 15

കെ. സുരേന്ദ്രൻ- 7

വി. മുരളീധരൻ -5

കോടിയേരി ബാലകൃഷ്ണൻ - 1

4 പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

ശരാശരി- 43

മികച്ചത്- 27

വളരെ മികച്ചത്-17

മോശം-10

വളരെ മോശം- 3

5 ഇടതുസ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായമുണ്ടോ?

അറിയില്ല- 40

ഇല്ല- 37

ഉണ്ട്- 23