തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ അഭിപ്രായ വോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഉണ്ടായി. അതിൽ മിക്കതും ഏതാണ്ടു ശരിയായെന്നു പറയാം. എന്നാൽ, 99 ശതമാനവും ശരിയായതു മറുനാടൻ മലയാളി വായനക്കാരുടെ വിലയിരുത്തൽ ആയിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി.

വായനക്കാർക്കു വേണ്ടി മറുനാടനും മിർ റിയൽടേഴ്‌സും ചേർന്നു നടത്തിയ പ്രവചന മത്സരത്തിൽ പങ്കെടുത്തവർ ഉത്തരം നൽകിയ 15 ചോദ്യങ്ങളിൽ 14ഉം ശരിയാണെന്നതാണു സത്യം. ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥ് വിജയിക്കും എന്നതു മാത്രമാണ് ഈ പ്രവചന മത്സരത്തിൽ തെറ്റിയത്.

എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് 78.8 ശതമാനം പേരാണ് പ്രവചിച്ചിരുന്നത്. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് 64.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ജയിക്കുമെന്ന് 86.8 ശതമാനവും പ്രവചിച്ചിരുന്നു. കെ മുരളീധരൻ, വീണാ ജോർജ്, പി സി ജോർജ്, ഒ രാജഗോപാൽ എന്നിവർ വിജയിക്കുന്നവരുടെ പട്ടികയിൽപ്പെട്ടിരുന്നു. പി സി വിഷ്ണുനാഥ് വിജയിക്കുമെന്നും പ്രവചനമുണ്ടായിരുന്നെങ്കിലും അതു മാത്രം തെറ്റി.

ബിജെപി ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ പിടിക്കുമെന്ന് 42.8 ശതമാനം പേരാണ് പ്രവചന മത്സരത്തിൽ അഭിപ്രായപ്പെട്ടത്. ബിഡിജെഎസ് ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് 73.8 ശതമാനം പേർ പ്രവചിച്ചു. ബിജെപിക്ക് കൂടുതൽ സാധ്യതയുള്ള സീറ്റ് നേമമാണെന്നു 65.7 ശതമാനം പേരും വ്യക്തമാക്കി.

ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ഒറ്റക്കക്ഷി സിപിഐ(എം) ആകുമെന്നു 90.8 ശതമാനം പ്രവചിച്ചു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ ജയിക്കുമെന്ന് 51.1 ശതമാനം പേർ പ്രവചിച്ചു. വട്ടിയൂർക്കാവിൽ കെ മുരളീധരനും (54.1 ശതമാനം) ആറന്മുളയിൽ വീണ ജോർജും (60.2 ശതമാനം) ജയിക്കുമെന്നും പ്രവചനമുണ്ടായി.

പി സി വിഷ്ണുനാഥ് ജയിക്കുമെന്ന് 44.7 ശതമാനമാണ് പ്രവചിച്ചത്. ഇതുമാത്രമാണു വായനക്കാരിൽ കൂടുതൽ പേർക്കും തെറ്റിപ്പോയ പ്രവചനം. പൂഞ്ഞാർ (44.4 ശതമാനം), തൃപ്പൂണിത്തുറ (49.2 ശതമാനം), പാലക്കാട് (48.9 ശതമാനം), കൽപ്പറ്റ (59.6 ശതമാനം) എന്നിവിടങ്ങളിലും മറുനാടൻ വായനക്കാരുടെ പ്രവചനമാണു ശരിയായത്.