തിരുവനന്തപുരം: ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇൽസി സ്‌ക്രൊമേന തിരുവനന്തപുരത്ത് ഇപ്പോഴുള്ളത്. തിരിച്ചറിയാൻ പോലുമാകാത്തതരത്തിൽ കോവളത്തിനടുത്ത് ചെന്തിലാക്കരിയിൽ കണ്ടെത്തേണ്ടിവന്ന തന്റെ സഹോദരിയുടെ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള യാത്രയിലേക്ക് അവർ ഇനി കടക്കും. കോവളത്തെത്തിയ ലിഗ സ്‌ക്രൊമേന ആരും കാണാതെ എങ്ങനെ ചെന്തിലാക്കരിയിൽ എത്തി എന്ന സംശയം ഇൽസിയെ വലയ്ക്കുകയാണ്. പക്ഷേ അവർക്ക് ഒരു കാര്യം ഉറപ്പുണ്ട്. തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ പറയുന്നു. ലൈംഗിക പീഡനത്തിന് ശേഷം തന്റെ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് അവർ സംശയിക്കുന്നു. ഇത് തന്നെയാണ് മറുനാടനോട് അവർ പങ്കുവയ്ക്കുന്നതും.

ലിഗയുടേതുകൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവർ. ലിഗയുടെ കയ്യിൽ പണമുണ്ടാകാനുള്ള സാധ്യത കൊലയാളിക്ക് മുമ്പിൽ ഇല്ല. അതുകൊണ്ട് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാൻ ഒരു സാധ്യതയുമില്ല. റേപ്പ് തന്നെയാണെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും തീരുന്നതുവരെ കേരളത്തിലുണ്ടാകും. അതുവരെ നാട്ടിലേക്ക് പോകില്ല. സത്യാവസ്ഥ എന്തെന്ന് അറിയേണ്ടതുണ്ട്. ലിഗയെ കാണാതായ നാൾ മുതൽ വളരെ മോശമായ രീതിയിലാണ് കേരള പൊലീസിന്റെ ഇടപെടൽ. യാതൊരു ഗൗരവവുമില്ലാതെയാണ് അവർ പരാതിയെ പരിഗണിച്ചത്-ഇൽസി പറയുന്നു.

ആദ്യത്തെ 24 മണിക്കൂർ പ്രധാനമാണെന്ന കാര്യം പോലും കണക്കിലെടുത്തില്ല. ലിഗയുടെ മാനസികാവസ്ഥ സംബന്ധിച്ച് എല്ലാം പറഞ്ഞിട്ടും പൊലീസിന് മനസിലായില്ല. തുടർന്ന് മൂന്നോ നാലോ ദിവസത്തിന് ശേഷം മാധ്യമങ്ങളെ കാണുകയും പരാതികൾ നൽകുകയും ചെയ്തപ്പോഴുണ്ടായ സമ്മർദം വന്നപ്പോൾ മാത്രമാണ് പൊലീസ് എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങിയത്. ജോനാഥൻ ഇപ്പോൾ സുഹൃത്തുക്കളുമായി ആലോചിച്ച് തുടർ നടപടികൾ എന്തൊക്കെ കൈക്കൊള്ളണമെന്ന് തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്.-അവർ മറുനാടനോട് പറഞ്ഞു. കേരള പൊലീസിനെയും യൂറോപ്യൻ പൊലീസിനെയും ഒരുതരത്തിലും താരതമ്യപ്പെടുത്താനാകില്ലെന്നും അവർ വിശദീകരിക്കുന്നു. രാവിലെ കോവളത്തേക്ക് വന്നതാണ് ലിഗ. അവിടെ വച്ച് ആരുടെയെങ്കിലും കയ്യിൽപ്പെട്ടതായിരിക്കാം. അവളുടെ കയ്യിൽ പണമുണ്ടായില്ല, തിരിച്ചുവരാൻ പോലും. അപ്പോൾ ആരുടെയെങ്കിലും സഹായം തേടുകയോ അവർ കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകാം. അല്ലാതെ ലിഗയ്ക്ക് ആരെയും ബന്ധമില്ല ഇവിടെ. അവൾ ആരെയും തേടിവന്നതുമല്ല. ബീച്ചിനെക്കുറിച്ച് കേട്ടറിഞ്ഞ് കോവളത്ത് എത്തിയതാകാനേ സാധ്യതയുള്ളൂയെന്നും ഇൽസി വിശദീകരിക്കുന്നു.

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ താമസിക്കാനാണ് കേരളത്തിലെത്തിയത്. ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോൾ അവർ വർക്കലയിലേക്കും തുടർന്ന് പോത്തൻകോട് ആയുർവേദ റിസോർട്ടിലേക്കും ചികിത്സയ്‌ക്കെത്തി. റിസോർട്ടിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്. സൂചനയോ തെളിവുകളോ പോലും ഇല്ലാതെ ലീഗ അപ്രത്യക്ഷമായി. ലീഗയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഭർത്താവ് ആൻഡ്രൂസും സഹോദരിയും മന്ത്രിമാരേയും സമീപിച്ചു. ഒന്നും നടന്നില്ല. ലീഗയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. പക്ഷെ കാര്യമുണ്ടായില്ല. ഒടുവിൽ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി. അപ്പോൾ പൊലീസ് പറയുന്നത് ഇതൊരു ആത്മഹത്യയാണെന്നാണ്. ഇത് ഉൾക്കൊള്ളാൻ ലിഗയുടെ കുടുംബത്തിന് കഴിയുന്നില്ല.

മൃതദേഹത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കാണാതായ ലിത്വാനിയ സ്വദേശിനി ലിഗയുടേതാണെന്ന് ഭർത്താവും ലിസയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ ഫലം വന്നാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ഇതിനിടെ ലിഗയുടെ ഭർത്താവ് ആൻഡ്രൂസൺ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു. കണ്ടൽക്കാടുകളിൽ നിന്നും കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നും മരണ കാരണം കൊലപാതകമാണെന്ന് പരാതിപ്പെട്ടപ്പോൾ തനിക്കും മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞെന്ന് ആൻഡ്രൂസ് പറഞ്ഞു. ലിഗയെ കാണാതായ സ്ഥലത്തിനു സമീപത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും തിരച്ചിലിന് ആത്മാർഥ ശ്രമം ഉണ്ടായില്ല. കേരളത്തിലെ ഒരു ഹോട്ടലിൽ ഭാര്യയെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ അവിടെയുള്ളവർ തന്നെ മർദ്ദിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ആൻഡ്രൂസ് പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയിൽ കിടത്തിയിരുന്നതെന്നും ആൻഡ്രൂസ് പറഞ്ഞു. ലിഗയെ തട്ടിക്കൊണ്ടു പോയതാണെന്ന് തനിക്ക് ഉറപ്പുണ്ട്. കേരളത്തിൽ അവയവ വിൽപ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നിൽ ഇവരാകാമെന്നും വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നുണ്ട്.

കോവളത്തെ കണ്ടൽകാടുകളിലെ വള്ളിപ്പടർപ്പിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസ് ഭാഷ്യം. ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളില്ല. അതുകൊണ്ട് തന്നെ വിഷം ഉള്ളിൽ ചെന്നാകാം മരിച്ചതെന്നും പൊലീസ് കരുതുന്നു. തല വേർപെട്ട നിലയിൽ ജീർണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ചതാകാം തല വേർപെടാൻ കാരണമെന്നും പൊലീസ് പറയുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് തന്നെ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും ചിതറികിടക്കുന്നുണ്ട്. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമായ ഈ പ്രദേശത്തെ കുറിച്ച് സമീപവാസികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് ഈ മേഖലയിൽ കാര്യമായ അന്വേഷണം നടത്താൻ മുതിർന്നിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റേയും ലോക്കൽ പൊലീസിന്റേയും സഹായത്തോടെയാണ് ഇവിടെ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത്.

മൃതദേഹത്തിൽ നിന്ന് ലഭിച്ച അടിവസ്ത്രത്തിന്റെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണെന്നാണ് ഒന്നാമത്തെ തെളിവായി പൊലീസ് പറയുന്നത്. കൂടാതെ മൃതദേഹത്തിന് സമീപത്ത് വെച്ച് ലഭിച്ച സിഗരറ്റ് പായ്ക്കറ്റ് ഇവർ ഉപയോഗിച്ചിരുന്ന ബ്രാന്റാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മൃതദേഹം ലഭിച്ച കണ്ടൽകാടുകളിലേക്ക് ഇവർ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ മരിച്ചത് ലീഗ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.