തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഷിബു ബേബി ജോണിന്റെ നിലപാടുകളെക്കുറിച്ചും മകൻ ഗണേശ് കുമാറിന്റെ സമീപനങ്ങളെക്കുറിച്ചുമുള്ള പിള്ളയുടെ പരാമർശങ്ങളാണ് ഇന്നലെ വാർത്തയാക്കിയത്. കേരളാകോൺഗ്രസിന്റെ രൂപീകരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ അഴിമതികളെക്കുറിച്ചുമുള്ള പിള്ളയുടെ വെളിപ്പെടുത്തലുകളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.

അഴിമതിക്കെതിരെ സമരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരിച്ചതെന്ന് പിള്ള മറുനാടനോട് പറഞ്ഞു. എന്നാൽ കെ.എം. മാണിയെന്ന വക്രബുദ്ധി കേരള കോൺഗ്രസിൽ കയറിപ്പറ്റിയപ്പോൾ മുതലാണ് കുഴപ്പം ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ എല്ലാ തത്വങ്ങൾക്കും സ്ഥാപക ലക്ഷ്യങ്ങൾക്കും വിരുദ്ധമായാണ് മാണി ആ കാലഘട്ടം മുതൽ പ്രവർത്തിക്കുന്നത്. മാണിയുടെ പ്രവർത്തികൾക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയുടെ എല്ലാ ആശീർവാദങ്ങളും ഉണ്ടായിരുന്നു. മാണിയും കെ.പി. മോഹനനും അനൂപ് ജേക്കബും അടക്കം എല്ലാവരും കഴിഞ്ഞ മന്ത്രിസഭയിൽ അഴിമതി നടത്തിയവരാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ താൻകണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് അനൂപ് ജേക്കബെന്ന് പിള്ള പറഞ്ഞു.

സ്ഥലംമാറ്റങ്ങൾക്ക് വരെ പണം വാങ്ങിക്കുകയായിരുന്നു അനൂപ് ജേക്കബിന്റെ പണി. കെ.എം മാണിയാകട്ടേ സകലരോടും പണംവാങ്ങി. സ്വർണ്ണക്കടക്കാർക്ക് നികുതിയിളവ് ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങി. പാറക്വാറി ഉടമകളുടെ കൈയിൽ നിന്നും ബേക്കറിക്കാരുടെ കൈയിൽ നിന്നും പണംവാങ്ങി. തടിയുടെ ബിസിനസുകാരിൽ നിന്ന് നികുതിയിളവ് ചെയ്യാമെന്ന് പറഞ്ഞ് പണംവാങ്ങിച്ചു. പാറ പൊട്ടിക്കുന്നവർ കാശ് കൊണ്ടുകൊടുത്ത് ഇറങ്ങിയപ്പോൾ രണ്ടുമിനിട്ടനകം അവരെ തിരിച്ചുവിളിച്ചു. നൽകിയ അമ്പത് ലക്ഷം രൂപയിൽ ആറായിരം രൂപ കുറവുണ്ടെന്ന് അവരോട് പറഞ്ഞു. വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമില്ലാതെ ഇത്രപെട്ടെന്ന് അമ്പത് ലക്ഷം രൂപ എണ്ണാൻ കഴിയില്ലല്ലോ. അങ്ങനെ സർവത്ര അഴിമതികളാണ് കഴിഞ്ഞ മന്ത്രിസഭ നടത്തിയത്. എല്ലാ തെളിവുകളും തന്റെ കൈയിലുണ്ട്.

ഉമ്മൻ ചാണ്ടിക്ക് ഇതെല്ലാം എഴുതിക്കൊടുക്കുകയും ഒരു കോപ്പി വിജിലൻസ് ഡയറക്ടർക്ക് നൽകുകയും ചെയ്തു. വിൻസൻ എം പോളായിരുന്നു ഡയറക്ടർ. നല്ല ഓഫീസറാണെന്നാണ് ഞാൻ കരുതിയത്. എന്റെ പരാതി കിട്ടിയപ്പോൾ അന്വേഷിക്കാം നടപടിയെടുക്കാം എന്ന് പറഞ്ഞു. എന്നാൽ രമേശ് ചെന്നിത്തല വിരട്ടിയപ്പോൾ സ്വഭാവം മാറി. അന്വേഷണം വേണ്ടെന്നുവച്ചു. സ്‌ട്രെയിറ്റ് ഓഫീസറല്ല വിൻസൻ എം പോൾ. ഇപ്പോൾ പുതിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഫോണിൽ വിളിച്ച് ഞാൻ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം വരും. തെളിവുകൾ നൽകും. വാദിയായോ സാക്ഷിയായോ ഞാൻ കോടതിയിലെത്തും ഇവരുടെ അഴിമതി തെളിയിക്കാൻ ഏതറ്റംവരെയും പോകും പിള്ള പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ:

  • കേരളാകോൺഗ്രസിന്റെ പിറവി താങ്കൾ വഴിയാണല്ലോ. എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപീകരിച്ചത് ?

കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ലക്ഷ്യം തന്നെ അധികാരത്തിലെത്തിയാൽ അഴിമതിക്കെതിരെ സമരം ചെയ്യുക എന്നുള്ളതാണ്. പക്ഷേ, കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും വലിയ അഴിമതിക്കാരുടെ പാർട്ടികളിൽ ഒന്ന് കേരള കോൺഗ്രസ് ആയിരുന്നു. മാണിയുടെ പാർട്ടി, പിന്നെ ആളൊന്നുമില്ലെങ്കിലും ആരാണെന്നറിയില്ലെങ്കിലും എന്താണെന്ന് അറിയില്ലെങ്കിലും ജേക്കബിന്റെ മോൻ ഒരു പയ്യൻ അവനെക്കാൾ വലിയ ഒരു അഴിമതിക്കാരനെ ഞാൻ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കണക്കുപറഞ്ഞ് കാശ് വാങ്ങിക്കുക. സ്ഥലംമാറ്റത്തിലൂടെ. അഴമതിക്കെതിരായി വന്ന കേരള കോൺഗ്രസ് ഏറ്റവും വലിയ അഴിമതി കാണിക്കുന്ന പാർട്ടിയായി ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ മാറി. ജോർജ്ജ് സാറും ഞാനും ചേർന്നാണ് കേരള കോൺഗ്രസിന് തുടക്കം ഇടുന്നത്. മാണിയൊന്നും ആ കാലത്ത് ഇല്ല. 1971 ൽ ഞാൻ പാർലമെന്റിലേക്ക് പോയപ്പോൾ പാർട്ടിലീഡറും ഞാൻ തന്നെയായിരുന്നു. എനിക്ക് ഡൽഹിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവന്നതിനാൽ ഞാൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നെങ്കിലും ഫങ്ഷൻ ചെയ്യാൻ കഴിഞ്ഞില്ല.

എനിക്ക് പകരം അന്ന് കോട്ടയത്തുള്ള ഓഫീസ് ഫങ്ഷൻ ചെയ്യാൻവേണ്ടി മാത്രം ഗോപാലകൃഷ്ണപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പോയപ്പോൾ എങ്ങനെയോ ജോർജ്ജ് സാറിനെ സ്വാധീനിച്ച് അദ്ദേഹമൊന്നുമറിയാതെ മാണിയെന്ന വക്രബുദ്ധി ആ സ്ഥാനത്ത് കയറിപ്പറ്റി. അവിടം മുതലാണ് കുഴപ്പം ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ എല്ലാ തത്വങ്ങൾക്കും സ്ഥാപകലക്ഷ്യങ്ങൾക്കും വിരുദ്ധമായാണ് മാണി ആ കാലഘട്ടം മുതൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ അതിന് ഉമ്മൻ ചാണ്ടിയുടെ എല്ലാ ആശീർവാദവും ഉണ്ടായിരുന്നു. ഒന്ന് രണ്ട് എംഎ‍ൽഎമാരുടെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. ഇവർ ഒമ്പത് ഇല്ലായിരുന്നോ? അതിന്റെ ബലത്തിൽ കുഞ്ഞാലിക്കുട്ടിയും മാണിയും ചെറിയ കക്ഷികളായ വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവരും സർക്കാരിനെ കൈപ്പിടിയിലൊതുക്കി. അധികാരത്തിനുവേണ്ടിയും അധികാരത്തിലിരുന്ന് പണസമ്പാദനത്തിനുവേണ്ടിയും മാണിയടക്കം ഈ ചെറിയ കക്ഷികളൊക്കെ നടത്തിയ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി അംഗീകരിച്ചുകൊടുത്തു എന്നതാണ് സത്യം.

ഇതിനെതിരായി ഞാൻ അതിശക്തമായി യു.ഡി.എഫിലും യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയിലും ഈ മന്ത്രിമാരെ ഇരുത്തിക്കൊണ്ട് ആഞ്ഞടിച്ചിട്ടുണ്ട്. കെ.പി. മോഹനനെക്കുറിച്ച് വീരേന്ദ്രകുമാറിനോട് സംസാരിച്ചു. പക്ഷേ, അവർക്ക് വേറെ മാർഗ്ഗമില്ല. മോഹനനെ മാറ്റിയാൽ മോഹനൻ വിട്ടുപോകും. ചാനലുകളും പത്രങ്ങളും മുഴുവൻ മനോരമ, മാതൃഭൂമി, മംഗളം ഉൾപ്പെടെ ഉമ്മൻ ചാണ്ടിക്ക് കുടപിടിക്കുകയായിരുന്നു. അതുകൊണ്ട് ഞാനിവരെയൊന്നും സമീപിക്കാതെ ഉമ്മൻ ചാണ്ടിക്ക് അഴിമതികളെക്കുറിച്ച് കത്തുകൾ അയക്കുകയും ബാക്കിയുള്ളവ വിജിലൻസിന് അയക്കുകയും ചെയ്തു. അതെല്ലാം ഓരോന്നായി ഇപ്പോൾ പൊങ്ങും. ഒരുപാടുണ്ട്, അതിൽപലതും വിജിലൻസ് കോടതിയിൽപോയി അന്വേഷിക്കുന്നുണ്ട്. ഞാൻ കൊടുത്താൽ അന്വേഷിക്കും. പലകേസുകളിലും ഞാൻ സാക്ഷിയായി വരും. എന്റെ ഭാഗം പറയാൻ കോടതികളിൽ സാവകാശം കിട്ടും. എന്റെ കൈയിൽ എവിഡെൻസുകളെല്ലാമുണ്ട്.

  • സ്വർണ്ണക്കടക്കാരുടെ കൈയിൽ നിന്ന് മാണി കാശുവാങ്ങിച്ചതായി അങ്ങ് നേരത്തെ ആരോപണം ഉന്നയിച്ചല്ലോ?

അതുമെഴുതിക്കൊടുത്തിട്ടുണ്ട്. സ്വർണ്ണക്കടക്കാർക്ക് നികുതിയിളവ് കൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചു. പാറക്വാറി ഉടമകളിൽ നിന്ന് പണംവാങ്ങി. ബേക്കറിക്കാരുടെ കൈയിൽ നിന്ന് വാങ്ങി. തടിയുടെ നികുതിയിളവ് ചെയ്യാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചു. ഈ തടിക്കാരുടെ കൈയിൽ നിന്ന് വാങ്ങിച്ച കാശ് തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതരായ പല കോൺഗ്രസ് നേതാക്കളും എന്നെ സമീപിച്ചു. അതൊക്കെ പറയേണ്ടിടത്ത് പറയും.

പാറ പൊട്ടിക്കുന്നവർ കാശ് കൊണ്ടുകൊടുത്തപ്പോൾ അതിനകത്ത് ആറായിരം രൂപ കുറവുണ്ടായിരുന്നു. അവർ ഇറങ്ങിയപ്പോൾ രണ്ടുമിനിട്ടനകം തിരികെ വിളിച്ച് ആറായിരം രൂപ കുറവുണ്ടെന്ന് പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് കൊടുത്തത്. ഇത് രണ്ടുമിനിട്ടുകൊണ്ട് എണ്ണിത്തിട്ടപ്പെടുത്തണമെങ്കിൽ നോട്ട് എണ്ണുന്ന യന്ത്രം വീട്ടിൽ വേണമല്ലോ. നെല്ല് കുത്താൻ കൊടുത്ത മില്ലുകാരുടെ കൈയിൽ നിന്നും പണംവാങ്ങി. രണ്ടുകോടി രൂപ കൊടുത്തത് എന്നെക്കാണിച്ചിട്ടാണ്. ഉപഭോക്തൃകോടതികളിൽ ട്രിബ്യൂണലിൽ ഒരുജില്ലയിൽ മൂന്നുപേരെ വച്ച് നിയമിച്ചതിന് പണംവാങ്ങിയതായി കോൺഗ്രസ് അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് നമ്പൂതിരി തന്നെ ഉമ്മൻ ചാണ്ടിക്ക് കത്തുകൊടുത്തതാണ്.

സാക്ഷിയോ വാദിയോ ആയി ഈ അഴിമതികൾക്കെതിരെ ഞാൻ കോടതിയിൽ എത്തും. ഇപ്പോഴത്തെ വിജിലൻസ് ഡി.ജി.പി ഇതൊക്കെ അന്വേഷിക്കുമെന്നാണ് എന്റെ വിശ്വാസം. ഞാൻ എല്ലാം എഴുതിക്കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് കൊടുത്താൽ പ്രയോജനം ഇല്ലായിരുന്നു അന്ന്. അതുകൊണ്ട് മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് ഒരു കോപ്പി കൊടുത്തു. പക്ഷേ ഞാൻ വിചാരിച്ച ആളല്ലായിരുന്നു വിൻസൻ എം പോൾ. എനിക്ക് അദ്ദേഹത്തെ പരിചയമില്ല. നല്ല ഓഫീസറാണെന്ന് കരുതി. എന്റെ കടലാസുകൾ കിട്ടിയപ്പോൾ അദ്ദേഹം കാണിച്ച മനോഭാവം എന്നോട് അന്വേഷിക്കാമെന്ന് പറഞ്ഞു. പക്ഷേ മൂന്നാംദിവസം രമേശ് വിരട്ടിയപ്പോൾ അന്വേഷണം തന്നെ വേണ്ടെന്നുവച്ചു.

  • ഇപ്പോൾ ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ടോ?

ജേക്കബ് തോമസിനെ ഫോണിൽ വിളിച്ച് കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അന്വേഷിക്കുമെന്നാണ് വിശ്വാസം.

  • മാണിയുടെ അഴിമതി പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും പോകുമോ?

മാണി മാത്രമല്ല ആ മന്ത്രിസഭയിലുണ്ടായിരുന്നവരുടെ അഴിമതികളും അവരെ സഹായിച്ച ഉദ്യോഗസ്ഥരുടെ അഴിമതികളും തെളിയിക്കാൻ ഏതറ്റംവരെയും പോകും. ടി.എം. ജേക്കബിന്റെ മകൻ അത്ര വ്യാപകമായ അഴിമതി കാട്ടിയിട്ടുണ്ട്. എല്ലാത്തിനും ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടായിരുന്നു. എല്ലാം തെളിയിക്കും. പലകേസുകളിലും സാക്ഷിയും ആകും.

ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക