- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂബയിൽ പോയി ചൂതു കളിക്കുന്നതാണ് ഷിബു ബേബി ജോണിന്റെ പ്രധാന വിനോദം.. കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദി.. ഗണേശിനെ നശിപ്പിച്ചു.. ഗണേശിനെ തല്ലിയത് യാമിനിയാണെന്ന് മകൻ പറഞ്ഞു.. എല്ലാം നൽകിയിട്ടും ഒരിക്കലും ഗണേശൻ എന്നെ സ്നേഹിച്ചിട്ടില്ല; ആയിരക്കണക്കിന് ഏക്കർ ഭൂമി വിറ്റാണ് ഞാൻ രാഷ്ട്രീയം കളിച്ചത്: ബാലകൃഷ്ണ പിള്ള മറുനാടനോട് മനസു തുറക്കുന്നു
തിരുവനന്തപുരം: അത്യപൂർവ്വമായ ഒരു അഭിമുഖം ഇന്ന് മുതൽ മൂന്ന് ദിവസമായി മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിൽ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ആർ ബാലകൃഷ്ണ പിള്ള മറുനാടൻ മലയാളിയുടെ സ്‌പെഷ്യൽ കറസ്‌പ്പോണ്ടന്റ് എം എസ് സനൽകുമാറിന്റെ മുമ്പിൽ മനസു തുറക്കുന്നതാണ് ഈ അഭിമുഖത്തിൽ കാണുന്നത്. ഇതിന്റെ വീഡിയോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.- എഡിറ്റർ. കേരള രാഷ്ട്രീയത്തിലെ അതികായരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള. കേരളാ കോൺഗ്രസിന്റെ പിതാക്കന്മാരിൽ ഒരാൾ. കെ എം മാണി പോലും ബാലകൃഷ്ണ പിള്ളയേക്കാൾ ജൂനിയറാണ്. കേരളത്തിന് മുന്നണി രാഷ്ട്രീയം പരിചയപ്പെടുത്തിയ കെ കരുണാകരനൊപ്പം നിന്ന് യുഡിഎഫ് എന്ന സംവിധാനം ഉണ്ടാക്കിയ പിള്ള ഇപ്പോൾ ആ മുന്നണിക്ക് പുറത്താണ്. ഇടതു മുന്നണിയിലേക്ക് ചേക്കേറാൻ ശ്രമിച്ചെങ്കിലും ഇതുവരെ അതിനും സാധിച്ചിട്ടില്ല. കൊല്ലം ജില്ലയിലെ ഇടതു മുന്നണിയുടെ ക്ലീൻ സ്വീപ്പിന് കാരണക്കാരനായതിൽ നിർണ്ണയകറോൾ പിള്ളയ്ക്കുമുണ്ട്. രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിട്ടിട
തിരുവനന്തപുരം: അത്യപൂർവ്വമായ ഒരു അഭിമുഖം ഇന്ന് മുതൽ മൂന്ന് ദിവസമായി മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിൽ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ആർ ബാലകൃഷ്ണ പിള്ള മറുനാടൻ മലയാളിയുടെ സ്‌പെഷ്യൽ കറസ്‌പ്പോണ്ടന്റ് എം എസ് സനൽകുമാറിന്റെ മുമ്പിൽ മനസു തുറക്കുന്നതാണ് ഈ അഭിമുഖത്തിൽ കാണുന്നത്. ഇതിന്റെ വീഡിയോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.- എഡിറ്റർ.
കേരള രാഷ്ട്രീയത്തിലെ അതികായരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള. കേരളാ കോൺഗ്രസിന്റെ പിതാക്കന്മാരിൽ ഒരാൾ. കെ എം മാണി പോലും ബാലകൃഷ്ണ പിള്ളയേക്കാൾ ജൂനിയറാണ്. കേരളത്തിന് മുന്നണി രാഷ്ട്രീയം പരിചയപ്പെടുത്തിയ കെ കരുണാകരനൊപ്പം നിന്ന് യുഡിഎഫ് എന്ന സംവിധാനം ഉണ്ടാക്കിയ പിള്ള ഇപ്പോൾ ആ മുന്നണിക്ക് പുറത്താണ്. ഇടതു മുന്നണിയിലേക്ക് ചേക്കേറാൻ ശ്രമിച്ചെങ്കിലും ഇതുവരെ അതിനും സാധിച്ചിട്ടില്ല. കൊല്ലം ജില്ലയിലെ ഇടതു മുന്നണിയുടെ ക്ലീൻ സ്വീപ്പിന് കാരണക്കാരനായതിൽ നിർണ്ണയകറോൾ പിള്ളയ്ക്കുമുണ്ട്. രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിട്ടിട്ടുള്ള അവസരങ്ങളിലെല്ലാം അസാമാന്യ മനക്കരുത്തോടൈ പിള്ള പിടിച്ചു നിന്നു.
രാഷ്ട്രീയത്തിൽ എന്ന പോലെ വ്യക്തി ജീവിതത്തിലും പിള്ളയ്ക്ക് വൈഷമ്യങ്ങൾ നേരിട്ടിട്ടുണ്ട്. മകൻ ഗണേശ് കുമാറുമായുള്ള സ്വരചേർച്ചയില്ലായ്മയാണ് പ്രധാനം. ഗണേശിനെതിരെ ഉയർന്നുവരുന്ന നിരവധി ആരോപണങ്ങളും പിള്ളയെ അലട്ടുന്നുണ്ട്. ഏറ്റവും ഒടുവിൽ പഴയ സഹയാത്രികനായ ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണാണ് ഗണേശിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സോളാർ കേസിലെ പ്രധാനകണ്ണി സരിത എസ് നായരെ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ഉപയോഗിച്ചത് ഗണേശ് ആണെന്നായിരുന്നു പ്രധാന ആരോപണം. മകനെതിരെ ഉയർന്ന് ആരോപണങ്ങളും വാസ്തവവും അവാസ്തവും തുറന്നു പറഞ്ഞ് ആർ ബാലകൃഷ്ണ പിള്ള മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
ഗണേശും സരിതയും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധങ്ങളൊന്നുമില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഗണേശും സരിതയും സുഹൃത്തുക്കളാണെന്നാണ് പിള്ള പറയുന്നത്. ഗണേശിന്റെ വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചത് സരിതയാണ്. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഗണേശും സരിതയും തമ്മിൽ അവിഹിത ബന്ധം എന്തെങ്കിലും ഉണ്ടെങ്കിൽ സരിത അത് തുറന്നു പറഞ്ഞേനേ എന്നു പിള്ള വ്യക്തമാക്കുന്നു. ഇങ്ങനെ മകനെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളുടെയും ഗണേശിന്റെ വ്യക്തി ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ പിള്ള മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്:
- ഷിബു ബോബി ജോൺ സോളാർ കമ്മീഷനിൽ നൽകിയ മൊഴി സരിതയും ഗണേശും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്നാണ്. യാമിനിക്ക് സരിത വിഷയത്തിലാണ് ഗണേശുമായി തർക്കമുണ്ടായത്. സരിതയുമായി ബന്ധം വെക്കരുതെന്ന് താൻ ഗണേശിനോട് കർക്കശമായി പറഞ്ഞതു കൊണ്ടാണ് ഗണേശ് താനുമായി ഉടക്കിയത് എന്നാണ് ഷിബു ബേബി ജോണിന്റെ മൊഴി. ഇതിൽ വാസ്തവമുണ്ടോ?
ഗണേശും സരിതയുമായി അടുത്ത ബന്ധമുണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു നടക്കുന്നത് കള്ളമാണ്. യാമിനിയെ ഒഴിയാനും അവളുടെ സ്വത്തുക്കൾ മകന് മേടിച്ചു കൊടുക്കാനും ഗണേശിനെ കൊണ്ട് രാജിവെപ്പുക്കാനും വളരെ ബുദ്ധിപൂർവ്വം പ്രവർത്തിച്ചയാളാണ് ഷിബു. അന്ന് കൂടെയുണ്ടായിരുന്ന പല മന്ത്രിമാരും ഇക്കാര്യം എന്നോട് പറഞ്ഞതാണ്. ഗണേശിനെ കൂടെ കൊണ്ടു നടന്ന് ഒരു പരുവമാക്കി കൈവിട്ടു. ഉമ്മൻ ചാണ്ടിക്കൊപ്പം നടക്കുകയാണ് ഷിബു. മഹാ, അഹങ്കാരിയാണ് ഷിബു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വർഗീയവാദി. പണത്തിന്റെ അഹങ്കാരമാണ് ഷിബുവിന്. ക്യൂബയിൽ പോയി പണം വച്ച് ചീട്ട് കളിക്കുകയാണ് പ്രധാന പരിപാടി. അങ്ങനെ കുറേ കാശു കളഞ്ഞു. ഒരിക്കൽ എന്റെയടുത്ത്. ഇക്കാര്യങ്ങളൊക്കെ പറഞ്ഞതാണ്. അങ്കിളേ.. കുഴപ്പത്തിലാണ് ഇപ്പോൾ. കാശു കുറേ പോയി. ഇപ്പോൾ ഷിബു രക്ഷപെട്ടതിൽ സന്തോഷമുണ്ട്. പക്ഷേ അഹങ്കാരം കൊണ്ടാണ് ചവറയിൽ തോറ്റത്. ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കി. സ്വന്തം സമുദായം കൈവിട്ടു. ജയിലിൽ കിടന്നും പട്ടിണി കിടന്നും തല്ലുകൊണ്ടും സമരം ചെയ്തു പാരമ്പര്യമുള്ള ആളാണ് ബേബി ജോൺ. പക്ഷേ, ഇവന് അത് വല്ലതുമുണ്ടോ? കൂടുതലൊന്നും ഞാൻ പറയുന്നില്ല.
- സരിതയ്ക്ക് ഗണേശ് വീടെടുത്തുകൊടുത്തതായി ഷിബു ആരോപിക്കുന്നുണ്ടല്ലോ?
കള്ളമാണ്. സരിത ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ തലവൂരുള്ള എന്റെ അകന്ന ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്നു. അതായിരിക്കും ഈ പറയുന്നത്. ഞാൻ അതേക്കുറിച്ച് ഒരു ഇൻവെസ്റ്റിഗേഷൻ നടത്തിയിരുന്നു. ഗണേശ് വീടെടുത്തുകൊടുത്തിട്ടൊന്നുമില്ല. കൈയിൽ നിന്ന് കാശ് ചെലവാക്കി വീടെടുത്തുകൊടുക്കുന്ന പ്രകൃതക്കാരനൊന്നുമല്ല അവൻ. ഗണേശും സരിതയും തമ്മിൽ അവിഹിത ബന്ധമൊന്നുമില്ല. ഇരുവരും സുഹൃത്തുക്കളാണ്. ഗണേശിന്റെ വീട്ടിൽ സോളാർ പാനൽ വച്ചത് സരിതയാണ്. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഗണേശും സരിതയും തമ്മിൽ അവിഹിത ബന്ധം എന്തെങ്കിലും ഉണ്ടെങ്കിൽ സരിത അത് തുറന്നു പറഞ്ഞേനേ. നാട്ടിൽ ഉള്ളവരുടെ മുഴുവൻ പേര് അവർ പറഞ്ഞല്ലോ? ഗണേശിന്റെ പേര് പറഞ്ഞില്ലല്ലോ?
- ഇടയ്ക്ക് ഗണേശിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു മുഖത്ത് പരിക്കുകളുമായി. അങ്ങ് കള്ളം പറയാത്ത ആളാണല്ലോ? എന്താണ് സംഭവിച്ചത്?
അത് ഗണേശിന്റെ ഭാര്യ യാമിനി ചെയ്തതാ.. അവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ കസേരയുടെ കമ്പെടുത്ത് അടിച്ചതാ. ഇത് അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. തീരെ സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ തന്നെ അടിച്ചതാണെന്നായിരുന്നു യാമിനി എന്നോട് പറഞ്ഞത്. ഗണേശിന്റെ മൂത്തമകനും ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
- എന്തായിരുന്നു ഗണേശും യാമിനിയും തമ്മിലുള്ള പ്രശ്‌നം?
ആദ്യം മുതൽ തന്നെ രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. സാമ്പത്തികമല്ല പ്രശ്‌നം. ഞാൻ നല്ല ഒന്നാന്തരം വീടു വച്ച് കൊടുത്തു. ന്യായമായി ജീവിക്കാനുള്ള വരുമാനം നേടിക്കൊടുത്തു. പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ? അവള് പലതും പറയുന്നു.. അവൻ പലതും പറയുന്നു. തുടക്കം മുതൽ അവർ തമ്മിൽ അടുപ്പമായിരുന്നില്ല. ചിലപ്പോൾ ഭാര്യയുടെ പൊസസീവ്‌നസ് ആയിരിക്കാം. അവൻ സിനിമാക്കാരനാണ്. അങ്ങനെ സംശയങ്ങളുണ്ടാകാം.
- പിതാവെന്ന നിലയിൽ ഗണേശിൽ നിന്ന് ഗണേശിന്റെ സ്‌നേഹം ലഭിക്കുന്നില്ലെന്ന തോന്നലുണ്ടോ താങ്കൾക്ക്?
തീർച്ചയായും ഉണ്ട്. ഞാൻ എന്റെ അച്ഛനോടും അമ്മയോടും കാണിച്ച സ്‌നേഹം അവനിൽ നിന്ന് കിട്ടിയിട്ടില്ല. എനിക്ക് അവനെ കൊണ്ട് ഒന്നും സാധിക്കാനില്ല. അവൻ മന്ത്രിയായിരുന്നപ്പോൾ ഒരു ശിപായിയുടെ സ്ഥലം മാറ്റത്തിന് പോലും അവനെ സമീപിച്ചിട്ടില്ല. അവൻ എന്നെ സ്‌നേഹിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. എന്റെ പാർട്ടിയെയോ പാർട്ടിക്കാരെയോ വേണ്ട വിധത്തിൽ അംഗീകരിക്കുകയോ മാനിക്കുകയോ ചെയ്തിട്ടില്ല. ഞാൻ അവന് വീട് വച്ചു കൊടുത്തു. നാല് തിരഞ്ഞെടുപ്പിൽ ഇഷ്ടം പോലെ പൈസ മുടക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വന്ന് പണം ചോദിച്ചു. കൊടുത്തു, ഭൂമി വിറ്റാണ് പണം കൊടുത്തത്. നല്ലൊരു ബിസിനസ് ഇട്ടുകൊടുത്തു. അത് അവൻ നശിപ്പിച്ചു. ഞാൻ അവനിൽ നിന്ന് സ്‌നേഹം അന്വേഷിച്ച് പോയിട്ടില്ല. പക്ഷേ, അവന്റെ ഈ സ്‌നേഹമില്ലായ്മയിൽ വലിയ വിഷമമുണ്ട്. എന്റെ മക്കൾക്ക് ആവശ്യത്തിന് ഭൂസ്വത്ത് നൽകിയിട്ടുണ്ട്. രണ്ട് വീടുണ്ടായിരുന്നത് രണ്ട് പെൺമക്കൾക്കായി നൽകി. എസ്റ്റേറ്റുണ്ടായിരുന്നതും നൽകി. ഗണേശിന് നല്ലവാടക ലഭിക്കുന്ന സ്ഥലം കൊടുത്തു.
- താങ്കളിൽ നിന്ന് ഗണേശ് അകലാൻ കാരണം എന്താണ്?
എന്റെ തണലിൽ നിന്നല്ല, സ്വന്തമായി ജീവിക്കാൻ കഴിയും എന്ന തോന്നലുണ്ടായി കാണും. അതിനുള്ള കഴിവുണ്ടെന്ന് തോന്നിക്കാണും.
- താങ്കൾ വഴിയല്ലേ ഗണേശ് രാഷ്ട്രീയത്തിലേക്ക് വരുന്നത്?
തനിച്ച് വരാനുള്ള രാഷ്ട്രീയ പാരമ്പര്യമൊന്നും അവനില്ലല്ലോ? പത്തനാപുരം നിയോജക മണ്ഡലത്തിൽ ഞങ്ങൾക്കൊരു സ്ഥാനാർത്ഥിയുണ്ടായിരുന്നു. അദ്ദേഹം വിട്ടുപോയി. ആ സമയത്ത് കരുണാകരൻ ഗണേശിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ഒരു ശ്രമം നടത്തി. പക്ഷേ നടന്നില്ല. പത്തനാപുരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടായി. അപ്പോഴാണ് ഗണേശിന്റെ പേര് പരിഗണിക്കുന്നത്. ഞാനല്ല ഗണേശിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് എന്ന് ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെങ്കിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല.
- പാർട്ടി വളർത്താൻ താങ്കൾ സ്വത്ത് മുഴുവൻ വിറ്റതായി കേട്ടിട്ടുണ്ടല്ലോ?
ശരിയാണ്, എന്റെ ഭൂസ്വത്തിന്റെ 90 ശതമാനവും വിറ്റു. തമിഴ്‌നാട്ടിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ടായിരുന്നു. അതെല്ലാം വിറ്റു. കൊട്ടാരക്കരയിൽ 18 ഏക്കർ സ്ഥലമുണ്ടായിരുന്നു. അതും വിറ്റു. ഇനി വിൽക്കാൻ അധികമൊന്നുമില്ല. എല്ലാം പാർട്ടിക്ക് വേണ്ടി ആയിരുന്നു. ഭൂരപരിഷ്‌ക്കരണം വന്നപ്പോൾ കുറേ പോയി. എല്ലാവരും പത്ത് സെന്റ് വീതം കൊടുത്തപ്പോൾ ഞാൻ ഒരേക്കറാണ് കൊടുത്തത്. അതുകൊണ്ടാണ് അവർ പലരും എന്നോടൊപ്പം ഇപ്പോഴും നിൽക്കുന്നതും.
(തുടരും)