തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുന്നത് എൽഡിഎഫോ? യുഡിഎഫോ? മറുനാടൻ മലയാളി നടത്തിയ ജനകീയ സർവ്വേ ഫലത്തിന്റെ ആദ്യ ഭാഗം നാളെ പ്രസിദ്ധീകരിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും നടത്തിയ സർവ്വേയുടെ ഫലമാണ് നാളെ പുറത്ത് വിടുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും സന്ദർശിച്ച് സാമ്പിൾ സർവ്വേ നടത്തി കണ്ടെത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റിപ്പോർട്ട് പുറത്ത് വരിക. ഓരോ മണ്ഡലങ്ങളിലും ഏത് കക്ഷിക്കാണ മുൻതൂക്കം എന്ന് കണ്ടെത്തുകയാണ് മറുനാടൻ സർവേയുടെ ലക്ഷ്യം. ഇത് ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള ചൂണ്ടുപലകയായി മാറുമെന്നും പ്രതീക്ഷിക്കാം.

കേരളത്തിൽ തന്നെ ഏറ്റവും അധികം ജനപങ്കാളിത്തം ഉള്ള സർവേയാമ് മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ നടത്തിയത്. കോഴിക്കോട് ആസ്ഥാനമായ യംഗ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ചാണ് മറുനാടൻ സർവേ നടത്തുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളും സന്ദർശിച്ച് കുറഞ്ഞത് 25,000 പേരുടെ എങ്കിലും അഭിപ്രായം എടുത്ത് ആദ്യത്തെ സമഗ്ര സർവേ നടത്തുന്നത്. ആദ്യഘട്ടത്തിൽ മലബാറിലെ നാല് ജില്ലകളിലാണ് സർവേ നടത്തിയത്. ഇവിടങ്ങളിലെ സർവേഫലമാണ ്‌നാളെ പുറത്തുവിടുന്നത്.

വടക്കെ മലബാറിലെ 32 മണ്ഡലങ്ങൾ ആർക്കൊപ്പം? മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമോ? ഉദുമയുടെ മനസ്സുകവരാൻ കെ.സുധാകരന് ആവുമോ, ഇരിക്കുറിൽ കെ.സിയുടെ അവസ്ഥയെന്താണ്, നികേഷും ഷാജിയും ഏറ്റുമുട്ടുന്ന അഴീക്കോട് ആരെ തുണക്കും, ശ്രേയംസ് കുമാർ അട്ടിമറിക്കപ്പെടുമോ തുടങ്ങിയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലെ ഏകദേശ ചിത്രവും നാളെ പുറത്തുവിടും.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടച്ചൂടിന്റെ സത്യസന്ധവും നിഷ്പക്ഷവുമായ ജനകീയ അഭിപ്രായം. ഓരോ മണ്ഡലത്തിലെയും സുപ്രധാന നഗരത്തിലെയും ഗ്രാമങ്ങളിലെയും തിരക്കേറിയ സ്ഥലങ്ങളിൽ നിന്നുമാണ് അഭിപ്രായ സാമ്പിൾ സ്വരൂപിക്കുന്നത്. ഒരു മണ്ഡലത്തിൽ നിന്നും ചുരുങ്ങിയത് 200 പേരുടെയെങ്കിലും അഭിപ്രായങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ 140 മണ്ഡലങ്ങളിലും വ്യക്തമായ രൂപത്തിൽ അഭിപ്രായ സമന്വയം നടത്തുന്നുണ്ട്. ഓരോ വ്യക്തിയോടും നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയാണ് സർവേയുടെ ശൈലി.

കേരളത്തിലെ നിർണ്ണായക രാഷ്ട്രീയ ശക്തികളായ മുസ്സിംലീഗിനെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് മറുനാടൻ സർവേയിൽ നാളെ ഫലം പുറത്തുവിടുന്ന നാ്‌ല് ജില്ലകൾ. കാസർകോട്ടാണെങ്കിൽ ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ തന്നെയാണ് ഈ മണ്ഡലങ്ങളിലെ സർവേഫലത്തെ കാത്തിരിക്കുന്നത്.

കേരളം ആർക്കൊപ്പം നിൽക്കും എന്നത് തന്നെയാണ് സർവ്വെയിലെ പ്രധാന ചോദ്യം. മറ്റ് സർവ്വെകളെ പോലെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ആളുകളെ കുഴപ്പിക്കാനോ സമയം കളയാനോ നിൽക്കാതെ ആർക്ക് വോട്ട് ചെയ്യും എന്നതടക്കമുള്ള വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടോ? വികസനം വോട്ടാകുമോ? എത്രയിടത്ത് ബിജെപി അക്കൗണ്ട് തുറക്കും? ഇത്തവണ വീഴുന്ന വന്മരങ്ങൾ ഏതൊക്കെ.... തുടങ്ങി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരസൂചിക കൂടിയാകും മറുനാടൻ സർവേഫലം.