- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
68.1 ശതമാനം പേരും പ്രവചിക്കുന്നത് യുഡിഎഫ് ഭരണം; ഇടതിന് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബഹുഭൂരിപക്ഷവും; പൂഞ്ഞാറിൽ പിസി ജോർജ്ജും കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിക്കും വിജയം; ഷാഫിയും ബൽറാമും ശതമാനക്കണക്കിൽ ഏറെ മുന്നിൽ; ഫിറോസ് കുന്നും പറമ്പിലിന് അട്ടിമറി ജയം; മറുനാടൻ ഓൺലൈൻ സർവ്വേയും തള്ളിക്കളയുന്നത് ഭരണതുടർച്ചാ വാദങ്ങൾ
തിരുവനന്തപുരം: 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടന്റെ ഓൺലൈൻ സർവ്വേ പങ്കുവച്ച വികാരം 99.99 ശതമാനം കിറുകൃത്യമായിരുന്നു. പിസി ജോർജിന്റേയും വീണാ ജോർജിന്റേയും അട്ടിമറികൾ പോലും പ്രവചിച്ചു. അതുകൊണ്ടാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മറുനാടൻ മലയാളിയുടെ സർവ്വേ ഫലവും ഏതാണ്ട് അടുത്തു വന്നു. 16 സീറ്റുകൾ യുഡിഎഫ് നേടുമെന്ന് വ്യക്തമാക്കി. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗ വികാരം കൃത്യമായി തന്നെ പ്രതിഫലിച്ചു. ഇത്തവണയും ഓൺലൈൻ സർവ്വേയിൽ മറുനാടൻ നടത്തിയ ഫലം ജനവികാരത്തിന്റെ പ്രതിഫലനമാകുമെന്നാണ് സൂചന.
ആർക്കായിരിക്കും ഭരണമെന്നതായിരുന്നു ഓൺലൈൻ സർവ്വേയിലെ ആദ്യ ചോദ്യം. ഇതിനോട് 68.1 ശതമാനം പേരും പ്രതികരിച്ചത് ഭരണ തുടർച്ച ഇല്ലെന്ന തരത്തിലാണ്. അതായത് അവർ പറയുന്നത് ഭരണം യുഡിഎഫിനാകുമെന്നാണ്. പിണറായിയുടെ ഭരണം വീണ്ടും വരുമെന്ന് കരുതുന്നത് വെറും 31.1 ശതമാനമാണ്. മറുനാടൻ എക്‌സിറ്റ് പോൾ പങ്കുവയ്ക്കുന്ന വികാരമാണ് ഭരണ തുടർച്ച ഉണ്ടാകില്ലെന്നത്. ഇത് ഇവിടെ പ്രേക്ഷകരും ശരിവയ്ക്കുന്നു. 2016ൽ മറുനാടൻ സർവ്വേയിൽ 78.8 ശതമാനം പേരും പങ്കുവച്ചത് ഇടതു ഭരണം വരുമെന്നായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഇത്തവണ മറിച്ച് ചിന്തിക്കുകയാണ് വായനക്കാർ.
ഇടതുപക്ഷത്തിന് 70 സീറ്റിൽ കൂടുതൽ നേടാനാകില്ലെന്നതാണ് സർവ്വേയുടെ വികാരം. 66.08 ശതമാനം പേരും 70ന് മുകളിൽ സീറ്റ് നൽകുന്നില്ല. മത്സരം കടുപ്പമുള്ളതാണെന്ന് തന്നെയാണ് യുഡിഎഫിന് കി്ടടുന്ന വോട്ടിംഗിലേയും കണക്ക്. 33.08 പേർ കോൺഗ്രസ് മുന്നണിക്ക് 70 വരെ സീറ്റ് നൽകുമ്പോൾ. ബാക്കിയുള്ളവരെല്ലാം കേവല ഭൂരിപക്ഷം നേടുമെന്ന് കരുതുന്നവരാണ്. അതായത് യുഡിഎഫ് മുന്നേറ്റമാണ് കൂടുതൽ പേരും പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് കി്ട്ടുമെന്ന് പ്രതീക്ഷിക്കുന്നവരാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗവും. 57.9 ശതമാനം പേർ ഈ കാറ്റഗറിയിൽ വോട്ട് ചെയ്തു.
എന്നാൽ സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടുമെന്ന് പറയുന്നവരാണ് ഏറെയും. 53.1 ശതമാനം പേർ സിപിഎമ്മിന് കൂടുതൽ സീറ്റ് നൽകുന്നു. 45.4 ശതമാനം പേർക്ക് കോൺഗ്രസ് കൂടുതൽ സീറ്റ് കിട്ടുമെന്ന വിശ്വാസമാണുള്ളത്. അതായത് മുന്നണിയുടെ കരുത്തിൽ യുഡിഎഫ് കേരളം പിടിക്കുമെന്ന വിലയിരുത്തലാണുള്ളത്. മുസ്ലിം ലീഗിന്റെ പ്രകടനത്തിൽ കൂടി വിശ്വാസം അർപ്പിക്കുകയാണ് അവർ.
ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ പിസി ജോർജിനൊപ്പമാണ് സർവ്വേ. സർവ്വേയിൽ പങ്കെടുത്ത 65.6 ശതമാനം പേരും പിസി ജോർജ് ജയിക്കുമെന്ന് പറയുന്നു. ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 14.9 ശതമാനം വോട്ടാണ് കിട്ടുന്നത്. കോൺഗ്രസിന്റെ ടോമി കല്ല്യാനിക്ക് 19.2ശതമാനവും. അതായത് എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നതാണ് പിസി ജോർജിന്റെ ഓൺലൈൻ സർവ്വേയിലെ പ്രകടനം. ക്രൈസ്തവ-ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ഇവിടെ ചർച്ചയാകുന്നതും.
കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിക്കൊപ്പമാണ് ഫലം. ഡോ സുജിത്ത് പി സുരേന്ദ്രൻ ജയിക്കുമെന്ന് 51 ശതമാനം പേർ പറയുന്നു. 33.3 ശതമാനം പേർ എൽഡിഎഫിന്റെ പിവി ശ്രീനിജന് ഒപ്പമാണ്. യുഡിഎഫിന്റെ വിപ സജീന്ദ്രന് 15 ശതമാനം പേരും ഓൺലൈൻ സർവ്വേയിൽ വോട്ട് ചെയ്യുന്നു. അതായത് സിറ്റിങ് എംഎൽഎയ്ക്ക് മതിയായ പിന്തുണ ഓൺലൈൻ സർവ്വേയിൽ കിട്ടുന്നില്ല. കിറ്റക്‌സ് ഗ്രൂപ്പ് നയിക്കുന്ന ട്വന്റി ട്വന്റിക്ക് സോഷ്യൽ മീഡിയിയയിൽ കിട്ടിയ അംഗീകാരത്തിന് കൂടി തെളിവാണ് ഈ ഫലം.
നേമത്ത് കെ മുരളീധരൻ ജയിക്കുമെന്നാണ് പ്രവചനം. അതിശക്തമായ മത്സരം നടക്കുന്ന നേമത്ത് കെ മുരളീധരന് 43.5 ശതമാനം പേർവോട്ട് ചെയ്തു. ബിജെപിയുടെ സിറ്റിങ് സീറ്റിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്ന കുമ്മനം രാജശേഖരന് 41.3 ശതമാനം പേർ വോട്ട് ചെയ്യുന്നു. ശിവൻകുട്ടി മൂന്നാം സ്ഥാനത്തും. ഓൺലൈൻ സർവ്വേ ഫലം ശരിയാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ അട്ടിമറിയായി അതു മാറും. കഴിഞ്ഞ തവണ യുഡിഎഫ് ഈ മണ്ഡലത്തിൽ മൂന്നാമതായിരുന്നു.
പാലക്കാട് ഷാഫി പറമ്പിൽ ഏറെ മുന്നിലാണ്. 68.5 ശതമാനം പേരാണ് ഷാഫിക്ക് വോട്ട് ചെയ്തത്. ബിജെപിയുടെ ഇ ശ്രീധരന് 28.7 ശതമാനം വോട്ട്. ഈ നിലയിൽ പോളിങ് എത്തിയാൽ വമ്പൻ ഭൂരിപക്ഷത്തിന് പാലക്കാടു നിന്ന് ഷാഫി പറമ്പിൽ ജയിക്കും. മഞ്ചേശ്വരത്ത് ബിജെപിക്കാണ് കൂടുതൽ വോട്ട്. ഇവിടെ കെ സുരേന്ദ്രന് അനുകൂലമാണ് ഓൺലൈൻ സർവ്വേ ഫലം. തൃശൂരിൽ പത്മജാ വേണുഗോപാലിനും വിജയം പറയുന്നു. ഇവിടെ സുരേഷ് ഗോപി രണ്ടാമതാണ്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് വി എസ് ശിവകുമാറിന് അനൂലമാണ് സർവ്വേ ഫലം. ബിജെപിയുടെ കൃഷ്ണകുമാർ രണ്ടാമതാണ്. ആന്റണി രാജുവാണ് മൂന്നാം സ്ഥാനത്ത്. കൈപ്പമംഗലത്ത് ശോഭാ സുബിൻ അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം. 61.3 ശതമാനം പേരാണ് ശോഭാ സുബിന് വോട്ട് ചെയ്യുന്നത്. ടൈസൻ മാഷിന് 37.6 ശതമാനം പേരും.
കുണ്ടറയിൽ പിസി വിഷ്ണുനാഥും അമ്പലപ്പുഴയിൽ എം ലിജുവും ജയിക്കുമെന്നാണ് പ്രവചനം. തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനൊപ്പമാണ് ഓൺലൈൻ സർവ്വേ. കൊല്ലത്ത് ബിന്ദു കൃഷ്ണയും. 82 ശതമാനത്തിൽ അധികം വോട്ട് ബിന്ദു കൃഷ്ണയ്ക്കുണ്ട്. അതായത് ഇവിടെ നടൻ മുകേഷ് ഓൺലൈൻ സർവ്വേയിൽ ഏറെ പിന്നിലാണ്.
കളമശ്ശേരിയിൽ സിപിഎമ്മിന്റെ പി രാജീവിനാണ് വിജയം പ്രവചിക്കുന്നത്. വടകരയിൽ കെകെ രമ ജയിക്കുമെന്ന് 82 ശതമാനത്തിൽ അധികം പേരും വിലയിരുത്തുന്നു. കൽപ്പറ്റയിൽ ടി സിദ്ദിഖിന് അനുകൂലമാണ് വിധി. പാലായിൽ ജോസ് കെ മാണി തോൽക്കുമെന്നും പറയുന്നു. ഇവിടെ 60.6 പേരും പറയുന്നത് മാണി സി കാപ്പന്റെ വിജയമാണ്. ഒറ്റപ്പാലത്ത് പി സരിൻ കോൺഗ്രസിനായി അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം. ഉദുമയിൽ സിപിഎം സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പു വിജയിക്കുമെന്നാണ് വിലയിരുത്തൽ.
തൃത്താലയിൽ വിടി ബൽറാം ജയിക്കുമെന്നാണ് സർവ്വേയിൽ പങ്കെടുത്ത 83.1 ശതമാനം പേരുടേയും വിലയിരുത്തൽ. തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ ജയിക്കുമെന്നാണ് പ്രവചനം.
മറുനാടന് മലയാളി ബ്യൂറോ