കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകൻ വി എം വിനുവിന്റെ സംവിധാനത്തിൽ റഹ്മാനും ഭാമയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മറുപടിയുടെ ട്രെയിലർ പുറത്തിറങ്ങി.വർഷങ്ങൾക്ക് മുൻപ് ഉത്തരേന്ത്യയിലെ ഒരു ജയിലിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തനിക്കെതിരെയുള്ള ഒരു കേസിൽ ആരും തുണയില്ലാതെ നീതിക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

ഭാമ ഇതുവരെ ചെയ്ത ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ബോൾഡ് ആയ കഥാപാത്രത്തെയാണ് മറുപടിയിൽ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ യുവതാരമായിരുന്ന റഹ്മാന്റെ സജീവമായ തിരിച്ചുവരവിനു വഴിവെക്കുന്ന ചിത്രം കൂടിയായിരിക്കും മറുപടിയെന്നാണ് പറയുന്നത്.

ചിത്രത്തിൽ റഹ്മാന്റെയും ഭാമയുടെയും മകളായി എത്തുന്നത് ബേബി നയൻതാരയാണ്. ജനാർദ്ദനൻ,ടെസ്സ,സന്തോഷ് കീഴാറ്റൂർ,വത്സല മേനോൻ, അഞ്ജലി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ വിവിധ റോളുകളിലെത്തുന്നുണ്ട്. ബംഗാളി നടൻ സുദീപ് മുഖർജിയും പ്രധാനപ്പെട്ട വേഷത്തിലുണ്ട്.വിജയ് ചിത്രം കത്തിയിൽ അഭിനയിച്ച സുദീപ് മുഖർജിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് മറുപടി. ജൂലിയാന അഷ്‌റഫ് തിരക്കഥ രചിച്ചിരിക്കുന്നു.