- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നിരത്തിൽ 'ജിപ്സി'യുടെ പിൻകാമിയാകാൻ 'ജിംനി'; ബോക്സി രൂപത്തിൽ ഗുരുഗ്രാമിലെ സുസുക്കി നിർമ്മാണ ശാലയിൽ ഒരുങ്ങുന്നു; ഇന്ത്യയിലെ 'നെക്സ' ഷോറൂമുകളിൽ അടുത്ത വർഷം കണ്ടേക്കാം; 'ജിപ്സി' പിൻവലിക്കുമ്പോൾ മാരുതി നൽകിയ വാക്ക് പാലിക്കുമെന്ന പ്രതീക്ഷയിൽ വാഹനപ്രേമികൾ
ന്യൂഡൽഹി: ജിപ്‌സി എന്നാൽ കരുത്തിന്റെ പ്രതീകമാണ് നമുക്ക്. എസ്യുവി നിരയിൽ കരുത്തും മികവും കൂടിയ പല മോഡലുകളും രാജ്യത്ത് അവതരിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന് ഇപ്പോഴും പ്രിയം മാരുതി ജിപ്‌സി തന്നെ. പുതിയ എസ്യുവികളിൽ കാണപ്പെടുന്ന എസി, പവർ വിൻഡോ, പവർ സ്റ്റിയറിങ് പോലുള്ള ആഡംബര സൗകര്യങ്ങൾ പോയിട്ട് അവശ്യസൗകര്യങ്ങൾ പോലും ജിപ്‌സിയിലില്ലെന്നു പറയാം. യാത്രാസുഖം, രൂപഭംഗി എന്നിവയുടെ കാര്യത്തിലും അത്ര കേമനല്ല ഈ മുൻകാല എസ്യുവി പ്രതാപി. ഇത്രയൊക്കെ പോരായ്മകൾക്കു നടുവിലും ഇന്ത്യൻ സൈന്യം ഈ മോഡൽ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
1985 -ലാണ് ഇന്ത്യൻ സൈന്യത്തിനു തുണയായി മാരുതി ജിപ്‌സിയെത്തുന്നത്. അന്നുമുതൽ ഇന്നുവരെ സൈന്യത്തിന്റെ പ്രിയവാഹനമായി തുടരുന്നതിനു കാരണം ഒന്നേയുള്ളു - ജിപ്‌സിയുടെ ഓഫ് റോഡ് മികവ്. ചെങ്കുത്തായ കയറ്റവും മുട്ടുമടക്കുന്ന ഈ മുൻകാല പ്രതാപിയെ എടുത്തുയർത്തി നിലത്തിട്ടാലും തകരില്ല. അത്ര കരുത്തുറ്റതാണു ജിപ്‌സിയുടെ ബോഡി. യുദ്ധമുന്നണിയിൽ സൈന്യത്തെ ആകാശമാർഗം വിഹരിക്കേണ്ടിവരുമ്പോഴും സൈന്യത്തിനു മുൻപിലുള്ള ഏറ്റവും നല്ല ഓപ്ഷനും ജിപ്‌സി തന്നെ. അത്യാവശ്യ സൗകര്യങ്ങൾ മാത്രം നൽകുന്ന ജിപ്‌സിക്കു മറ്റു എസ്യുവികളെ അപേക്ഷിച്ചു ഭാരം കുറവാണ്.
രാജ്യത്തെ വാഹനപ്രേമികളെ ഏറെ മോഹിപ്പിച്ച, ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ഒന്നായിരുന്നു ജിപ്‌സി. പൊതുവിപണിയിൽ അവതരിപ്പിക്കപ്പെട്ട് വളരെ വേഗം പ്രചാരം നേടിയെങ്കിലും ഇന്ത്യൻ നിരത്തുകളിൽ നിന്നും ജിപ്‌സി പിന്നീട് പിൻവലിക്കപ്പെട്ടു. ഇന്ത്യൻ നിരത്തുകളിൽ നിന്ന് 'ജിപ്സി' പിൻവലിക്കുമ്പോൾ മാരുതി നൽകിയ വാക്കാണ് ജിപ്സിയെക്കാൾ കരുത്തനായി 'ജിംനി' എത്തിക്കുമെന്ന്. ആ ഉറപ്പ് ഉറപ്പായി നിൽക്കുകയാണെന്നു മാത്രം. ഇപ്പോൾ ഹരിയാണയിലെ ഗുരുഗ്രാമിലെ സുസുക്കി നിർമ്മാണ ശാലയിലും ജിംനി നിർമ്മിക്കുന്നുണ്ട്. കടൽ കടന്ന് പോകാനാണെന്നു മാത്രം.അതിനിടെയാണ് പുതിയ അഞ്ചു സീറ്റർ ജിംനി പുറത്തിറക്കുമെന്ന പ്രഖ്യാപനം വന്നത്. എന്നാൽ, ഇപ്പോൾ 'ജിംനി'യുടെ അഞ്ചു സീറ്റർ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് സുസുക്കി ഇപ്പോൾ.
ഒരുപക്ഷേ, അടുത്ത വർഷം ജിംനിയെ ഇന്ത്യയിലെ 'നെക്സ' ഷോറൂമുകളിൽ കണ്ടേക്കാമെന്ന പാതി ഉറപ്പും അവർ നൽകുന്നുണ്ട്. ജിംനിയെക്കുറിച്ച് വാഹനലോകത്ത് ചർച്ച തുടങ്ങിയിട്ട് കാലം കുറേയായി. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ഓട്ടോ ഷോയിൽ കൊണ്ടുവന്ന് മോഹിപ്പിക്കുകയും ചെയ്തു. വിലയും വരവിന്റെ ദിവസവുമായിരുന്നു എല്ലാവർക്കും അറിയേണ്ടത്. എന്നാൽ, അവിടെ എല്ലാവരും ചിരിച്ചൊഴിഞ്ഞു, 'വരും' എന്ന് ഉറപ്പും നൽകി.
ഈ വർഷം നടക്കുന്ന ടോക്കിയോ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് ഷോ റദ്ദാക്കി. ജിംനിയുടെ ഫെയ്‌സ് ലിഫ്റ്റിന്റെയും പുതിയ അഞ്ചു സീറ്റർ ജിംനിയുടേയും പ്രദർശനം അടുത്ത വർഷത്തേക്കാണ് മാറ്റിയത്. ടർബോ എൻജിനോട് കൂടിയ മൂന്നു ഡോർ പതിപ്പും ഇതിനൊപ്പം പ്രദർശിപ്പിക്കും.
യൂറോപ്യൻ മലീനികരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്കായി കഴിഞ്ഞ വർഷം ജിംനിയെ കമ്പനി യൂറോപ്യൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ചിരുന്നു. പുതിയ മോഡലും അഞ്ചു സീറ്റർ മോഡലും ഒരുമിച്ചാകും എത്തുന്നത്. അഞ്ചു സീറ്റർ മോഡലിൽ 1.5 ലീറ്റർ പെട്രോൾ എൻജിനും ചെറിയ മോഡലിന് 1.4 ലീറ്റർ ടർബോ എൻജിനുമാകും വരുന്നത്. നാലു മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിനെന്നാണ് അറിയുന്നത്. ഇതായിരിക്കും ഇന്ത്യയിലേക്ക് വരുന്നതെന്നാണ് റിപ്പോർട്ട്.
3,850 എ.എം. നീളവും 1,645 എം.എം. വീതിയും 1,730 എം.എം. ഉയരവും 2,550 എം.എം. വീൽബെയ്‌സുമുണ്ടാകും. യൂറോപ്യൻ വിപണികളിൽ ഈ വർഷം പകുതിയോടെ ജിംനിയുടെ ലോങ് വീൽ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ഇതിനു പിന്നാലെ ഈ വർഷം ഒടുവിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ ജിംനിയെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ബോക്സി രൂപത്തിലാണ് ജിംനി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ് ലാമ്പ്, വീതിയുള്ള വീൽ ആർച്ച്, അലോയി വീൽ, ഹാച്ച്‌ഡോറിൽ നൽകിയിട്ടുള്ള സ്റ്റെപ്പിനി ടയർ, ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസി, എയർ ബാഗ്, എ.ബി.എസ്., ഇ.എസ്‌പി, പവർ സ്റ്റീയറിങ്, റിവേഴ്‌സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവയാണ് ജിംനിയെ സ്റ്റൈലിഷാക്കുന്നത്.103 ബി.എച്ച്.പി. പവറും 138 എൻ.എം. ടോർക്കും ഏകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിംനിക്ക് കരുത്തേകുകയെന്നാണ് റിപ്പോർട്ട്.
ഫോർ വീൽ ഡ്രൈവ് സംവിധാനത്തിലെത്തുന്ന ഈ വാഹനത്തിൽ അഞ്ച് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ട്രാൻസ്മിഷൻ ഒരുക്കും.ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പ് ഹിറ്റാണ്. കയറ്റുമതിക്കായാണ് ജിംനിയുടെ അസംബ്ലിങ് ഹരിയാണയിലെ ഗുരുഗ്രാമിലുള്ള നിർമ്മാണശാലയിൽ ആരംഭിച്ചത്. തുടക്കത്തിൽ രാജ്യാന്തര വിപണിക്കും അതിനുശേഷം ഇന്ത്യൻ വിപണിക്കുമായുള്ള ജിംനി ഇന്ത്യയിൽനിന്ന് പുറത്തിറങ്ങും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും ഇന്ത്യയിൽ വിൽപ്പന.
ന്യൂസ് ഡെസ്ക്