ന്യൂഡൽഹി: ഒരു ലിറ്റർ പെട്രോളിന് കാറിൽ 48 കിലോമീറ്റർ മൈലേജ്. വിശ്വസിക്കാൻ പ്രയാസം തന്നെ. എന്നാൽ, അത്തരത്തിലൊരു കാറിനാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ മാരുതി രൂപംകൊടുക്കുന്നത്.

48.2 കിലോമീറ്റർ മൈലേജ് എന്ന വാഗ്ദാനവുമായി പുതിയ സ്വിഫ്റ്റ് അവ തരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. ഡൽഹിയിൽ ഇന്റർ നാഷണൽ ഗ്രീൻ മൊബിലിറ്റി എക്‌സ്‌പോയിൽ അവതരിപ്പിച്ച ഈ ഹൈബ്രിഡ് മോഡലിന്റെ പേര് സ്വിഫ്റ്റ് റേഞ്ച് എക്സ്റ്റൻഡന്റ് എന്നാണ്.

കാറിന് മൂന്ന് മോഡലുകളാണുള്ളത്. സീരീസ് ഹൈബ്രിഡ് മോഡലിൽ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോറിനെ പ്രവർത്തിപ്പിക്കുന്ന ലിതിയം അയൺ ബാറ്ററി ചർജ് ചെയ്യും.

ഇലക്ട്രിക് മോട്ടോറിനെ പ്രവർത്തിക്കാനുള്ള വൈദ്യുതി സ്രോതസായിട്ടകും പെട്രോൾ എൻജിൻ പ്രവർത്തിക്കുക എന്നതാണ് പ്രത്യേകത. പാരലൽ ഹൈബ്രിഡ് മോഡലിൽ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരേസമയം പ്രവർത്തിച്ച് വാഹനത്തെ കുതിപ്പിക്കും. മൂന്നാമത്തെ മോഡൽ സമ്പൂർണ ഇലക്ട്രിക് മോഡലാണ്. ഹാച്ച്ബാക്ക് മോഡലിലുള്ള ഈ കാറിന് 1600 കിലോ ഭാരമുണ്ടാകും. പുഷ് സ്റ്റാർട്ട് ബട്ടനും, ഇൻഫോറ്റെയിന്മെന്റ് സിസ്റ്റവുമൊക്കെയുള്ള കാർ 200 വോൾട്ട് സോക്കറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതിയുടെ അടുത്തകാലത്തെ ഹിറ്റ് കാറുകളിലൊന്നായ സ്വിഫ്റ്റ് പരിഷ്‌കരിച്ച് ഇന്ധനക്ഷമത ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൈലേജു കൂടുമ്പോൾ പവർ കുറയുമെന്ന വാഹന പ്രേമികളുടെ സംശയങ്ങൾക്ക് 653 സിസി പെട്രോൾ എഞ്ചിനൊപ്പം സ്‌പെയർ ചെയ്തിരിക്കുന്ന മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോർ മറുപടി നൽകും. കാറിനു 73 ബിഎച്ച്പി പവറാണ് എൻജിൻ നൽകുക.

ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, പുഷ് സ്റ്റാർ, സ്റ്റോപ് ബട്ടൻ, റിമോട്ട് കീലെസ് സംവിധാനം, ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ. പൈലറ്റ് പ്രോജക്ടായി പരീക്ഷണാടിസ്ഥാനത്തിൽ എത്തുന്ന സ്വിഫ്റ്റ് റേഞ്ച് എക്സ്റ്റന്റർ ഇന്ത്യൻ സർക്കാരിന് വേണ്ടിയാണ് മാരുതി തയാറാക്കുന്നത്. അതായത് ഈ കാർ ജനങ്ങളിലേക്ക് എത്താൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.