- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ജീവൻ രക്ഷപ്പെട്ടതിനാൽ അള്ളാഹുവിനോടുള്ള മനോഭാവത്തിന് മാറ്റമാവട്ടെ; കാളവണ്ടി പോരായിരുന്നോ, എന്തിനാണ് ഓട്ടോയിൽ കയറിയത്; ഇതാണ് കെ റെയിൽ വേണമെന്ന് പറയുന്നത്; വാഹനാപകടത്തിൽ പരിക്കേറ്റ എം എൻ കാരശ്ശേരിയെ അപഹസിച്ച് മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും
കോഴിക്കോട്: സൈബർ ആക്രമണങ്ങൾ ഏറെയും കണ്ടവരാണ് മലയാളികൾ. എന്നാൽ ഒരാൾ വാഹനാപകടത്തിൽ പെട്ടതിന്റെ പേരിൽ സൈബർ ആക്രമണം ഉണ്ടാവുക എന്ന അത്യപൂർവതയാണ്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ എം എൻ കാരശ്ശേരിക്കുനേരെ ഉണ്ടായത്. എം എൻ കാരശ്ശേരി കെ റെയിലിനെ വിമർശിക്കുന്നതിന്റെ പേരിലും, പൊളിറ്റിക്കൽ ഇസ്ലാമിനെ വിമർശിക്കുന്നതിന്റെ പേരിലുമുള്ള വൈരാഗ്യം അവർ വാഹനാപകടം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ എഴുതി തീർക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേത്. അദ്ദേഹം സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. ഡ്രൈവർക്ക് പെട്ടന്ന് തല കറങ്ങിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
എന്നാൽ ഈ വാർത്ത പുറത്തുവന്നപ്പോൾ മുതൽ ചില ഇസ്ലാമിസ്റ്റുകളും സൈബർ സഖാക്കളും ഹേറ്റ് കമന്റിട്ട് ആഘോഷിക്കയാണ്. അള്ളാഹുവാണ് കാരശ്ശേരിയുടെ ജീവൻ രക്ഷിച്ചത് എന്നും അതിനാൽ അദ്ദേഹത്തിന് ഇസ്ലാമിനോടുള്ള മനോഭാവത്തിൽ മാറ്റം വരട്ടെ എന്നുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമം പത്രത്തിന്റെ ലിങ്കിന് താഴെ ഒരാൾ ഫേസ്‌ബുക്കിൽ കമന്റ് ഇട്ടത്. വിശ്വാസിയല്ലാത്ത മാഷെ ബോധപൂർവം അപമാനിക്കാനായി 'അള്ളാഹു രക്ഷിച്ചു' എന്ന് ആവർത്തിച്ച് കമന്റിടുകയാണ് ഒരു വിഭാഗം ചെയ്യുന്നത്. ദൈവം അവിശ്വാസിയെയും രക്ഷിക്കുമെന്നും അത് ഓർമ്മ വേണമെന്നും ചില എഴുതുന്നു. ഇനി ഇസ്ലാമിക വിമർശനം നടത്തുന്ന വീഡിയോകൾ ചെയ്യുമ്പോൾ ഇക്കാര്യം ഓർത്തുവെക്കണം എന്നും ചിലർ ഉപദേശിക്കുന്നു. താൻ ഒരു അജ്ഞേയവാദിയാണ് എന്ന് സ്വയം പ്രഖ്യാപിച്ച കാരശ്ശേരി മാസ്റ്റർ ഇസ്ലാമിക മൗലികവാദികളെ നിരന്തരം വിമർശിക്കാറുണ്ട്.
കെ റെയിലിന്റെ പേരിൽ ആക്രമണം
അതുപോലെ തന്നെ സൈബർ സഖാക്കളും കെ റെയിലിനെ എതിർത്തുവെന്ന കാരണത്താൽ കാരശ്ശേരിക്കെതിരെ തിരിയുകയാണ്. 'കാളവണ്ടിയിൽ പോയാൽ പോരായിരുന്നോ എന്തിനാണ് ഓട്ടോയിൽ കയറിയത്' എന്നായിരുന്ന ഒരാളുടെ പരിഹാസം. ഇത്തരം വാഹനാപകടങ്ങൾ കുറക്കുന്നതിനാണ് കെ റെയിൽ വേണമെന്ന് പറയുന്നത് എന്ന് ചിലർ ഉപദേശിക്കുന്നു.
നേരത്തെ പലതവണയും കാരശ്ശേരിക്കുനേരെ സിപിഎം സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇടപെട്ടിട്ടാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എം.എൻ കാരശ്ശേരി മാഷ് ഖണ്ഡിച്ച സമയത്തും സമാനമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോൾ കെ റെയിലിനെ വിമർശിച്ചപ്പോൾ ആ വൈരാഗ്യം അതിന്റെ പാരമ്യത്തിൽ എത്തി.
ജർമ്മനിയിലെ അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത കാരശ്ശേരി കേരളത്തിലെ കെ റയിലിനെ വിമർശിക്കുന്നത് യുക്തിസഹമല്ലെന്നാണ് സിപിഎം സൈബർ സഖാക്കൾ ആരോപിക്കുന്നത്. അപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തോട് നിതാന്തമായി 'പോരാടുന്ന' സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രി പിണറായി അമേരിക്കയിൽ ചികിത്സ തേടുന്ന വിഷയത്തിലും ഇതേ യുക്തി ബാധകമാണോ എന്ന് കാരശ്ശേരി മാഷ് തിരിച്ചടിച്ചിരുന്നു. ഇതിന് തുടർച്ചയായി ഉണ്ടായ വാക്പോരുകളാണ് ഇപ്പോൾ, വാഹനപകട വാർത്തയിലും സൈബർ ആക്രമണത്തിന് ഇടയാക്കുന്നത്.
എന്നാൽ കക്ഷിരാഷ്ട്രീയം നോക്കാത്ത നിഷ്പക്ഷരായ ആളുകളിൽ നിന്ന് വലിയ പിന്തുണയും എം എൻ കാരശ്ശേരിക്ക് ലഭിക്കുന്നുണ്ട്. ഒരു വാഹനാപകടത്തിൽ പോലും വിദ്വേഷം കാണുന്നവർ സമൂഹത്തിന് ബാധ്യതയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.