ണിപ്പൂരിൽ ജനിച്ചതുകൊണ്ട് മാത്രം പക്ഷപാതവും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന ബോക്‌സിങ് ചാമ്പ്യൻ മേരികോമിന്റെ പരാതി അധികൃതരുടെ കണ്ണു തുറപ്പിക്കുമോ? കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിനിടെയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ച് മേരി കോം വംശീയാധിക്ഷേപത്തിന്റേയും പ്രാദേശിക തരംതിരിവുകളുടെയും ദുരനുഭവങ്ങൾ പങ്ക് വച്ചത്.

കാര്യങ്ങൾ വിവരിക്കുന്നതിനിടെ മേരികോമിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു. പൊട്ടിക്കരഞ്ഞ മേരിയെ പി വി സിന്ധു ഉൾപ്പടെയുള്ളവർ ആശ്വസിപ്പിച്ചുവെങ്കിലും കരച്ചിൽ അടക്കാനായില്ല.

മേരികോമിനെ പോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പല താരങ്ങൾക്കും ഇത്തരത്തിൽ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നിട്ടുള്ളതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ അവഗണനകൾക്കും തന്റെ മികച്ച പ്രകടനം കൊണ്ടു മറുപടി കൊടുത്തു ഈ മണിപ്പുർ താരം. എന്നാൽ മുളയിലേ നുള്ളപ്പെട്ട വിവിധ താരങ്ങൾ ഈ മേഖലയിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നതു മേരികോമിന്റെ വെളിപ്പെടുത്തലോടെ തെളിഞ്ഞിരിക്കുകയാണ്.

സെലക്ടർമാർക്ക് പുറമെ റഫറിമാർ പോലും പ്രാദേശിക തരംതിരിവുകൾ പ്രകടമാക്കാറുണ്ട്. സെലക്ടർമാരുടെ അവഗണനക്ക് പുറമെ റഫറിമാരും പക്ഷപാതപരമായി നിലപാടുകളെടുക്കും. റിയോ ഒളിംപിക്‌സിൽ തനിക്ക് പകരം പിങ്കി ജാങ്ക്ര എന്ന ഹരിയാന ബോക്‌സറെ തിരുകി കയറ്റാനാണ് ശ്രമമെന്നും ലണ്ടൻ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവ് ആരോപിച്ചു. എല്ലാ തവണയും പരാജയപ്പെടുത്തിയിട്ടും പിങ്കിക്കാണ് ബോക്‌സിങ് ഭാരവാഹികളുടെ പിന്തുണ. തന്റെ മറുപടി റിംഗിൽ കാണാം എന്ന് മേരി പിന്നീട് പറഞ്ഞു. എത്ര അവഗണന നേരിട്ടാലും താൻ എപ്പോഴും മണിപ്പൂരുകാരിയായിരിക്കുമെന്നും അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം പറഞ്ഞു..

ബോക്‌സിങ് സെലക്ഷൻ, പരിശീലനം സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മേരികോം സങ്കടം നിയന്ത്രിക്കാനാതെ കരഞ്ഞത്. റിങ്ങിനുള്ള ഞാൻ എന്താണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. റിങിന് പുറത്ത് ഏറ്റുമുട്ടാൻ എനിക്ക് ആഗ്രഹമില്ല. സെലക്ഷൻ സമയത്ത് ചിലർ എന്നോട് പെരുമാറുന്ന രീതി എന്നെ മാനസികമായി തളർത്താറുണ്ട്. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ഞാൻ ഒരു വടക്കുകിഴക്കൻ ഇന്ത്യക്കാരിയായതാണ് അതിന്റെ കാരണമെന്ന് അറിയാം. പക്ഷേ, ഞാനും ഇന്ത്യക്കാരിയാണ് - മേരികോം പറഞ്ഞു.

2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മേരികോം വെങ്കലമെഡൽ നേടിയിരുന്നു. ഇവരെ ഒഴിവാക്കിയാണ് കഴിഞ്ഞ തവണ കോമൺ വെൽത്ത് ഗെയിംസിൽ സെലക്ടർമാർ പിങ്കി ജാങ്ക്രേയെ മത്സരിപ്പിച്ചത്.