- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റിങ്ങിനുള്ളിൽവെച്ച് തീരുമാനം അറിഞ്ഞിരുന്നില്ല; 'മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ് ' എന്നു കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; ആ ട്വീറ്റ് കണ്ടപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്; കരച്ചിൽ പിടിച്ചുനിർത്താനായില്ല'; കണ്ണീരണിഞ്ഞ് മേരി കോം
ടോക്യോ: ബോക്സിങ്ങിൽ കൊളംബിയയുടെ ലോറെന വലൻസിയയോട് പരാജയപ്പെട്ട് ഒളിമ്പിക്സിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ താരം മേരി കോം കരഞ്ഞിരുന്നില്ല. പകരം നിറഞ്ഞ ചിരിയോടെ അവർ കാണികളെ അഭിവാദ്യം ചെയ്തു. 38 വയസ്സുകാരിയായ താരം ഒളിമ്പിക്സിനോട് സന്തോഷത്തോടെ യാത്ര പറയുകയാണെന്നായിരുന്നു അപ്പോൾ എല്ലാവരും കരുതിയത്.
എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് അതായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് മേരി കോം. താൻ മത്സരത്തിൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലെത്തി എന്ന സന്തോഷത്തിലായിരുന്നു മേരി കോം. എന്നാൽ പിന്നീട് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ് കണ്ടപ്പോഴാണ് തോറ്റുവെന്ന് ഉറപ്പിച്ചതെന്ന് മേരി കോം പറയുന്നു.
രാജ്യത്തിനായി മെഡൽ നേടാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും മേരി കോം പറഞ്ഞു. മെഡൽ നേടാനാവുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അതിനായി അത്രമാത്രം കഠിനാധ്വാനം ചെയ്യുകയും കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിച്ചു. ഒളിംപിക്സിലെ എന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. എന്നാൽ വലെൻസിയക്കെതിരായ മത്സരം തന്നിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നും ആറ് തവണ ലോക ചാമ്പ്യനും ഒളിംപിക് മെഡൽ ജേതാവുമായി മേരി കോം പറയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടും മൂന്നും റൗണ്ടിൽ നേരിയ മുൻതൂക്കം മേരി കോമിനായിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ കൊളംബിയൻ താരം വലിയ മാർജിനിൽ വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ കൊളംബിയൻ താരത്തിന് അനുകൂലമായാണ് മത്സരഫലം പ്രഖ്യാപിച്ചത്.
എന്നാൽ മേരി കോം ഇതെല്ലാം അറിഞ്ഞത് മത്സരശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ കൊടുക്കാൻ പോകുമ്പോഴായിരുന്നു. പരിശീലകൻ ചോട്ടെലാലിനൊപ്പമാണ് മേരി കോം പോയത്. തോറ്റ വിവരം ചോട്ടെലാലാണ് ഇന്ത്യൻ താരത്തോട് പറഞ്ഞത്. ആ നിമിഷത്തിൽ കരച്ചിൽ പിടിച്ചുനിർത്താനായില്ലെന്നും താരം പറയുന്നു. മത്സരശേഷം ടോക്യോയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേരി കോം.
'റിങ്ങിനുള്ളിൽവെച്ച് തീരുമാനം ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ വിചാരിച്ചത് റഫറി എന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു. റിങ്ങിന് പുറത്തുവന്നപ്പോഴും വിജയിച്ചത് ഞാനാണെന്നായിരുന്നു എന്റെ വിശ്വാസം. തോറ്റു എന്ന് എനിക്കറിയില്ലായിരുന്നു. തുടർന്ന് ഉത്തേജകമരുന്ന് പരിശോധനയ്ക്കായി പോയി. ആ സമയത്ത് ചോട്ടെലാൽ കൂടെയുണ്ടായിരുന്നു. അദ്ദേഹം എന്നോടു സംസാരിച്ചു. എന്നിട്ടു പറഞ്ഞു. 'മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ്.' ഇതോടെ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ വേഗം ഫോണെടുത്ത് നോക്കി. മുൻ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റാണ് ഞാൻ ആദ്യം കണ്ടത്. എന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു ആ ട്വീറ്റ്. അപ്പോഴാണ് യാഥാർഥ്യം എനിക്ക് മനസ്സിലായത്. ഞാൻ ഞെട്ടിപ്പോയി. കരച്ചിൽ പിടിച്ചുനിർത്താനായില്ല.' മേരി കോം വ്യക്തമാക്കുന്നു.
മത്സര ഫലത്തിൽ ആശയക്കുഴപ്പമുണ്ടാകാൻ മറ്റു കാരണങ്ങളുമുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിജയിയുടെ പേര് പ്രഖ്യാപിക്കുമ്പോൾ റഫറിക്ക് കൈ ഉയർത്താൻ പറ്റില്ല. വിജയിയുടെ പേരും ജഴ്സിയുടെ നിറവും പറയുന്നത് ആ നിമിഷത്തിൽ മേരി കോം ശ്രദ്ധിച്ചതുമില്ല. ഇതോടെ രണ്ട് റൗണ്ടിൽ മുൻതൂക്കം നേടിയ താൻ വിജയി ആണെന്ന് മേരി കോമും കരുതി.
കടുത്ത പോരാട്ടത്തിൽ 3-2നാണ് വലെൻസിയ ജയിച്ചതായി വിധികർത്താക്കൾ പ്രഖ്യാപിച്ചത്. മത്സരശേഷം വിധി കർത്താക്കളുടെ തീരുമാനത്തിനെതിരെയും മേരി കോം പ്രതികരിച്ചിരുന്നു.
വിധികർത്താക്കളുടെ തീരുമാനം നിർഭാഗ്യകരമാണെന്നും നാൽപതു വയസുവരെ മത്സരരംഗത്ത് തുടരുമെന്നും മത്സരശേഷം മേരി പറഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തിലെ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. അതുകൊണ്ട് വിധി കർത്താക്കളുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനുമാവില്ല.
ടോക്യോയിൽ നിന്ന് മെഡലുമായി മടങ്ങാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ എവിടെയാണ് പിഴച്ചെതെന്ന് എനിക്കറിയില്ല. ഈ മത്സരം തോറ്റുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല-കണ്ണീരണിഞ്ഞ് മേരി കോം പറയുന്നു.
സ്പോർട്സ് ഡെസ്ക്