ഒക്കലഹോമ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ, ഒക്കലഹോമ സിറ്റിയിലെ മാസ്‌ക് ഓർഡിനൻസ് ഒക്ടോബർ 20 വര നീട്ടുന്നതിന് സിറ്റി കൗൺസിൽ തീരുമാനിച്ചു.

സെപ്റ്റംബർ 2 ചൊവ്വാഴ്ച ചേർന്ന സിറ്റി കൗൺസിൽ യോഗത്തിൽ പൊതുസ്ഥലങ്ങളിലും ഇൻഡോറുകളിലും 11 വയസിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്ന ഓർഡിനൻസിന് അംഗീകാരം നൽകിയത് ഒക്ടോബർ 20 വരെ ഉത്തരവിന്റെ പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. ഓഫീസുകളിലും ഡൈനിങ്ങിലും സ്‌പോർട്‌സിലും പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒക്കലഹോമ സംസ്ഥാനത്തെ സിറ്റികളിൽ ഏറ്റവും കൂടുതൽ കേവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഒക്കലഹോമാ സിറ്റിയിലാണ് . ചൊവ്വാഴ്ച വരെ സിറ്റിയിൽ 11222 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനം ഒട്ടാകെ മാസ്‌ക്ക് ധരിക്കണമെന്ന ഉത്തരവ് നിർബന്ധമാക്കില്ലെന്ന് ഗവർണർ കെവിൻ സ്റ്റിറ്റ പറഞ്ഞു.

ഒക്കലഹോമയിലെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചതും ഓഫീസുകളും വ്യാപാര കേന്ദ്രങ്ങളും ഫാക്ടറികളും തുറന്നു പ്രവർത്തനം തുടങ്ങിയതു വൈറസ് വ്യാപനത്തിന് ഇടയാക്കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.