പാരിസ്: കോവിഡ് പടർന്ന് പിടിച്ചതോടെ മാസ്‌ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്‌ക് ധരിക്കുമ്പോൾ ചിലർക്ക് ശ്വാസം മുട്ടൽ വരെ അനുഭവപ്പെടാറുണ്ട്. ഫ്രാൻസിലാകട്ടെ പ്രസവ സമയത്ത് വരെ സ്ത്രീകൾ മാസ്‌ക് ധരിക്കണമെന്ന നിയമവും പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ, വൻ പ്രതിഷേധത്തെ തുടർന്ന് ഇത് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.

വളരെയധികം വേദന നിറഞ്ഞ പ്രക്രിയയാണ് പ്രസവം. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന ആ അവസ്ഥയിൽ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് ലിംഗനീതിയല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. താത്പര്യമുള്ളവർ മാത്രം പ്രസവസമയത്ത് മാസ്‌ക് ധരിച്ചാൽ മതിയെന്നാണ് ഫ്രാൻസിലെ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ സെക്രട്ടറിയായ അഡ്രിയൻ ടാക്വെറ്റ് അഭിപ്രായപ്പെടുന്നത്.

ഫെയ്‌സ്മാസ്‌ക് ധരിച്ച് പ്രസവത്തിനായി കയറ്റിയ തനിക്ക് പിന്നീട് ശ്വാസംമുട്ടലുണ്ടായതോടെ മാസ്‌ക് നീക്കി ഓക്സിജൻ നൽകേണ്ടി വന്നതായി ഒരു യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണൽ കോളേജ് ഒഫ് ഫ്രെഞ്ച് ഗൈനക്കോളജിസ്റ്റ്സ് ആൻഡ് ഒബ്സ്റ്റട്രീഷ്യൻസാണ് പ്രസവ സമയത്ത് സ്ത്രീകൾ ഫെയ്‌സ്മാസ്‌ക്ക് ധരിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്.