തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിലൂടെ മാത്രം കേരളത്തെ രക്ഷിക്കാനാകില്ലെന്ന് വലിയിരുത്തൽ. ഒരാഴ്ച കൂടി കഴിഞ്ഞാൽ കോവിഡിനെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും. വ്യാപന തോത് കുറഞ്ഞില്ലെങ്കിൽ രണ്ടാഴ്ചയെങ്കിലും സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് കേരളത്തിനും ചിന്തിക്കേണ്ട അവസ്ഥ.

രോഗബാധയ്ക്കു കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഒരു മാസ്‌കിനു മുകളിൽ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കണമെന്നാണ് നിർദ്ദേശം. പ്രതിരോധം അതിശക്തമായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് കേരളം കടക്കും. ഓക്‌സിജൻ ക്ഷാമവും ഉണ്ടാകും. അതിനാൽ പരമാവധി പേരിൽ വൈറസ് എത്തുന്നത് തടയേണ്ടതുണ്ട്.

തമിഴ്‌നാടും കർണ്ണാടകവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോമ്പുകാലമായതിനാൽ കേരളം കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ സ്ഥിതി ഗൗരവമുള്ളതാണെന്ന് സർക്കാരിന് ബോധ്യമുണ്ടെന്ന് കൂടി വ്യക്തമാകുകയാണ്.

അത്തരം പ്രദേശങ്ങൾ പൂർണമായും അടച്ചിടും. അതിതീവ്ര വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യമാണ് രണ്ടാം തരംഗത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ജനിതക വ്യതിയാനം വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് വൈറസിനുണ്ടായ ജനിത വ്യതിയാനവും കേരളത്തിലും എത്തി. ഇതും ഗൗരവത്തോടെ എടുക്കേണ്ട കാര്യമാണ്. വാക്‌സിനേഷൻ ഉർജ്ജിതമാകി അതിവേഗം ലക്ഷ്യത്തിൽ എത്താനാണ് കേരളം ആഗ്രഹിക്കുന്നത്. വാക്‌സിനേഷനിൽ പ്രതിസന്ധിയുണ്ടായാൽ എല്ലാം അവതാളത്തിലാകും.

ജനിതവ്യതിയാനം വന്ന വൈറസുകൾ ഏപ്രിൽ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത്. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ ദക്ഷിണാഫ്രിക്കൻ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതൽ കണ്ടിട്ടുള്ളത് വടക്കൻ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയില്ലെങ്കിൽ രോഗവ്യാപനം വർധിക്കാനാണ് സാധ്യത.

രോഗബാധിതരിൽ 40% പേരിൽ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ്. ഇതിൽ 30 ശതമാനത്തിൽ യുകെ സ്‌ട്രെയിൻ എന്ന വൈറസാണ്. 7% പേരിൽ ഡബിൾ മ്യൂട്ടന്റ് എന്ന രോഗപ്രതിരോധശേഷിയെ പോലും ബാധിക്കുന്ന വൈറസാണ്. 2 പേരിൽ ദക്ഷിണാഫ്രിക്കൻ വേരിയന്റാണ് കണ്ടെത്തിയത്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഡൽഹിയിലും മറ്റും ആഴ്ചകൾക്ക് മുൻപ് ഉണ്ടായിരുന്ന നിലയിലാണെന്ന് ആരോഗ്യ വകുപ്പ് തിരിച്ചറിയുന്നു.

വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല ചർച്ച നടക്കുന്നു. ആർടിപിസിആർ ടെസ്റ്റ് ന്യായമായ രീതിയിൽ നടത്തും. സ്വകാര്യമേഖലയിലെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.