തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലും ആളുകൾ മാസ്‌ക് ശരിയായി ധരിക്കാൻ മടിക്കുകയാണ്. ഇവർക്കെതിരെ കർശന നിയമ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 21,733 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അകലം പാലിക്കാത്തതിന് 11,210 പേർക്കെതിരെയും കേസെടുത്തു. ഇതിൽ നിന്നായി 65,48,750 രൂപയാണ് ഈടാക്കിയത്.

കേരളത്തിൽ ഇന്ന് 35,636 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്. തിരഞ്ഞെടുപ്പ് വിധി നാളെ വരാനിരിക്കെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.