ന്യൂഡൽഹി: പശുസംരക്ഷണത്തിന് വേണ്ടി ബിജെപി മുറവിളി കൂട്ടുമ്പോഴും ഉത്തരേന്ത്യയിൽ പ്രധാനമന്ത്രിയുടെ പരിപാടിയുടെ പേരിൽ പശുക്കൾക്ക് കൂട്ടക്കുരുതി. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് വേണ്ടി ഒഴിപ്പിച്ചതിനെത്തുടർന്നാണ് പശുക്കൾ പട്ടിണികിടന്ന് ചത്തത്.

കേന്ദ്രസർക്കാരിന്റെ സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തത്സമയ വീഡിയോ കോൺഫറൻസിന് വേദിയൊരുക്കാനായി മധ്യപ്രദേശിലെ രാജ്ഗറിലെ ഗോശാലയിൽ നിന്ന് 450 പശുക്കളെ മാറ്റിപ്പാർപ്പിച്ചതാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. സെപ്റ്റംബർ 15 ന് നടന്ന ഒഴിപ്പിക്കലിനെത്തുടർന്ന് നിരവധി പശുക്കൾ ചത്തുവെന്ന് പ്രമുഖ ഓൺലൈൻ പോർട്ടലായ 'ദ വയർ' ആണ് റിപ്പോർട്ട് ചെയ്തത്.

രാജ്ഗർ ജില്ലയിലെ പിപ്പ്ലിയ കുൽമി ഗ്രാമത്തിലെ വേദിയൊരുക്കാനായി ഗോശാലയിൽ നിന്ന് പശുക്കളെ തിരക്കിട്ട് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഈ വിവരം പുറത്തറിയിച്ചിരുന്നില്ല. പശുക്കൾക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നു മാത്രമല്ല വേണ്ടത്ര സൗകര്യമില്ലാത്തിടത്താണ് പശുക്കളെ എത്തിച്ചത്. എട്ട് പശുക്കൾ ഇതോടെ പട്ടിണി മൂലം മരിച്ചെന്നും പലതിനും അസുഖങ്ങൾ പിടിപെടുകയും ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഈ ദാരുണ സംഭവം നടക്കുമ്പോൾ ഗോശാലയുടെ നടത്തിപ്പുകാരനും ജില്ലാ ഭരണകൂടവും വീഡിയോ കോൺഫറൻസിനുള്ള വേദിയൊരുക്കുന്നതിനും മറ്റുമുള്ള തിരക്കിലായിരുന്നു. പശുക്കളുടെ കാര്യമേ അവർ മറന്നതായി പ്രദേശത്തെ സാമൂഹ്യപ്രവർത്തകനായ ശ്യാം തേജ്രി പറഞ്ഞു.

അതേസമയം മോദിയുടെ തത്സമയ വീഡിയോ കോൺഫറൻസ് വിചാരിച്ചതുപോലെ പ്രദർശിപ്പിക്കാനായില്ല. ആകെ മൂന്ന് മിനുട്ട് മാത്രമാണ് പ്രസംഗം ടിവിയിലൂടെ പ്രദർശിപ്പിക്കാനായത്. ഇന്റർനെറ്റ് തകരാർ മൂലം ബാക്കി പ്രസംഗം കാണിക്കാൻ സാധിച്ചില്ല. 17 ജില്ലകളിലാണ് മോദിയുടെ പ്രസംഗത്തിന്റെ ലൈവ് വീഡിയോ ടെലകാസ്റ്റ് ചെയ്തിരുന്നത്. ചാണകത്തിൽ നിന്ന് ഏറ്റവും കൂടുതൽ ബയോഗ്യാസ് ഉണ്ടാക്കുന്ന ഗോശാലകളിൽ വീഡിയോ കോൺഫറൻസ് ഒരുക്കണമെന്നായിരുന്നു ഉത്തരവ്.

മധ്യപ്രദേശിലെ രാജ്ഗറിലെ നവീൻഗായത്രി ഗോശാലയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടവയിൽ ഒന്ന്. അതേസമയം പശുക്കളെ മാറ്റിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കമൽനാഥ് രംഗത്തെത്തി. മോദിയുടെ വീഡിയോ കോൺഫറൻസ് നടത്താനായി പശുക്കൾ കൊലചെയ്യപ്പെട്ടിരിക്കുകയാണ്. ഇതാണ് ബിജെപിയുടെ പശു സ്നേഹം എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.