ഡബ്ലിൻ: നിലവിലുള്ള മതപഠനം കൂടാതെ രാജ്യത്തെ പ്രൈമറി സ്‌കൂളുകളിൽ മത-വിശ്വാസങ്ങളും നീതി ശാസ്ത്രവും (Religion, Beliefs and Ethics (ERBE)) എന്നതിനെകുറിച്ച് പുതിയ പാഠ്യപദ്ധതി ഉൾപ്പെടുത്താൻ നീക്കം. എന്നാൽ പുതിയ പാഠ്യപദ്ധതി കുട്ടികൾക്ക് അമിത ഭാരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അദ്ധ്യാപകരും മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ മൂവായിരത്തോളം വരുന്ന പ്രൈമറി സ്‌കൂളുകളിലാണ് മത-വിശ്വാസങ്ങളും നീതി ശാസ്ത്രവും എന്ന വിഷയം ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കുന്നത്. വിവിധ മതങ്ങളെക്കുറിച്ചും അവയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും വിശദമാക്കുന്ന പാഠ്യപദ്ധതിയാണിതെന്നും വ്യത്യസ്ത മതവിഭാഗങ്ങളെ പരിചയപ്പെടാൻ കുട്ടികൾക്ക് കിട്ടുന്ന അവസരമാണിതെന്നും ഗവൺമെന്റ് എഡ്യൂക്കേഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. കുട്ടികളിൽ മതേതരത്വ ചിന്ത ഉളവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പുതിയ പാഠ്യപദ്ധതി കൊണ്ടുവരുന്നതെങ്കിലും നിലവിൽ മതപഠനമുള്ള സ്‌കൂളുകളുടെ അധികാരികളിൽ നിന്ന് ഇതിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരും. പ്രത്യേകിച്ച് കാത്തലിക് സ്‌കൂളുകളിൽ നിന്ന്.
രാജ്യത്തെ 90 ശതമാനം പ്രൈമറി സ്‌കൂളുകളും കാത്തലിക് സ്‌കൂളുകൾ ആയതിനാൽ ഇവയിലെല്ലാം ഇപ്പോൾ തന്നെ മതപഠന ക്ലാസുകൾ നടത്തുന്നുമുണ്ട്.

കൂടാതെ നിലവിൽ നിരവധി വിഷയങ്ങളുള്ള കുട്ടികളുടെ കരിക്കുലം ഇനിയും വികസിപ്പിക്കുകയാണെങ്കിൽ കുട്ടികൾക്ക് പഠനഭാരം വർധിക്കാനേ ഇടയാകുകയുള്ളൂവെന്നാണ് മാതാപിതാക്കളും ആശങ്കപ്പെടുന്നത്. പുതിയ വിഷയം കൊണ്ടുവരുമ്പോൾ ഇതു പഠിപ്പിക്കാനുള്ള സമയം എങ്ങനെ കണ്ടെത്തുമെന്നും അദ്ധ്യാപകർ ചോദിക്കുന്നു. മറ്റു വിഷയങ്ങളുടെ സമയം കുറച്ചു വേണം പുതിയ പാഠ്യപദ്ധതി പഠിപ്പിക്കാൻ എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

നിലവിൽ വിശ്വാസങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്ന പ്രത്യേക സമുദായങ്ങളിലെ സ്‌കൂളുകളിലെ ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സർക്കാർ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മതേതരത്വ ചിന്ത കുട്ടികളിൽ വളർത്തുമ്പോൾ തങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ചുള്ള പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നും കാത്തലിക് സ്‌കൂൾ അധികൃതർ ആശങ്കപ്പെടുന്നു.

എല്ലാ കുട്ടികൾക്കും തങ്ങളുടെ സമൂഹത്തിൽ ജീവിക്കുന്നവരുടെ ജീവിതവും മൂല്യങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും മനസിലാക്കാനും പഠിക്കാനുമുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് നാഷണൽ കൗൺസിൽ ഫോർ കരിക്കുലം ആൻഡ് അസെസ്‌മെന്റ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളിൽ നിന്നും സ്‌കൂളുകളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.