ന്യൂയോർക്ക് : സൈബർ ആക്രമണത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ഇത് കഷ്ടകാലമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റന്റെ ഇമെയിലുകൾ ചോർത്തപ്പെടുകയും ഡെമോക്രാറ്റിക് വെബ്‌സൈറ്റ് തന്നെ ഹാക്ക് ചെയ്യുകയും ചെയ്തതിന് പിന്നാലെ മറ്റൊരു ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണ പരമ്പരയ്ക്ക് കൂടി യുഎസ് വിധേയമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ട്വിറ്റർ, ആമസോൺ തുടങ്ങിയ ഭീമന്മാരെ വരെ വിവിധിടങ്ങളിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ പേപാലിലെ ഇടപാടുകൾ പലയിടങ്ങളിലും നിലച്ചിട്ടുമുണ്ട്. വിക്കി ലീക്ക്‌സിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വൈറ്റ് ഹാക്കേർസ് രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയതിന്റെ ഫലമായിട്ടാണീ ഹാക്കിംഗുകൾ അരങ്ങേറുന്നതെന്ന് സൂചനയുണ്ട്.

പുതിയ സൈബർ ആക്രമണത്തിന്റെ ഭാഗമായി ഗിറ്റ്ഹബ്, സൗണ്ട് ക്ലൗഡ് തുടങ്ങിയവയും ഹാക്കിംഗിന് വിധേയമായിട്ടുണ്ട്. ആമസോണിന്റെ ചില ക്ലൗഡ് സർവീസുകളുടെ പ്രവർത്തനവും താറുമാറായിരുന്നു. ഈ ഹാക്കിങ് പ്രധാനമായും ബാധിച്ചിരിക്കുന്നത് യുഎസിന്റെ കിഴക്കൻ തീരങ്ങളിലുള്ള വെബ് യൂസർമാരെയാണ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഈ ഹാക്കിംഗുകളെക്കുറിച്ചെല്ലാം വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളെ പിന്തുണച്ച് കൊണ്ടുള്ള ഇത്തരം ഹാക്കിംഗുകൾ നിർത്തി വയ്ക്കണമെന്ന് വിക്കിലീക്‌സ് തങ്ങളുടെ സപ്പോർട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിക്കിലീക്ക്‌സിന്റെ എഡിറ്റർ ഇൻചാർജായ ജൂലിയൻ അസാൻജെ ഇപ്പോഴും സജീവമാണെന്നും വിക്കിലീക്ക്‌സ് ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ടെന്നുമാണ് വിക്കീലീക്ക്‌സ് ആഹ്വാനം ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് താറുമാറിലാക്കുകയെന്ന ലക്ഷ്യം വച്ചാണ് ഈ ഹാക്കിങ് അരങ്ങേറുന്നതെന്നും ഇതിനെക്കുറിച്ച് ഗൗരവപൂർണമായ അന്വേഷണം നടത്തുമെന്നുമാണ് ദി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. സൈബർ ആക്രമണം നേരിട്ടുവെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നത് ഡൈൻ എന്ന ഇന്റർനെറ്റ് സർവീസ് കമ്പനിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കമ്പനികളുടെ ഇന്റർനെറ്റ് അഡ്രസ് ബുക്ക് നിയന്ത്രിക്കുന്ന കമ്പനിയാണിത്. ഇന്നലെ രാവിലെ ആറ് മണിയോടെ(ഇടി) തങ്ങളുടെ സർവീസിൽ ഹാക്കിങ് മൂലം തടസം നേരിട്ടുവെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.നല്ല രീതിയിൽ ആസൂത്രണം ചെയ്തതും അനുവർത്തിച്ചതുമായ സൈബർ ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് ഡൈൻ വെളിപ്പെടുത്തുന്നത്. ഇതിലൂടെ ഒരേ സമയം മില്യൺ കണക്കിന് ഐപി അഡ്രസുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ ആക്രമണം ഉച്ചയ്ക്ക് ഒരുമണി(ഇടി)ക്കായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇത് പ്രധാനമായും യുകെ സെർവറുകളെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. തുടർന്ന് ആഗോളവ്യാപകമായുള്ള നിരവധി സെർവറുകളിലും ആക്രമണം അരങ്ങേറിയിരുന്നു.യുകെയിൽ പടിഞ്ഞാറൻ തീരത്തായിരുന്നു സൈബർ ആക്രമണത്തിന്റെ പ്രത്യാഘാതം കൂടുതൽ രൂക്ഷമായിരുന്നത്.ആരാണ് ഈ ഹാക്കിംഗിന് പുറകിലെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ എല്ലാ പ്രധാനപ്പെട്ട കാരണങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ടെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഗില്ലിയാൻ ക്രിസ്‌റ്റെൻസെൻ വെളിപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്ന് നടത്താനിരിക്കുന്ന കടുത്ത സൈബർ ആക്രമണത്തിന് മുന്നോടിയായിട്ടുള്ള ആക്രമണമായിരിക്കാമിതെന്നാണ് പൊളിറ്റിക്കൽ കമന്റേറ്ററായ കെയ്ത്ത് ഓൽബെർമാൻ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഹില്ലാരി ക്ലിന്റന്റെ കാംപയിൻ ചെയർമാനായ ജോൺ പോഡെസ്റ്റയുടെ ജിമെയിൽ അക്കൗണ്ടിലെ ആയിരക്കണക്കിന് ഇമെയിലുകൾ വിക്കിലീക്ക്‌സ് ഒക്ടോബർ ഏഴ് മുതൽ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിനെ വിജയിപ്പിക്കുന്നതിനായി റഷ്യയാണ് ഈ ഹാക്കിംഗിന് പുറകിലെന്ന് ഹില്ലാരി ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.തങ്ങൾക്ക് നേരെയുണ്ടായ ആക്രമണം അധികം വൈകാതെ പരിഹരിക്കാൻ സാധിച്ചുവെന്നാണ് ഡൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് രണ്ട് മണിക്കൂറോളം കമ്പനിയുടെ പ്രവർത്തനം തടസ്സ പ്പെട്ടിരുന്നു. ഹാക്കിംഗിനെ തുടർന്ന് മില്യൺ കണക്കിന് ഇന്റർനെറ്റ് യൂസർമാർക്ക് പ്രധാനപ്പെട്ട ഓൺലൈൻ കമ്പനികളുടെ വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാൻ സാധിച്ചിരുന്നില്ല. നെറ്റ്ഫിക്‌സ്, റെഡ്ഇറ്റ്, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ക്രാഫ്റ്റ്‌സ് മാർക്കറ്റ് പ്ലേസായ എറ്റ്‌സി, സോഫ്റ്റ് വെയർ ഡെവലപർ സൈറ്റായ ഗിറ്റ്ഹബ്, തുടങ്ങിയവയും ആക്‌സസ് ചെയ്യാനായിരുന്നില്ല.

മാദ്ധ്യമസ്ഥാപനങ്ങളായ സിഎൻഎൻ, ദി ഗാർഡിയൻ, വയേർഡ്, എച്ച്ബിഒ, തുടങ്ങിവയുടെ സൈറ്റുകളെയും ഹാക്കിങ് ബാധിച്ചിരുന്നു. സ്‌പോട്ടിഫൈ, ബോക്‌സ്, വിക്‌സ് കസ്റ്റമർ സൈറ്റുകൾ, സോഹോ, സിആർഎം, ഐഹേർട്ട്.കോം(ഐഹേർട്ട്‌റേഡിയോ), ദി വെർജ്, ക്ലീവ്‌ലാൻഡ്.കോം, എച്ച്‌ബോനൗ.കോം, ബിഗ് കാർട്ടൽ, വയേർഡ്.കോം, പീപ്പിൾ.കോം, അർബൻഡിക്ഷ്ണറി.കോം, ബേസ്‌കാംപ്, ആക്ട്ബ്ലൂ, സെൻഡെസ്‌ക്.കോം, ഇന്റർകോം, ട്വിലോ, പിൻടെറസ്റ്റ്, ഓക്ട, യാമെർ, പ്ലേസ്റ്റേഷൻ നെറ്റ് വർക്ക്, തുടങ്ങിയ നിരവധി പ്രമുഖ വെബ്‌സൈറ്റുകളെ ഹാക്കിങ് ബാധിച്ചിട്ടുണ്ട്.