മസ്‌കത്ത്: മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾ താമസിക്കുന്ന റൂവിയിലതാമസ കേന്ദ്രത്തിൽ വൻ തീപിടിത്തം. സിറ്റി സിനിമക്ക് പിൻവശത്തുള്ള 'ബോംബെ ഗല്ലി' എന്നറിയപ്പെടുന്ന താമസകേന്ദ്രത്തിലാണ് അഗ്‌നിബാധയുണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.

പൊള്ളലേറ്റും പുകശ്വസിച്ചുമുണ്ടായ പരിക്കുകളെ തുടർന്ന് ഒരു ബംഗ്‌ളാദേശ് സ്വദേശിയെ ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികപേരും ജോലിക്കുപോയിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായി്‌സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടെ താമസം. കൂടുതൽ താമസക്കാരും ബംഗ്‌ളാദേശുകാരും ആന്ധ്ര, തമിഴ്‌നാട് സ്വദേശികളുമാണ്. കുറച്ച് മലയാളികൾ മാത്രമാണുള്ളത്.

ഇടുങ്ങിയ വഴിയായതിനാൽ റോഡിൽ ഫയർഫോഴ്‌സ് വാഹനങ്ങൾ നിർത്തി പൈപ്പിട്ടാണ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയും തീയണക്കാൻ ശ്രമിച്ചു. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.