ലക്‌നോ: ഉത്തർപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാൻ കരുക്കൾ നീക്കുന്ന മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവുമായ മായാവതിക്കു തിരിച്ചടിയായി സഹോദരൻ ആനന്ദ് കുമാറിനെതിരേ ആദായനികുതി വകുപ്പിന്റെ അന്വേഷണം. വെറും 7.1 കോടി രൂപയുടെ സ്വത്തു മാത്രമുണ്ടായിരുന്ന ആനന്ദ് കുമാർ ഏഴു വർഷം കൊണ്ട് 1,300 കോടി രൂപയുടെ ആസ്തി സമ്പാദിച്ചത് അനധികൃതമായിട്ടാണെന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്. ആനന്ദിന്റെ സ്വത്തിൽ 18,000 ശതമാനത്തിന്റെ വർധനവാണ് കണ്ടെത്തിയിരിക്കുന്നത്. മായാവതിയുടെ പിന്തുണയില്ലാതെ സഹോദരൻ ഇത്രവലിയ ധനവാൻ ആകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ദേശീയ വാർത്താ ചാനൽ ആയ ടൈംസ്‌നൗ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം അവശേഷിക്കുന്ന സമയത്ത് ഇത്തരമൊരന്വേഷണം നടക്കുന്നത് മായവാവതിയുടെ തെരഞ്ഞെടുപ്പു സാധ്യതകൾ തകർക്കാനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ആനന്ദിന് 1,316 കോടി രൂപയുടെ സമ്പാദ്യമാണുള്ളത്. ഇതിൽ 870 കോടി രൂപയുടേത് സ്ഥിര ആസ്ഥികളാണ്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 4,400 രൂപ മാത്രമാണുള്ളത്.

2007 നും 2014നും ഇടയ്ക്കുള്ള ഏഴു വർഷം കൊണ്ടാണ് അനന്ദ് ഇത്രയും അധികം സമ്പാദ്യത്തിന് ഉടമയായതെന്നു ചാനൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മായവതി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്നത് 2007 മുതൽ 2012 വരെയുള്ള കാലയളവിലാണ്. ആനന്ദ് കുമാർ ഡയറക്ടറായ 12 കമ്പനികളെ ഉപയോഗിച്ചാണ് ഭീമമായി സ്വത്തുക്കൾ സമ്പാദിച്ചത്. ഫാക്ടർ ടെസ്‌നോളജീസ്, ഹോട്ടൽ ലൈബ്രററി ക്ലബ്, സാച്ചി പ്രോപർട്ടീസ്, ദിയ റിയൽറ്റേഴ്‌സ് എന്നീ അഞ്ചു കമ്പനികളുടെ ആസ്തി വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഫാക്ടർ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് 2007 ൽ 56 ലക്ഷം രൂപയുടെ ആസ്ഥി മാത്രമാണ് ഉണ്ടായിരുന്നത്. 2014 ൽ ഇത് 55.8 കോടി രൂപയായി ഉയർന്നു. 9864 ശതമാനത്തിന്റെ വർധനവാണ് ഈ കമ്പനിയുടെ സമ്പാദ്യത്തിൽ ഉണ്ടായത്. ഹോട്ടൽ ലൈബ്രററി ക്ലബ് എന്ന സ്ഥാപനത്തിന് 2007 ൽ ഉണ്ടായിരുന്ന 93 ലക്ഷം രൂപ 2014ൽ 2141.4 കോടി രൂപ(22954%)യായി ഉയർന്നു. സാച്ചി പ്രോപർട്ടീസിന്റെ 2.92 കോടി രൂപ 104.34 കോടി രൂപ(3473%) ആയിട്ട് ഉയർന്നു. ദിയ റിയൽട്ടേഴ്‌സിന്റെ 21 ലക്ഷം രൂപ 95.25 കോടി(45257%) ആയിട്ടാണ് വർധിച്ചത്. ഇഷാ പ്രോപർട്ടീസിന്റെ 2.75 കോടി രൂപ 66.68 കോടി(2325%) ആയിട്ടും ഉയർന്നെന്ന് ചാനൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യഥാർത്ഥത്തിൽ നിലവിലില്ലാത്ത നിക്ഷേപകരിൽനിന്നും കമ്പനികളിൽനിന്നും ആനന്ദിന് വൻ തുക ലഭിച്ചുവെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. രാഷ്ട്രീയബന്ധമുള്ള ഒരു പണം വെളുപ്പിക്കൽ ഇടപാടിനെത്തുടർന്നുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണമാണ് ആനന്ദിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ആനന്ദിന്റെ ബിസിനസ് ഇടപാടുകളുമായി ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് പാർട്ടി നേതാവ് റിതു സിങ് പ്രതികരിച്ചത്. ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്ന സമയത്തിലും അവർ സംശയം പ്രകടിപ്പിച്ചു. അന്വേഷണ ഏജൻസികൾ സത്യസന്ധതയോടെയും ജാഗ്രതയോടെയുമാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ആരെയും അന്വേഷണത്തിൽനിന്ന് ഒഴിവാക്കില്ലെന്നുമാണ് ബിജെപി നേതാവ് ശ്രീകാന്ത് ശർമ സംഭവത്തോടു പ്രതികരിച്ചത്.

ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാമെന്നുള്ള മോഹത്തിലാണ് മായാവതി. സമാജ്‌വാദി പാർട്ടിയിൽ മുഖ്യമന്ത്രി അഖിലേഷും അച്ഛൻ മുലായം സിങ് യാദവുമായുള്ള തർക്കം മുറുകിയിരിക്കുന്നതടക്കമുള്ള കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് മായാവതി.