ന്യൂഡൽഹി: വിദേശ സെർവറുകളിൽ നിന്നും ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മാസ്റ്റർ കാർഡ് അധികൃതർ. റിസർവ് ബാങ്കിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന കമ്പനികൾ ഇനി മുതൽ ആളുകളുടെ വിവരം ശേഖരിക്കണമെങ്കിൽ ആഭ്യന്തര സെർവറുകൾ ഉപയോഗിക്കണമെന്ന് ആർബിഐ നേരത്തെ നിർദ്ദേശം ഇറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി തീരുമാനം.

ഈ വർഷം ഒക്ടോബർ 16-നകം ആഭ്യന്തര സെർവറുകൾ ഉപയോഗിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ആർ.ബി.ഐ. ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒക്ടോബർ ആറുമുതലുള്ള ഇടപാടുവിവരങ്ങൾ പുണെയിലുള്ള ടെക്‌നോളജി സെന്ററിലെ സെർവറിലാണ് സൂക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിനുമുമ്പുള്ള വിവരങ്ങളിൽ നിശ്ചിത തീയതിയിലുള്ളവ നശിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്.

വിവരങ്ങൾ നീക്കുന്നത് ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷയും സംരക്ഷണവും കുറയ്ക്കുമെന്ന് ആർ.ബി.ഐ.യെ അറിയിച്ചിട്ടുണ്ട്. കമ്പനി 200 രാജ്യങ്ങളിൽ സേവനം നൽകുന്നുണ്ടെന്നും മറ്റൊരിടത്തും അന്താരാഷ്ട്ര സെർവറുകളിലെ വിവരങ്ങൾ നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മാസ്റ്റർകാർഡ് ഇന്ത്യ, ദക്ഷിണേഷ്യ ഡിവിഷൻ പ്രസിഡന്റ് പൊരുഷ് സിങ് പറഞ്ഞു.

പഴയ വിവരങ്ങൾ നശിപ്പിക്കുന്നത് പിന്നീട് തർക്കങ്ങൾക്ക് ഇടയാക്കാമെന്നതിനാൽ ഏറെ സങ്കീർണത നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നുമുതലുള്ള വിവരങ്ങളാണ് ഒഴിവാക്കുന്നതെന്നതിൽ തീരുമാനമായിട്ടില്ല. ശുപാർശയിൽ ആർ.ബി.ഐ.യുടെ മറുപടി കിട്ടിയശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.