- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി രാഷ്ട്രീയബാൽ പുരസ്‌കാരം മാസ്റ്റർ ദേവീപ്രസാദിന്; അങ്ങാടിപ്പുറത്തെ ഒമ്പതാംക്ലാസുകാരന് ലഭിച്ചത് മൃദംഗ വാദ്യകലയിലെ മികവിന് അംഗീകാരം
മലപ്പുറം: കുട്ടികൾക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റർ ദേവീപ്രസാദിന്. കേരളത്തിൽ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിന് അർഹനായത്. ആർട്ട് ആൻഡ് കൾച്ചറൽ വിഭാഗത്തിൽ മികച്ച മൃദംഗവാദ്യ കലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി.
പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ ദേവീപ്രസാദിന് പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര സർക്കാറിന്റെ പി.സി.സി.ആർ.റ്റി സ്‌കോളർഷിപ്പോടു കൂടി മൃദംഗവാദ്യപഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യകലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാർക്കുമായ ദീപേഷിന്റെയും പൂപ്പലം അൽഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയായ പ്രസീതയുടെയും മകനാണ്.
ദേവീപ്രസാദ് പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രശസ്ത മൃദംഗ വിദ്വാന്മാരിൽ ഒരാളായ മൃദംഗകലാശിരോമണി തിരുവനന്തപുരം വി സുരേന്ദ്രനാണ് ഗുരു. ആകാശവാണിയിൽ നിന്ന് എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റായി വിരമിച്ചയാളാണ് വി സുരേന്ദ്രൻ. ഏഴാമത്തെ വയസ്സിൽ കുമാരി ഗായത്രി ശിവപ്രസാദിന്റെ സംഗീതകച്ചേരിക്ക് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൃദംഗം വായിച്ചായിരുന്നു ദേവീപ്രസാദിന്റെ അരങ്ങേറ്റം.
മൃദംഗവിദ്വാനും ദേവീപ്രസാദിന്റെ പിതാവുമായ അങ്ങാടിപ്പുറം ദീപേഷാണ് ആദ്യഗുരു. പ്രസിദ്ധ സംഗീത സദസ്സുകളായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജസംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂർ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂർ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങി നിരവധി സംഗീതസദസ്സുകളിലും ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ൽ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ ആൾ കേരള മൃദംഗവാദന മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.
കർണാടക സംഗീതത്തിലെ നിരവധി സംഗീതജ്ഞന്മാർക്കൊപ്പവും വയലിൻ വിദ്വാന്മാർക്കൊപ്പവും ഓടക്കുഴൽ, വീണ വിദ്വാന്മാർക്കൊപ്പവും മൃദംഗം വായിക്കാനുള്ള ഭാഗ്യവും ദേവീപ്രസാദിന് ഉണ്ടായിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രാഗരത്‌നം മണ്ണൂർ എംപി രാജകുമാരനുണ്ണി, വെച്ചൂർ.സി. ശങ്കർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം എം.കെ തുഷാർ, സുപ്രസിദ്ധ വയലിൻ വിദ്വാന്മാരായ ടി.എച്ച് സുബ്രഹ്മണ്യം, സി.എ.എസ് അനുരൂപ്, ചെമ്പൈ സി.കെ വെങ്കിട്ടരാമൻ, മാഞ്ഞൂർ രജ്ഞിത്ത്, സുപ്രസിദ്ധ പുല്ലാങ്കുഴൽ വിദ്വാൻ പത്മേഷ് പരശുരാമൻ, പ്രശസ്ത വീണ വിദ്വാൻ പ്രൊഫ. പാലാ ബൈജു, എൻ. രജ്ഞിത്ത് തുടങ്ങിയവരുടെ സംഗീത സദസ്സുകൾക്ക് മൃദംഗം അകമ്പടി സേവിച്ചിട്ടുണ്ട്.