കൊച്ചി: മാസ്റ്റർ ഓഫ് മാസ്സ്‌സ് എന്ന ടാഗ് ലൈനിലെത്തുന്ന മമ്മൂട്ടിയുടെ മാസ്റ്റർ പീസിന്റെ ടീസർ പുറത്ത് വന്നു. 44 സെക്കന്റുള്ള ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് ചിത്രമെന്ന് അടിവരയിടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷം ലക്ഷ്യമാക്കി ഒരുങ്ങിയിരിക്കുന്ന മാസ്റ്റർ പീസിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കുഴപ്പക്കാരായ കൊളേജ് വിദ്യാർത്ഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അതേ കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോൾ ഇത്രയും പ്രശ്‌നക്കാരനായ ഒരു വിദ്യാർത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിൻസിപ്പൽ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!

ഗ്ലാമറിലും സ്‌റ്റൈലുകളും ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനമാണ് എഡ്ഡി കേന്ദ്രകഥാപാത്രമാകുന്ന മാസ്റ്റർപീസിന്റെ ഹൈലൈറ്റ്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

നൂറു ദിവസത്തിന് മുകളിൽ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേശ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്‌ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.