- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി 13 ന് വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്യില്ലെന്ന് ദിലീപ് ചെയർമാനായ തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്; തമിഴ് സിനിമക്ക് വേണ്ടി തിയേറ്റർ തുറക്കേണ്ടെന്ന് ദിലീപും ആന്റണി പെരുമ്പാവൂരും; മാസ്റ്റർ റിലീസ് ചെയ്തില്ലെങ്കിൽ മരയ്ക്കാർ ആരും കാണാൻ പോകില്ലെന്ന് വിജയ് ഫാൻസിന്റെ വെല്ലുവിളി
കൊച്ചി: കോവിഡ് മഹാമാരി മലയാളി സിനിമാ ലോകത്തിന് വരുത്തിയ നഷ്ടവും പ്രതിസന്ധിയും ചില്ലറയല്ല. എന്തുചെയ്യണമെന്നറിയാതെ 2020 ലെ മാസങ്ങൾ കടന്നുപോയപ്പോൾ പുതുവർഷത്തിൽ, പ്രതീക്ഷ ഉണർത്തിയാണ് ജനുവരി അഞ്ചിന് തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. അതിന് തൊട്ടുമുമ്പ് മോഹൻലാലിന്റെ ദൃശ്യം ടു ഒടിടിയിൽ റിലീസ് ചെയ്യാനെടുത്ത തീരുമാനത്തെ ചൊല്ലി തിയേറ്റർ ഉടമകൾ ഉടക്കിട്ടിരുന്നു, ഏറ്റവും ഒടുവിൽ വിജയ് ചിത്രം മാസ്റ്റർ റിലീസിനായി തിയറ്റർ ധൃതിയിൽ തുറക്കേണ്ടെന്ന് ദിലീപ് ചെയർമാനായ തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. വിനോദ നികുതി, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഉൾപ്പെടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികൾ അംഗീകരിക്കുകയും ചെയ്യുന്ന മുറയ്ക്ക് മാത്രം റിലീസ് അനുവദിച്ചാൽ മതിയെന്നാണ് ഫിയോക് ജനറൽ ബോഡിയുടെ തീരുമാനം. കൊച്ചിയിലാണ് സംഘടന യോഗം ചേർന്നത്. മാസ്റ്ററിനായി മാത്രം ഇളവ് ആവശ്യമില്ലെന്നും ഫിയോക് പറയുന്നു. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റർ തുറന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന ഓർക്കണമെന്നും ദിലീപ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഫിലിം ചേംബറും ഇതേ തീരുമാനമാണ് എടുത്തത്. മാസ്റ്റർ റിലീസ് മുടങ്ങാതിരിക്കാൻ തിയേറ്റർ തുറക്കണമെന്ന നിലപാടിലായിരുന്നു കൂടുതൽ തിയറ്റർ ഉടമകളും. തിയറ്റർ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കഴിഞ്ഞ ദിവസം ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തമിഴ് ചിത്രത്തിന് വേണ്ടി തിയേറ്റർ തുറക്കേണ്ടതില്ലെന്ന് ഫിയോക് ചെയർമാൻ ദിലീപും ജനറൽ സെക്രട്ടറി ആന്റണി പെരുമ്പാവൂരും നിലപാടെടുത്തു. ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും സർക്കാറിന് മുന്നിൽ വെച്ച ഉപാധികൾ അംഗീകരിക്കാതെ തീയറ്റർ തുറക്കേണ്ടെന്നാണ് ഫിലിം ചേംബറിന്റെയും തീരുമാനം.
പൃഥ്വിരാജ് നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഫോർച്യൂൺ സിനിമാസ് എന്നിവരാണ് വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യുന്നത്. ജനുവരി 13നാണ് റിലീസ്. മാസ്റ്റർ റിലീസുമായി മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ തീരുമാനം. ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റിൽ ഏർപ്പെടുത്തിയ വിനോദനികുതി പിൻവലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകൾ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. തിയറ്ററുകൾ തുറക്കാത്തത് സർക്കാരിനെതിരായ പ്രതിഷേധമല്ലെന്നാണ് ചേംബർ നിലപാട്.
വെല്ലുവിളിയുമായി വിജയ് ഫാൻസ്
ഫിയോക്കിന്റെ തീരുമാനത്തിന് പിന്നാലെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിൽ വിജയ് ഫാൻസിന്റെ പൊങ്കാല. വിജയ് ചിത്രം 'മാസ്റ്റർ' റിലീസ് ചെയ്യാതെ മരയ്ക്കാർ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തീയറ്റർ തുറക്കുന്ന തീരുമാനം ശരിയല്ലെന്നാണ് കമന്റുകളുടെ സാരം. മാസ്റ്റർ തീയറ്ററിൽ തന്നെ തുറക്കണമെന്നാണ് ഫാൻസിന്റെ ആവശ്യം.മാസ്റ്റർ പുറത്തിറക്കിയില്ലെങ്കിൽ മരയ്ക്കാർ ആരും കാണില്ല എന്നും വിജയ് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ദൃശ്യം2 തീയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പലരും അഭിപ്രായപ്പെട്ടു. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റർ തുറന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ