മെൽബൺ: ഹോം ഇംപ്രൂവ്‌മെന്റ് ചെയിനായ മാസ്റ്റേഴ്‌സ് അടച്ചുപൂട്ടാൻ വൂൾവർത്ത്‌സ് തീരുമാനിച്ചു. ഡിസംബറോടെ എല്ലാ മാസ്‌റ്റേഴ്‌സ് സ്‌റ്റോറുകളും പൂട്ടുമെന്നാണ് വൂൾവർത്ത്‌സ് അറിയിച്ചിരിക്കുന്നത്. ഈ രംഗത്തെ ഇവരുടെ എതിരാളിയായ മെറ്റ്കാഷ് സ്ഥാപനം വാങ്ങുമെന്നാണ് വ്യക്തമായിരിക്കുന്നത്. മാസ്റ്റേഴ്‌സ് സ്റ്റോറുകൾ നഷ്ടത്തിലായതോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ട് സ്റ്റോറുകൾ അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചത്.

മാസ്റ്റേഴ്‌സ് വിൽക്കുന്നതോടെ ഇതു മൂലം ഉണ്ടായിട്ടുള്ള 1.5 ബില്യൺ ഡോളറിന്റെ നഷ്ടം നികത്താൻ സാധിക്കുമെന്നാണ് വൂൾവർത്ത്‌സ് കരുതുന്നത്. 7700-ഓളം സ്റ്റാഫുകളാണ് നിലവിൽ മാസ്റ്റേഴ്‌സിന് ഉള്ളത്. ഇവരിൽ മിക്കവർക്കും തൊഴിൽ നഷ്ടമാകുമെന്നു തന്നെയാണ് കരുതുന്നത്. കുറച്ചുപേരെ വൂൾവർത്ത്‌സ് ഗ്രൂപ്പിലേക്ക് മാറ്റി തൊഴിൽ നൽകുമെന്നു പ്രതീക്ഷിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ബ്രാഡ് ബാൻഡുക്കി വ്യക്തമാക്കി.

165 മില്യൺ ഡോളറിനാണ് സൂപ്പർമാർക്കറ്റ് ഓപ്പറേറ്ററായ വൂൾവർത്ത്‌സിൽ നിന്നു ഹോം ടിമ്പർ ആൻഡ് ഹാർഡ്വെയർ വാങ്ങുന്നത്. 2009-ൽ 88 മില്യൺ ഡോളറിനാണ് വൂൾവർത്ത്‌സ് മാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.