ദോഹ: മറ്റേണിറ്റി ലീവ് എടുക്കുന്ന സ്ത്രീകൾക്ക് രണ്ടു മാസം ശമ്പളത്തോടു കൂടിയ അവധി നൽകുമെന്ന് പുതിയ നിയമം. ഇരട്ടക്കുട്ടികളാണെങ്കിൽ ഇതു മൂന്നു മാസം വരെയും ലഭിക്കും. അതേസമയം ജനിക്കുന്നത് വൈകല്യമുള്ള കുട്ടിയാണെങ്കിൽ അഞ്ചു വർഷെ വരെ അമ്മമാർക്ക് ശമ്പളത്തോടു കൂടിയ അവധി ലഭിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. എന്നാൽ ഇതിന് രേഖകൾ ഹാജരാക്കേണ്ടതുണ്ട്. മാത്രമല്ല, പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ കൂടുതൽ അവധി ലഭിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

ഇതിന് പുറമെ രാജ്യത്ത് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് സ്വദേശികൾക്ക് മുൻഗണന നൽകുന്ന നിയമത്തിനും അമീർ അംഗീകാരം നൽകി. സ്വദേശികളല്ലാത്തവരെ സർക്കാർ മേഖലയിൽ നിയമിക്കുകയാണെങ്കിൽ കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ അർഹതയുള്ളവരുടെ മുൻഗണനാ ക്രമം വിശദീകരിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. ഇതനുസരിച്ച് ഖത്തരി പൗരന്മാർ കഴിഞ്ഞാൽ സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച ഖത്തരി സ്ത്രീകളുടെയും വിദേശി വനിതകളെ വിവാഹം ചെയ്ത ഖത്തരി പുരുഷന്മാരുടെയും കുട്ടികൾക്കായിരിക്കും വിവിധ തസ്തികകളിൽ മുൻഗണന ലഭിക്കുക.

ഇവർക്ക് ശേഷം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും അതിനുശേഷം അറബ് വംശജർക്കുമായിരിക്കും ഉയർന്ന പരിഗണന ലഭിക്കുക. അതേസമയം ഭരണ നിർവഹണ വിഭാഗത്തിലെയും നീതിന്യായ വകുപ്പിലെയും ഖത്തർ പെട്രോളിയത്തിലെയും ജീവനക്കാരെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുമേഖലാ ജോലികളെ മുൻഗണനാ ക്രമത്തിൽ ഇനം തിരിക്കുന്ന ചുമതല ഭരണ നിർവഹണ തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയത്തിനായിരിക്കും. ഇതിനായി മാർഗ നിർദേശ പുസ്തകം തയാറാക്കും.