- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
14-ാം വയസ്സിൽ ബലാത്സഗം ചെയ്തത് ഹെഡ്‌മാസ്റ്റർ; പാരീസിലെത്തിയത് ഇന്ത്യൻ ദേവദാസിയെന്ന് പറഞ്ഞ്; വസ്ത്രം ഉപേക്ഷിച്ച് ആടിത്തിമർക്കുന്ന മാദക നർത്തകി; വിലകൂടിയ വേശ്യയിൽനിന്ന് ചാരസുന്ദരിയിലേക്ക്; വെടിവെച്ച് കൊല്ലും മുമ്പ് പട്ടാളക്കാർക്ക് മാറിടം കാട്ടിക്കൊടുത്ത റെബൽ; 'സൂപ്പർ സ്പൈ' മാതാഹരിയുടെ ജീവിത കഥ!
''നമ്മുടെ വെടിയുണ്ടകളേക്കാൽ വലുതാണ് മാതാഹരിയുടെ ഒരു നോട്ടം. നാം എത്ര കെട്ടിയിട്ട് മർദിച്ചാലും അവർ ഒരു രഹസ്യവും പറയുകില്ല. പക്ഷേ മാതാഹരിക്കുമുന്നിൽ അവരുടെ ആത്മാവുപോലും വിവസ്ത്രമായിപ്പോകും''- ഒന്നാംലോക മഹായുദ്ധകാലത്ത് ജർമ്മൻ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ, മാതാഹരിയെന്ന ആ സർപ്പ സുന്ദരിയെ നിയമിക്കുമ്പോൾ, ഫ്രഞ്ച് സെക്യൂരിറ്റി ഓഫീസർ ഒരു യോഗത്തിൽ ഇങ്ങനെ പറഞ്ഞുവന്നാണ്, പിൽക്കാലത്ത് ബ്രിട്ടീഷ് ആർക്കേവിലെത്തിയ ഒരു യുദ്ധ രേഖ. യുദ്ധം എന്നാൽ കുറേ ടാങ്കുകളും ബോംബുകളും ഷെല്ലുകളും കൊണ്ടുള്ള ആക്രമണം മാത്രമല്ല. അത് വിവര ശേഖരണത്തിന്റെയും വിനിമയത്തിന്റെയും രഹസ്യം ചോർത്തലിന്റെയും കൂടിയാണ്. ഹിറ്റ്ലർ പോലും തോറ്റുപോയത് സോവിയറ്റ് ചെമ്പടയുടെ സൈനിക കരുത്തിനെക്കുറിച്ചും കാലാവസ്ഥയെയും കുറിച്ച്, ഹിംലറും ഗീബൽസും നൽകിയ തെറ്റായ വിവരത്തെ തുടർന്നാണ്.
ആധുനികാലത്തെ ഹിറ്റ്ലർ എന്ന് അറിയപ്പെടുന്ന, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഏറ്റവും വലിയ വിജയവും അതാണ്. ലോകമെമ്പാടും പരന്നുകിടക്കുന്ന വലിയൊരു ചാരവലയവും, സ്വകാര്യ കൊലയാളി സംഘവുമുണ്ട് ഈ നരാധമന്. ഗ്രൂ എന്നാണ് പുട്ടിന്റെ കൊലപാതക - ചാര സംഘം അറിയപ്പെടുന്നത്.ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗമാണിത്. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൻ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഇവർ നിയോഗിക്കപ്പെട്ടിരുന്നത്.
സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്എസ്ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.
രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. നിരവധി ചാര സുന്ദരികളെയും വേശ്യാത്തെരുവുകളിൽനിന്നും മറ്റും കണ്ടെത്തി ചേർത്തിട്ടുണ്ട്. ഇവർ ഹണി ട്രാപ്പുപോലും പുടിനായി നടത്തുന്നുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറഞ്ഞത്. ട്രംപിന്റെ ലൈംഗിക രഹസ്യങ്ങൾ ചോർത്തി അദ്ദേഹത്തെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഇവർ എല്ലാം ചേർന്നാണ് കൃത്യമായ വിവരങ്ങൾ പുടിന് എത്തിക്കുന്നത്. ഉക്രൈയിന്റെ സൈനികശേഷിയെക്കുറിച്ചും ഒപ്പം ഒരു യുദ്ധം ഉണ്ടായാൽ ആമേരിക്കയടക്കമുള്ള നാറ്റോ സഖ്യകക്ഷികൾ നേരിട്ട് ഇടപെടില്ലെന്നും പുടിന് കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ഈ സംഘം നൽകിയിട്ടുണ്ട്.
പുടിന്റെ ചാരക്കഥ ചർച്ചയായതോടെ, ലോകത്തിലെ ഏറ്റവും വലിയ ചാര സുന്ദരിയായജ അറിയപ്പെട്ടിരുന്നയ മാതാഹാരിയുടെ കഥയും ചർച്ചയാവുകയാണ്. പുടിന്റെ ഗ്രൂ സംഘാംഗങ്ങളെപ്പോലെ മാതാഹരിയും തെരുവിൽനിന്ന് വന്നാണ് ലോകത്തെ വിറപ്പിക്കുന്നത്. വെറും 41വയസ്സിൽ ഫ്രഞ്ച് ഫയറിങ്ങ് സ്‌ക്വാഡിന്റെ വെടിയേറ്റ് മരിക്കുന്നതുവരെ ശരിക്കും ഒരു പുരുഷ ലമ്പടയായിരുന്നു അവൾ.
പാരീസിലെത്തിയത് ദേവദാസിയെന്ന് പറഞ്ഞ്
യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങൾ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോർത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകൾക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹരി. ഹിന്ദുവായ ഇന്ത്യൻ നർത്തകിയും ദേവദാസിയുമാണെന്ന് പറഞ്ഞാണ് അവർ ആദ്യകാലത്ത് ഫ്രാൻസിൽ പിടിച്ചു നിന്നത്.
1876 ഓഗസ്റ്റ് 7നാണ് നെതർലാൻഡ്‌സിലെ തൊപ്പിക്കച്ചവടക്കാരനായിരുന്ന ആദം സെല്ലേയ്ക്ക് മാർഗരീറ്റ എന്ന പേരിൽ ഒരു മകൾ ജനിക്കുന്നത്. എണ്ണക്കച്ചവടത്തിൽ നിക്ഷേപങ്ങളുണ്ടായിരുന്ന ആദം തന്റെ മക്കളുടെ ബാല്യകാലത്ത് ഒന്നിനും ഒരു കുറവും വരുത്തിയില്ല. 1889 ആയപ്പോഴേക്കും ആദം പാപ്പരായി. പിന്നാലെ ഭാര്യയുമായി തെറ്റി, വിവാഹമോചിതനുമായി. രണ്ടുവർഷത്തിനുള്ളിൽ മാർഗരീറ്റയുടെ അമ്മ അസുഖബാധിതയായി മരണപ്പെടുന്നു. അതോടെ അവളുടെ മേലുള്ള ശ്രദ്ധയും കുറഞ്ഞു. പതിനാലാമത്തെ വയസ്സിൽ അവളെ വിവാഹിതനായ ഹെഡ് മാസ്റ്റർ ബലാത്സഗം ചെയ്യുകയായിരുന്നു. എന്നാൽ ഇത് പ്രണമായണെന്നും പറയുന്നുണ്ട്. ഇതോടെ അവളെ സ്‌കൂളിൽനിന്ന് പുറത്താക്കി.
പിന്നീട്, സാമ്പത്തികമായ സ്വയംപര്യാപ്തത തേടി അവൾ പല തൊഴിലുകളും അന്വേഷിച്ചു എങ്കിലും ഒന്നിലും ഉറച്ചു നിൽക്കാനായില്ല. എന്നാൽ പിൽക്കാലത്ത് മാതാഹരിയുടെ ജീവിതം പഠിച്ച ഗവേഷകർ പറയുന്നത് ഹെഡ്‌മാസ്റ്റർ പ്രണയം നടിച്ച് ആ കുട്ടിയെ ബലാത്സഗം ചെയ്യുകയായിരുന്നെന്നാണ്. പുരുഷന്മാർ മൊത്തം വിഷയലമ്പടർ ആണെന്ന തെറ്റായ അറിവ് അവളിൽനിറച്ച് ഈ സംഭവമാണെന്ന് മാതാഹരിയുടെ ജീവിതം പഠിച്ച പലരും കണ്ടെത്തി.
പത്തൊൻപതാം വയസിൽ തന്നെക്കാൾ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാംബെൽ മക്ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ അവൾ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികളുണ്ടായി. ഒരു പെണ്ണും ഒരാണും. മക്ലിയോഡ് അമിത മദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിർട്രീഡയെ ഇയാൾ നിരന്തരം ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇതോടെ മാനസികമായി തകർന്ന ഗിർട്രീഡ വിവാഹബന്ധം വേർപെടുത്തി, മകളെ നെതർലാൻഡ്സിലെ ബന്ധുക്കളെ ഏൽപ്പിച്ച് പാരീസിലേക്ക് പോയി.
പാരീസിൽ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് രംഗപ്രവേശം ചെയ്തത്. ഇൻന്ത്യയിൽ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തി. ഒരു ഇന്ത്യൻ സുന്ദരിക്കുള്ള എല്ലാ ശരീര സൗഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേതസർക്കസിലടക്കം പലയിടത്തു ജോലി ചെത്തു. ഒന്നും ക്ലച്ച് പിടിച്ചില്ല. അവകാനം അവൾ തനിക്കുള്ള വശ്യ സൗന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കാൻ തീരുമാനിക്കായിരുന്നു്.. പുതിയ ലാവണ്യത്തിന് ചേർന്നൊരു പേരും അവൾതിരഞ്ഞെടുത്തു.'മാതാഹരി' എന്നാൽ പുലരിയുടെ കണ്ണ് എന്നാണ് അർഥം.
നൃത്തത്തിലുടെയാണ് അവർ പേരെടുത്തത്. ചുവടുകൾ മുറുകുമ്പോൾ ഒന്നൊന്നായി വസ്ത്രം ഉപേക്ഷിച്ച് അവസാനം നൂൽബന്ധമില്ലാതെയുള്ള ആ നൃത്തം യൂറോപ്പിൽ ഹരമായി. അലങ്കാരപ്പണികളുള്ള മാർവസ്ത്രവും, ആഭരണങ്ങളുമൊക്കെയായി പൂർണ്ണമായും വസ്ത്രം ധരിച്ച് എത്തിയശേഷം, നൃത്തം ചെയ്യുമ്പോൾ അത് ഒന്നൊന്നായി ഉപേക്ഷിക്കയായിരുന്നു മാതാഹരിയുടെ രീതി. പക്ഷേ നൃത്തത്തിന്റെ വേഗത്തിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്നതെന്ന് തോനിക്കുന്ന രീതിയിലാണ് ഈ വസ്ത്രം ഉരിയൽ! ഇത് ഒരു തവണ കണ്ടവർ ഒക്കെയും മാതാഹരിയുടെ അഡിക്റ്റായി.വളരെ പെട്ടെന്നുതന്നെ പാരീസിൽ മാതാ ഹരി ഒരു ഡാൻസിങ്ങ് സെൻസേഷനായി മാറി. മനഃപൂർവം തന്നെ ലൈംഗികതയുടെ അതിപ്രസരമുള്ള ഫോട്ടോഷൂട്ടുകൾ സംഘടിപ്പിക്കപ്പെട്ടു. അർദ്ധനഗ്നമായ പല പോസുകളിലുമുള്ള അവളുടെ ചിത്രങ്ങൾ നാട്ടിലെങ്ങും പ്രചരിച്ചു. ആരെയും മയക്കുന്ന സർപ്പസൗന്ദര്യമായിരുന്നു മാതാഹാരിയുടേത് എന്ന് ടാബ്ലോയിഡുകൾ എഴുതി.
പാരീസിലെ തെരുവീഥികളിൽ നൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി. മോണ്ടികാർലോ, ബർലിൻ, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്മാരെ അവൾ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജർമ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രൺസ്വിക്ക് പ്രഭു തുടങ്ങിയവർ അവളുടെ വലയിൽ കുടുങ്ങിയ പ്രഗൽഭന്മാരിൽ ചിലർ മാത്രമാണ്. 1914 ആഗസ്റ്റിൽ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജർമ്മൻ പൊലീസ് മേധാവിയോടൊപ്പം കാറിൽ ബർലിൻ നഗരത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി! അത്രക്ക് സ്വാധീനമായിരുന്നു അവർക്ക്.
എന്നും ജീവിച്ചത് പ്രണയത്തിനും ആനന്ദത്തിനും
അതിനിടെ ജർമ്മനിയിൽ നിന്ന് പാരീസിലേക്ക് പോകാൻ ശ്രമിച്ച മാതാഹരിയെ ജർമ്മൻ സൈനികർ തടഞ്ഞു നിർത്തി. അവരുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട ആഭരണങ്ങളും പണവും മറ്റും കവർന്നെടുത്തു. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടു ചെന്ന അവർ തന്റെ ജന്മനാടും, യുദ്ധത്തിൽ നിഷ്പക്ഷരായ നിന്ന രാജ്യവുമായ നെതർലാൻഡ്‌സിലേക്ക് ചെന്നു. അവിടെ, പഴയ മാതാഹരിയുടെ ഒരു പഴയ ഇഷ്ടക്കാരൻ തന്റെ മാളികളിൽ ഒന്നിൽ അവളെ കുടിയിരുത്തി.
യുദ്ധം കഴിയും വരെ ഒന്നടങ്ങിയിരിക്കാൻ എന്നിട്ടും മാതാഹരിക്ക് തോന്നിയില്ല. തന്റെ കാമുകരുമായി സന്ധിക്കാൻ വേണ്ടി അവൾ ഇംഗ്ലണ്ട് വഴി പാരീസിലേക്ക് ചെന്നു. ജർമ്മൻ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. അപ്പോഴേക്കും ബ്രിട്ടീഷ് രഹസ്യപ്പൊലീസിന്റെ സംശയദൃഷ്ടി മാതാഹരിക്കുമേൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു ജർമ്മൻ ചാരയാണ് എന്ന സംശയത്തിന്റെ പുറത്ത് നിരന്തര നിരീക്ഷണത്തിന്റെ നിഴലിലായി മാതാഹരി.
പാരീസിൽ ചെലവിട്ട അൽപ്പസമയം കൊണ്ടുതന്നെ, യുദ്ധത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഒരു റഷ്യൻ ക്യാപ്റ്റനായി മാതാഹരി പ്രണയത്തിലാകുന്നുണ്ട്. ആ ഓഫീസറുമായുള്ള സമാഗമങ്ങൾക്കായി ആശുപത്രിയിൽ ചെന്ന സമയത്താണ്, ബ്രിട്ടീഷ് രഹസ്യപ്പൊലീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം മാതാഹരിയെ പിന്തുടർന്നുചെന്ന ഫ്രഞ്ച് രഹസ്യപ്പൊലീസിലെ ഒരു ഓഫീസർ അവളെ തടഞ്ഞു നിർത്തുന്നത്. അയാൾ മാതഹാരിയെ ഫ്രാൻസിനുവേണ്ടി ചാരവൃത്തി നടത്താൻ നിർബന്ധിച്ചു. പകരമായി നല്ലൊരു തുക വാഗ്ദാനം ചെയ്തതോടെ മാതാഹരി അതിനും തയ്യാറായി. ആ പണവും വാങ്ങി, തന്റെ റഷ്യൻ കാമുകനോടൊപ്പം സ്വസ്ഥമായ ഒരു കുടുംബ ജീവിതം, അതായിരുന്നു മാതാഹരിയുടെ മനസ്സിൽ എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്.
അങ്ങനെ ആ ഫ്രഞ്ച് രഹസ്യപ്പൊലീസുദ്യോഗസ്ഥനിൽ നിന്ന് ദൗത്യമേറ്റെടുത്ത്, ജർമ്മൻ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചോർത്താനുറപ്പിച്ച് മാതാ ഹരി യൂറോപ്പിലൂടെ സഞ്ചാരം തുടങ്ങി. അത് അവർ ചെയ്തതായും രേഖകൾ ഉണ്ട്. ജർമ്മനിയിൽവെച്ച് ഇന്ത്യൻ വിപ്ലവകാരി ചെമ്പകരാമൻ പിള്ളയെ വശീകരിച്ച് പിടിക്കാനും അവർക്ക് ദൗത്യമുണ്ടായിരുന്നുവെന്നും എന്നാൽ അവൾ അദ്ദേഹവുമായി പ്രണയത്തിൽ ആവുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
പക്ഷേ ഇംഗ്ളണ്ടിൽ വെച്ച് അവൾ പിടിയിലായി. ചോദ്യം ചെയ്യലിനിടെ തന്റെ ഫ്രഞ്ച് കണക്ഷൻ മാതാഹരി വെളിപ്പെടുത്തുന്നുണ്ടെങ്കിലും, ആ ഉദ്യോഗസ്ഥൻ അതെല്ലാം നിഷേധിക്കുന്നു. ഒടുവിൽ അവൾ മാഡ്രിഡിൽ കുടുങ്ങിപ്പോകുന്നു. അവസാനത്തെ കച്ചിത്തുരുമ്പ് എന്ന നിലയ്ക്കാണ് അവിടെ വെച്ച് മാതാഹരി മാഡ്രിഡിലെ ജർമ്മൻ അറ്റാഷെയെ വശത്താക്കുന്നു.അങ്ങനെ ഒരു വിധത്തിലാണ് അവർ പാരീസിൽ എത്തിപ്പെടുന്നത്.
എന്തായാലും, ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളുടെ പേരിൽ ഒരാളെ ബലിയാടാക്കാൻ ആരെയെങ്കിലും നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് മാതാഹരി തന്റെ പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട് പാരീസിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ തന്നെ ജോലിയേൽപ്പിച്ച ഫ്രഞ്ചുചാരനെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. എന്നാൽ, തന്റെ പ്രവൃത്തികളെപ്പറ്റി വീരസ്യം പറയുന്ന അവളുടെ സ്വഭാവം, ഫ്രഞ്ച് രഹസ്യപ്പൊലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ മാതാഹാരിക്ക് വിനയായി. പറഞ്ഞ കഥകളിൽ ആകെ വൈരുദ്ധ്യം പ്രകടമായിരുന്നു. ഒടുവിൽ ജർമ്മൻ സൈന്യത്തിൽ നിന്നും പണം സ്വീകരിച്ചിരുന്നു എന്ന് അവർക്കുമുന്നിൽ മാതാ ഹരിക്ക് വെളിപ്പെടുത്തേണ്ടി വരുന്നു. അതോടെ ഡബിൾ ഏജന്റാണ് അവർ എന്ന വാദം ഉയർന്നു. സത്യം അങ്ങനെ അല്ലെങ്കിലും.
.മാതാഹാരിയുടെ കേസ് കോടതിയിൽ വിചാരണയ്ക്ക് വരുന്നു. നാല്പതു മിനിറ്റ് നീണ്ടു നിന്ന വിചാരണയിൽ എന്നിട്ടും അവളുടെ മേൽ ചാർത്തപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടു. അവൾ മാതാ ഹരി കുറ്റക്കാരി എന്ന് വിധിക്കപ്പെടുന്നു. ' എന്നെ നിങ്ങൾ ഒരു വേശ്യയെന്ന് വിളിച്ചാൽ ഞാനത് വേണമെങ്കിൽ സമ്മതിക്കും. പക്ഷേ, ഞാൻ ഒരിക്കലും ചാരവനിത അല്ല. ഞാൻ എന്നും ജീവിച്ചിട്ടുള്ളത്, പ്രണയത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണ്..' - മാതാഹരി തുറനന്നടിച്ചപ്പോൾ കോടതി ഒരു വേള നിശബ്ദമായിപ്പോയി.
വാഴ്‌ത്തിയ നാട് തന്നെ വെടിവെച്ച് കൊല്ലുന്നു
യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസർ ജയിലിലെ പന്ത്രണ്ടാം നമ്പർ സെല്ലിലെ വിഐപി പ്രതിയായിരുന്നു. മാസങ്ങളോളം നീണ്ട കോർട്ട് മാർഷലിൽ മാതാഹരി ഒരിക്കലും പതറിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് വെളിപ്പെടുത്തി. പാരീസിൽ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയിൽ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാൻ ഫ്രാൻസിന്റെ പക്കൽ തെളിവുകൾ ഒന്നും അവശേഷിച്ചില്ല.
വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ വിവാദ നായികയെ വെടിവച്ചു കൊല്ലാനാണ് കോടതി ഉത്തരവിട്ടത്. പിൽക്കാലത്ത് ഈ ഉത്തവരും വിമർശിക്കപ്പെട്ടു. ഒന്നാംലോക മഹായുദ്ധത്തിൽ നിന്നുണ്ടായ കെടുതികൾ മറച്ചുവെക്കാനും, വാർത്തകൾ വഴി ശ്രദ്ധമാറ്റാനും, ഈ സർപ്പസുന്ദരിയെ ബലിയാടുക്കുകയായിരുന്നെന്നാണ് പറയുന്നത്. ഫ്രാൻസിനുവേണ്ടി അവർ ചാരവൃത്തി നടത്തിയിരിക്കാം.പക്ഷേ ഒരിക്കലും ഫ്രാൻസിന് എതിരെ നടത്തിയിട്ടില്ല എന്ന് പിന്നീട് നടത്തിയ ഗവേഷണങ്ങളിലും വെളിപ്പെട്ടു.
1917 ഒക്ടോബർ 15 വെളുപ്പിന് അവൾ വിളിച്ചുണർത്തപ്പെട്ടു. ആ വെളുപ്പിന് അവൾ മരിക്കാൻ പോവുകയാണെന്ന് ജയിലർ ഇടറുന്ന കണ്ഠത്തോടെ അറിയിച്ചു. നാൽപ്പത്തിയൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാൻ അണിഞ്ഞൊരുങ്ങി. അവൾ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിങ് ഗ്രൗണ്ടിലേക്ക് തിരിച്ചു.
വിൻസെന്നയിലെ റൈഫിൾ റെയ്ഞ്ചിൽ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിങ് സ്‌ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാൽ വെയപ്പുകളോടെ അവൾ ഉദ്യോഗസ്ഥർ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. അതുകണ്ട് സൈനികൾ പോലും അമ്പരുന്നുവെന്നാണ് പിൽക്കാലത്ത് മാധ്യമങ്ങൾ എഴുതിയത്. കാരണം പേടിച്ച് ജീവഛവമായും, അലറിക്കരഞ്ഞുമൊക്കെയാണത്രേ പലരും ഇങ്ങോട്ട് എത്തുക.
ശിക്ഷ നടപ്പാക്കുന്നതിനു മുൻപായി പ്രതിക്ക് നൽകാറുള്ള മദ്യം അവൾ വാങ്ങി കുടിച്ചു. എന്നാൽ കൈകൾ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിർത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ എതിർത്തു. നിർന്നിമേഷയായി, തന്റെ നേർക്ക് വെടിയുണ്ട ഉതിർക്കാൻ നിൽക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നിൽക്കാനാണ് അവൾ ആഗ്രഹിച്ചത്. ഉദ്യോഗസ്ഥർ അതിന് അനുവാദം നൽകി. എന്നാൽ അവരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് മാതാ ഹരി അവിടെയും തന്റെ ചങ്കുറപ്പ് തെളിയിച്ചു. മരണത്തിലും അവർ വ്യത്യസ്തയായിരുന്നു. ഫയറിങ്ങ് സ്‌ക്വാഡിലെ സൈനികർ തങ്ങളുടെ തോക്കുകൾ ഒന്നൊന്നായി ലോഡുചെയ്തു. തോക്കുകൾ ഉയർത്തി തന്റെ നേർക്ക് ഉന്നം പിടിച്ചു നിന്ന ആ ഫയറിങ് സ്‌ക്വാഡിന്റെ നേർക്ക് അവൾ തന്റെ അന്ത്യചുംബനങ്ങൾ പറത്തിവിട്ടു. ഫയറിങ് സ്‌ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനിൽക്കുകയായിരുന്ന മാതാഹാരി. തുടർന്ന് തന്റെ ഉടുപ്പിലെ കുടുക്കുകൾ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാർക്ക് കാട്ടിക്കൊടുത്താണ് അവൾ വെടിയുണ്ടകളെ സ്വീകരിച്ചത്!
വീണ്ടും പ്രശ്സതനാക്കിയത് പാവ്ലോ കൊയ്ലോ
ഒരുവേള മറവിൽ മുങ്ങിപ്പോയ മാതാഹരിയെ വീണ്ടും പ്രശസ്തയാക്കിയത്, വിശ്വ സാഹിത്യകാരൻ പൗലോ കൊയ്‌ലോ ആണ്. മാതാഹരിയുടെ ജീവിതം ആസ്പദമാക്കി അദ്ദേഹം എഴുതിയ 'ചാരസുന്ദരി' എന്ന നോവൽ ബെസ്റ്റ് സെല്ലറായി. മരിക്കുന്നതിന് മുൻപ് ജയിലിൽ വെച്ച് അവൾ എഴുതിയ കത്തിൽ നിന്നും തുടങ്ങി, മരണത്തെ ചൊല്ലി മാതാഹരിയുടെ വക്കീലിന്റെ ഹൃദയസ്പർശിയായ കത്ത് വരെ തുടരുന്ന വായനയാണ് 'ചാരസുന്ദരി' എന്ന നോവൽ. സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നും ആദ്യമായി ബലാത്സംഗത്തിന്റെ അനുഭവങ്ങൾ നേരിട്ടതോടെയാണ് മാർഗരീറ്റാ ടെർടൂഡിയാ സെല്ലാ എന്ന പെൺകുട്ടിയുടെ ജീവിതം മാറി മറിയുന്നതെന്ന് നോവലും സമ്മതിക്കുന്നു. അവിടുന്ന് തൊട്ട് മരണത്തിന്റെ മുന്നിൽ പോലും സ്വന്തം വസ്ത്രത്തിന്റെ ഹുക്കുകൾ ഊരിമാറ്റി തുറന്ന മാറിടം കാണിക്കുന്ന അവളുടെ റെബൽ സ്വഭാവം നോവലിസ്റ്റ് എടുത്തുപറയുന്നു.
ജർമ്മനിക്കും ഫ്രാൻസിനുമിടയിൽ ഡബിൾ ഏജന്റായി അവൾ പ്രവർത്തിച്ചിരുന്നോ എന്ന ചോദ്യത്തിന് പൗലോ കൊയ്‌ലോയുടെ ഇല്ല എന്ന ഉത്തരമാണ് നൽകുന്നത്. എപ്പോഴും ഫ്രാൻസിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിച്ചവളായിരുന്നു മാതാഹരി. പാരീസ് എന്ന സ്വപ്നലോകത്തേക്ക് അവൾ എത്തപ്പെട്ടത് പോലും സ്വാതന്ത്ര്യവും സ്വപ്നവും ഇഷ്ടപ്പെടുന്ന ഒരു ജനതയുടെ ഭാഗമാകാൻ ആയിരുന്നു. എന്നാൽ അവളുടെ സൗന്ദര്യത്തെയും പെണ്മയെയും വറ്റിച്ച് കുടിച്ച ശേഷവും ഫ്രാൻസ് അവളെ കൊലക്ക് കൊടുക്കയായിരുന്നു. അപ്പോഴും അവൾക്ക് ആ രാജ്യത്തിനൊപ്പം നിൽക്കാൻ മാത്രമാണ് തോന്നിയതെന്നതും വൈരുദ്ധ്യമാകാം. ജർമ്മനിയുടെ ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ അവൾക്കുള്ള ബന്ധം ഒരു ഏച്ചുകെട്ടൽ മാത്രമായിരുന്നവെന്നും, വെറും ലൈംഗിക തൃഷ്ണമാത്രമാണ് ഇതിനുപിന്നിൽ ഉള്ളതെന്നും നോവൽ വ്യക്തമാക്കുന്നു.
കേരളത്തെയും പുലിവാലുപിടിപ്പിച്ച് ആ നഗ്ന മാറിടം
മരിച്ചിട്ട് ഒരു നൂറ്റാണ്ട് അടുക്കവെ 2016ൽ മാതാഹരി കേരളത്തിലും വലിയ ഒരു വിവാദത്തിന് 'കാരണഭൂതയായി'. ഇയ്യോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപൻ, മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'മൃദ്യംഗിയുടെ ദുർമൃത്യു' എന്ന നാടകത്തിനു വേണ്ടി, ചിത്രകാരൻ ടോം വട്ടക്കുഴി വരച്ച്, മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയിൽ വന്ന ഒരു ചിത്രമാണ് വൻ വിവാദത്തിന് ഇടയാക്കിയത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വന്ന ചിത്രത്തിൽ കാന്യാസ്ത്രീകൾക്കൊപ്പം തുറന്ന മാറിടവുമായി മാതാഹരി ഇരിക്കുന്ന ചിത്രമാണ് വൻ വിവാദമായത്.
ഇത് ക്രിസ്തുമതത്തെ അപമാനിക്കുന്ന ചിത്രമാണെന്നായിരുന്നു ആരോപണം. വിശ്വാസികളൂടെ പേരിൽ ചിലർ ആസൂത്രിതമായി പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ, മാസിക മനോരമ പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ചിലയടിത്ത് പ്രതിഷേധവും അതിശക്തമായ മനോരമാ ബഷിഷ്‌ക്കരണവും നടന്നു. ഇതോടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു എന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങളുണ്ടായി.
ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി വരച്ചതായിരുന്നു ഈ പെയിന്റിങ്. ഭക്ഷണമേശയ്ക്ക് അടുത്ത് പന്ത്രണ്ട് കന്യാസ്ത്രീകൾ. നടക്ക് മാറിടം പ്രദർശിപ്പിക്കുന്ന മാതാഹരി. പിന്നിൽ തോക്കേന്തിയ പട്ടാളക്കാർ. നാടകത്തിലെ രംഗം ഭാവനാത്മകമായി ചിത്രീകരിക്കാനുള്ള ചിത്രകാരന്റെ ശ്രമമാണ് അവിടെ നടന്നത്. പൗലോ കൊയ്ലോ എഴുതിയ ദ സ്പൈ എന്ന നോവൽ തരംഗമായതോടെ മാതാഹരിയുടെ ജീവിതം വീണ്ടും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാതാഹരിയുടെ അന്ത്യനിമിഷങ്ങളെ പ്രതിപാദിക്കുന്ന നാടകം സി ഗോപൻ എഴുതിയത്.
മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയത് പ്രശസ്ത കവി വൈലോപ്പള്ളി ശ്രീധരമേനോനാണ്. നർത്തകി എന്ന പേരിൽ എഴുതിയ ആ കവിതയെ അടിസ്ഥാനമാക്കിയാണ് സി ഗോപൻ 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകം എഴുതിയത്. വെടിവച്ചുകൊല്ലപ്പെടുന്നതിന് മുമ്പ് ഒരു കന്യാസ്ത്രീ മഠത്തിൽ മാതാഹരി ആടിയ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ നർത്തകിയുടെ പ്രമേയം. അത് മാതാഹാരിയുടെ അന്ത്യാത്താഴമാണ്. അതിന് ശേഷം നൃത്തം. തുടർന്ന് സൈനികൾ എത്തി അവരെ വെടിവെച്ച് കൊല്ലും. നർത്തകിയുടെ അവസാന ചുവടുപോലെ ശരീരം ഉലച്ച് അവൾ മരിച്ചു വീഴുന്നു. വൈലോപ്പിള്ളി അടക്കമുള്ളവർ കഥാപാത്രമായി രംഗത്തുവരുന്ന നാടകത്തിൽ കവിതയുടെ വരികൾ അപ്പാടെ തന്നെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ കാര്യങ്ങൾ ഒന്നും പഠിക്കാതെയാണ് പ്രതിഷേധം ഉണ്ടായത്.
എന്തായാലും നൂറ്റാണ്ട് മുമ്പ് മരിച്ച ഒരു പ്രണയനായിക, ഈയിടെയും ഓർമ്മിപ്പിച്ചത്, മലയാളിയുടെ അസഹിഷ്ണുതയെയും, മതത്തിന്റെ പിടിമുറക്കലും തന്നെ ആയിരുന്നു.
വാൽക്കഷ്ണം: നമ്മുടെ കുറിയേടത്ത് താത്രിയോട് ഇന്ന് മാതാഹരിയെ താരതമ്യം ചെയ്യുന്ന ഗവേഷകരുമുണ്ട്. വിഖ്യാത എഴുത്തുകാരൻ റോബിൻ ജിഫ്രിയൊക്കെ ആ പക്ഷത്താണ്. താത്രിയെപ്പോലെ ഒരു ആൺവേട്ടക്കാരിയായിരുന്നു മാതാഹരിയും. എന്നും പ്രണയത്തിനും ആനന്ദത്തിനുമായി ദാഹിച്ചവളായിരുന്നു അവൾ. പണവും അധികാരവും രണ്ടാമത് മാത്രം. മാതാഹരിയെപ്പോലെ താത്രിയും അസാമാന്യ ധൈര്യവതിയായിരുന്നു. ഒപ്പം റെബലും. പുതിയ പഠനങ്ങളിൽ ചാരസുന്ദരിയായിട്ടല്ല യൂറോപ്പിന്റെ പ്രണയ നായിക ആയാണ് മാതാഹരി വിശേഷിക്കപ്പെടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ