- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായൊരു വീട്, കുഞ്ഞുങ്ങളുടെ പഠനം... മത്തായിക്കും ഉണ്ടായിരുന്നത് ഈ കൊച്ചു മോഹങ്ങൾ; ഒരു തെറ്റും ചെയ്യാത്ത പൊന്നുവിന് നീതിയുറപ്പാക്കാൻ ഷീബ നടത്തിയ പോരാട്ടം വെറുതെയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകമെങ്ങുമുള്ള മലയാളികൾ; സിബിഐയുടെ ദേഹ പരിശോധനയിൽ തെളിഞ്ഞത് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ; ഇനി നിർണ്ണായകം റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്; നീതിക്കായുള്ള സമരത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ചിറ്റാറിലെ വീട്ടമ്മ
പത്തനംതിട്ട: ചിറ്റാറിൽ സിബിഐയെ എത്തിച്ചത് ഷീബയുടെ ഉഗ്ര ശപഥം. 40 ദിവസം മുൻപ് വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ (പൊന്നു41) മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിക്കുമ്പോൾ ചർച്ചയാകുന്നത് ഭാര്യ ഷീബയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അന്ത്യ ദർശനവും സംസ്‌കാരച്ചടങ്ങുകളും.
റീപോസ്റ്റ്‌മോർട്ടത്തിനു ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ ഭാര്യ ഷീബയും ബന്ധുക്കളും ഏറ്റുവാങ്ങി. വിലാപയാത്രയായി നാട്ടിലെത്തിച്ചു. മത്തായിയുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ ഏലിയാമ്മ അലമുറയിട്ടു കരഞ്ഞു. ഷീബയും മക്കളായ സോണയും ഡോണയും കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു.
ജൂലൈ 28ന് വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബ വീടിനു സമീപമുള്ള കിണറ്റിൽ വൈകിട്ട് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സിബിഐ അന്വേഷണ സംഘം നടത്തിയ ദേഹപരിശോധനയിൽ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ കണ്ടെത്തി. കേസിൽ അട്ടിമറിക്ക് ശ്രമം നടന്നുവെന്നതിന് തെളിവാണ് ഇത്. ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാകും അതിനിർണ്ണായകം.
സ്വന്തമായൊരു വീട്, കുഞ്ഞുങ്ങളുടെ പഠനം... ഇങ്ങനെ ചെറിയ സ്വപ്നങ്ങളേ ചിറ്റാറിലെ കർഷകനും ഫാം ഉടമയുമായ പി.പി. മത്തായിക്ക് ഉണ്ടായിരുന്നുള്ളൂ. എല്ലാം തകർന്നത് പൊടുന്നനെയാണ്. അതുകൊണ്ട് തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് പ്രതിഷേധത്തിന് മത്തായിയുടെ ഭാര്യ ഷീബ മുന്നിട്ടിറങ്ങി. ഭർത്താവിന്റെ മരണകാരണം തേടിയുള്ള സഹനസമരം കേരളത്തിന്റെ കണ്ണീരായി.
നീതികിട്ടുംവരെ ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നുറപ്പിച്ചുള്ള പോരാട്ടം തുടർന്നത് 40 ദിവസം. അങ്ങനെ കേസ് അന്വേഷണത്തിന് അതിവേഗം സിബിഐ എത്തി. റീ പോസ്റ്റ്‌മോർട്ടവും നടന്നു. പൊന്നുവിന്റെ മരണത്തിനുപിന്നിലെ യാഥാർഥ്യം തെളിയുമെന്ന പ്രതീക്ഷയോടെ കഴിയുന്ന ഷീബ, പ്രിയതമന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
വൈകീട്ട് വീട്ടിൽനിന്നു വനപാലകർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. ഉടനെ, ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കെത്തി. അപ്പോൾ അവിടെയൊന്നും മത്തായിയെ കണ്ടില്ല. സന്ധ്യ കഴിഞ്ഞതോടെയാണു കാര്യങ്ങൾ വ്യക്തമായത്. തളർന്നിരുന്നുപോയി. പലരും ആശ്വാസവാക്കുകളുമായെത്തി.
ഒരു തെറ്റും ചെയ്യാത്ത എന്റെ പൊന്നുവിന്റെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയവരെ കണ്ടെത്താൻ മരണംവരെ പോരാടണമെന്നു തീരുമാനിച്ചു. ഒരു തെറ്റും ചെയ്യാത്ത ഒരാളെ അന്യായമായി തടങ്കലിൽ വെക്കുക, പിന്നീട് ചേതനയറ്റ ശരീരം കൈമാറുക. എന്തു ലോകമാണിത്? ഈ കാട്ടുനീതിക്കെതിരേ പോരാടാൻ എങ്ങനെയോ കരുത്തുകൈവന്നു. അച്ചാച്ചന്റെ ആത്മാവ് ഒപ്പമുള്ളതുപോലെയായിരുന്നു-ഷീബ മാതൃഭൂമിയോട് പങ്കുവച്ചത് ഈ വികാരമായിരുന്നു.
''സ്‌കൂളിലെ അനധ്യാപക ജീവനക്കാരി മാത്രമായ എനിക്ക് സമരരംഗങ്ങളൊക്കെ അന്നുവരെ അപരിചിതമായിരുന്നു. അച്ചാച്ചന് അന്നു സംഭവിച്ചത് എന്താണെന്നറിഞ്ഞേ തീരൂ. അച്ചാച്ചനൊപ്പമുള്ള ജീവിതത്തിന് പത്തുവർഷം തികയുമായിരുന്നു അടുത്ത ജനുവരിയിൽ. ഇനി ഒരു കുടുംബത്തിനും ഈ ഗതി വരരുത്. അതിനാലാണ് നീതി കിട്ടുംവരെ മൃതദേഹം സംസ്‌കരിക്കേണ്ടെന്നു തീരുമാനിച്ചത്.''-എന്നും ഷീബ പറയുന്നു.
പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും ആരെയും പ്രതിചേർക്കാതിരുന്നത് സംശയം കൂട്ടി. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണച്ചുമതല സിബിഐ. ഏറ്റെടുത്തത് വളരെ വേഗത്തിലായിരുന്നു. സിബിഐ. അന്വേഷണത്തിന് തീരുമാനമായപ്പോൾ മൃതദേഹം ഇനി സംസ്‌കരിച്ചുകൂടേയെന്ന് ചിലർ ചോദിച്ചു. വീണ്ടും പോസ്റ്റ്‌മോർട്ടത്തിനായി പിന്നേയും കാത്തിരുന്നു.
മത്തായിയെ വീട്ടിൽനിന്നു വനപാലകർ കൊണ്ടുപോകുന്നത് മക്കൾ കണ്ടിരുന്നു. മൂത്തമകൾ സോണ നാലാം ക്ലാസിലാണ്. ഇളയകുഞ്ഞ് ഡോണ അങ്കണവാടിയിലും. സിബിഐ. സത്യം പുറത്തുകൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസമുണ്ട്. മത്തായിയെ വകവരുത്തിയവർ പിടിയിലാകണം. നീതിക്കായുള്ള സമരത്തിൽ പൊതുസമൂഹത്തിൽനിന്നു നല്ല പിന്തുണയാണു കിട്ടിയത്. അതൊരിക്കലും മറക്കില്ല-ഷീബ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ