- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ വനം ഉദ്യോഗസ്ഥർ കടന്നുകളഞ്ഞു; ഉപേക്ഷിച്ചു പോയ നടപടി മരണത്തിലേക്കു നയിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; സിബിഐ കുറ്റപത്രം തള്ളുന്നത് ആത്മഹത്യാവാദം; ആ വനപാലകർ ഇപ്പോഴും സർവ്വീസിൽ; ഇനിയെങ്കിലും ആ ക്രൂരന്മാരെ പിരിച്ചുവിടുമോ?
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശി പി.പി.മത്തായി (പൊന്നു) കൊല്ലപ്പെട്ടതിന് പിന്നിൽ കുറ്റകരമായ അനാസ്ഥ തന്നെ. തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ സംഭവസ്ഥലത്ത് നിന്നു വനം ഉദ്യോഗസ്ഥർ കടന്നുകളഞ്ഞെന്നാണ് സിബിഐ കണ്ടെത്തൽ. മത്തായിയെ ഉപേക്ഷിച്ചു പോയ നടപടി മരണത്തിലേക്കു നയിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇതാണ് മരണത്തിന് കാരണമായതും.
അതുകൊണ്ടാണ് കേസിൽ കുറ്റകരമായ നരഹത്യയെന്ന് സിബിഐ കുറ്റപത്രം പറയുന്നത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട വടശേരിക്കര ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജോസ് വിൽസൻ, ഡിക്രൂസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അനിൽകുമാർ, സന്തോഷ്, ലക്ഷ്മി എന്നിവരെ 1 മുതൽ 6 വരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. മത്തായിയുടെ വീട് കാണിച്ചു കൊടുത്ത അരുണും പ്രതിയാണ്.
കസ്റ്റഡിയിലിരിക്കെ 2020 ജൂലൈ 28നാണ് മത്തായിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം. വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറ കേടുവരുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. നിരീക്ഷണ ക്യാമറ കേടുവരുത്തിയെന്ന ആരോപണം ശരിയാണെങ്കിൽ പോലും വനപാലകർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു വേണ്ടത്. ഇതുണ്ടായില്ലെന്നും സിബിഐ പറയുന്നു.
വനപാലകരുടെ മർദനം മരണത്തിനു കാരണമായില്ല എന്നതിനാലാണ് കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം (ഐപിസി 304 (2)) ചുമത്തിയത്. 10 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മത്തായിയുടേത് ആത്മഹത്യയല്ലെന്ന് തെളിഞ്ഞതിൽ ആശ്വാസമുണ്ടെന്നു ഭാര്യ ഷീബാ മോൾ പറഞ്ഞു.
2020 ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായിയുടെ മൃതദേഹം മൂന്നാഴ്ച മോർച്ചറിയിൽ തന്നെ ഇരുന്നു. ഈ അസാധാരണ പ്രതിഷേധമാണ് വനംവകുപ്പിലെ കള്ളക്കളികൾ പുറത്തെത്തിച്ചത്. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മത്തായിയുടെ ഭാര്യ ഷീബ. ഇതിന് മുമ്പിൽ സർക്കാരും മുട്ടുമടക്കി. അങ്ങനെയാണ് കേസിൽ സിബിഐ എത്തിയത്.
അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. വനംവകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥർ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാൽ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണപ്പോൾ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. കുറ്റപത്രം സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വക്കീലുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.
2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു.
സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്‌ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. കുറ്റപത്രം നൽകിയതോടെ ഈ ഉദ്യോഗസ്ഥരെ പിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ