കൊച്ചു കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഒരു പ്രതീക്ഷ തന്നെയാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറ്റിയാണ് കുഞ്ഞുങ്ങളെ ഇവർ കൊണ്ടു നടക്കു പോലും ചെയ്യുക. എന്നാൽ തായ്‌ലാൻഡിലെ ഈ ദമ്പതികൾക്ക് വലിയ പ്രതീക്ഷ തങ്ങളുടെ മരിച്ചു പോയ രണ്ടു വയസ്സുകാരി മകളിലാണ്. മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വരുന്നതോടെ മരിച്ചു പോയ മകളെ തിരിച്ചു കിട്ടുമെന്ന ഒടുക്കത്തെ പ്രതീക്ഷയിലാണിവർ. കുട്ടികളെ ബാധിക്കുന്ന അപൂർവ ക്യാൻസർ രോഗം പിടിപെട്ട് ജനുവരിയിലാണ് മത്തേരിൻ നവോവരത്‌പോംഗ് എന്ന കൊച്ചു സുന്ദരി മരണത്തിനു കീഴടങ്ങിയത്. തലച്ചോറിലെ അർബുദ ബാധ കണ്ടെത്തി ഏറെ താമസിയാതെ തന്നെ ബാങ്കോക്കിലെ ആശുപത്രയിൽ വച്ചായിരുന്നു മരണം.

12 തവണ തലച്ചോർ ശസ്ത്രക്രിയയും 20 കീമോതെറപ്പികളും 20 റേഡിയേഷൻ തെറപ്പിയും ചെയ്‌തെങ്കിലും അവസാനം കുട്ടി കോമയിലായതോടെ പിന്നെ ഡോക്ടർമാർക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കോമയിൽ കിടക്കവെ ജനുവരി എട്ടിനാണ് കുട്ടിയുടെ മാതാപിതാക്കൾ ജീവൻരക്ഷാ ഉപകരണങ്ങൾ ഓഫ് ചെയ്തത്. തുടർന്ന് മരണം സംഭവിച്ച കുട്ടിയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാകുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചു വച്ചിരിക്കുയാണ് ഈ മാതാപിതാക്കൾ. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ലോകത്തെ ഒന്നാം നമ്പർ സ്ഥാപനമായ യുഎസിലെ അരിസോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽകോറിലാണ് മത്തേരിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തലച്ചോറും ശരീരവും വെവ്വേറെയായി ഫ്രീസ് ചെയ്താണ് സംരക്ഷിച്ചിരിക്കുന്നത്.

മകളെ ഒരുനാൾ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കണ്ടു പിടിത്തം ശാസ്ത്ര രംഗത്തുണ്ടാകുമെന്ന വിദൂര പ്രതീക്ഷയിലാണ് മത്തേരിന്റെ കുടുംബം. ഇതിനുള്ള സാധ്യതകളെ കുറിച്ച് തീരാത്ത സംശയങ്ങൾ ഉണ്ടെങ്കിലും മൃതദേഹം സൂക്ഷിക്കാനുള്ള ഭാരിച്ച ചെലവ് ഇവർക്ക് ഒരു പ്രശ്‌നമേയല്ല. അൽകോറിൽ അംഗത്വമെടുക്കാൻ പ്രതിവർഷം 770 ഡോളർ നൽകണം. ഇതിനു പുറമെ സംരക്ഷണ ചെലവ് ഇനത്തിൽ 80,000 മുതൽ രണ്ടു ലക്ഷം ഡോളർ വരെ വേറെയും ചിലവുണ്ട്. മകൾക്ക് വീണ്ടും ശ്വസിക്കാനുള്ള സാങ്കേതിക വിദ്യ ഒരുനാൾ അവതരിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് ഡോക്ടർമാർ കൂടി ഉൾപ്പെടുന്ന മത്തേരിന്റെ കുടുംബം. പ്രശസ്ത അമേരിക്കൻ ബേസ്‌ബോൾ താരം ടെഡ് വില്യംസിന്റെയും മകൻ ജോൺ ഹെന്റി വില്യംസിന്റെയും മൃതദേഹങ്ങളും അൽകോറിൽ സംരക്ഷിച്ചു പോരുന്നുണ്ട്.