കൊച്ചി: അവയവ ദാനത്തിനെതിരെ നടൻ ശ്രീനിവാസൻ നടത്തിയ പ്രസ്താവനക്കെതിരെ ഹൃദയം മാറ്റിവച്ച ശേഷം ജീവിതം നയിക്കുന്ന മാത്യു അച്ചാടന്റെ ഫേസ്‌ബുക് പോസ്റ്റ്. അവയവ ദാനമെന്ന പുണ്യ പ്രവർത്തിയെ ഇകഴ്‌ത്തിയ ശ്രീനിവാസനു മറുപടി എന്ന രീതിയിലാണു മാത്യു അച്ചാടൻ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. സ്വന്തമായി കാർ ഓടിക്കുന്ന വിഡിയോയും ഇതിനൊപ്പം മാത്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാഫിയകൾക്കെതിരേ ഈ രംഗത്ത് നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് നേരത്തേ ശ്രീനിവാസൻ പറഞ്ഞത് വിവാദമായിരുന്നു. കൊച്ചിയിൽ 850 ഫാക്ടറികളും അതിൽത്തന്നെ 84 റെഡ് കാറ്റഗറി വ്യവസായ ശാലകളും ഉണ്ട്. ഇവയെല്ലാം തള്ളുന്ന രാസ മാലിന്യങ്ങൾ ഫാക്ടറിയിൽ നിന്ന് തുടങ്ങുന്ന കുഴൽ മണ്ണിനടിയിലൂടെ സഞ്ചരിച്ച് അഗ്ര ഭാഗം അവസാനിക്കുന്നത് പുഴയുടെ അടിത്തട്ടിലാണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. 40 ലക്ഷം ജനസംഖ്യയുള്ള കൊച്ചിയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം പേർ കിഡ്‌നി രോഗികളാണ്. ഇവർ ഡയാലിസിസിനു എത്തുന്നു, മറ്റൊരു വ്യവസായമായ വൻകിട ആശുപത്രികൾക്ക് ഇരകളാകുന്നു. അവസാനം ചെന്ന് നിൽക്കുന്നത് അവയവ മാറ്റത്തിലാണെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തിയിരുന്നു.

അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. അവയവദാനം മഹാദാനം എന്നാണ് ഇവർ പറയുന്നത്. ഒന്നുമല്ല, സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാൽ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബി എം ഹെഗ്‌ഡെ പറഞ്ഞിട്ടുണ്ട്. സ്വീകരിച്ച അവയവത്തെ ശരീരം റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ബോഡിയുടെ പ്രതിരോധ ശക്തി കുറക്കാനുള്ള കെമിക്കലായിആന്റി ബയോടിക്‌സ് ഉപയോഗിക്കുന്നു. ഈ മരുന്നുകൾ യഥാർത്ഥത്തിൽ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കാൻ ഉള്ളതാണ്. മരുന്ന് മാഫിയയാണ് ലോകം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈയിടെ ഹെലികോപ്ടറിൽ ഹൃദയം കൊണ്ട് വന്ന് ലിസി ആശുപത്രിയിൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ഹൃദയം തുന്നിച്ചേർത്ത വാർത്ത വലിയ സംഭവമായിരുന്നു. ഹൃദയം സ്വീകരിച്ച ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും ആശുപത്രികൾക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനമാണ് ഈ അവയവദാനമെന്നും ശ്രീനിവാസൻ വിമർശിച്ചു. കാർഡിയാക് സ്‌ടെന്റിന്റെ നിർമ്മാണ ചെലവ് 700 രൂപയാണ്. എന്നാൽ കൊച്ചിയിലെ ആശുപത്രികൾ ഇതിന് ഈടാക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ആശുപത്രിയുടെ വലുപ്പം കൂടുന്നതനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് മറുപടിയുമായി മാത്യു അച്ചാടൻ രംഗത്ത് വന്നത്. ഫെയ്‌സ് ബുക്കിലൂടെയുള്ള മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മാത്യുവിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയ ശ്രീനിവാസൻ,

അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവർത്തിയെ ഇകഴ്‌ത്തിക്കൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ. 15 മാസം മുമ്പ് നടക്കാനോ നിൽക്കാനോ കഴിയാതെ ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്.

ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങൾ മലയാളികൾ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക.

കാര്യങ്ങൾ അന്വേഷിച്ചും, പഠിച്ചും, മനസ്സിലാക്കിയും പൊതു വേദികളിൽ അവതരിപ്പിക്കണമെന്നു താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ....