കണ്ണൂർ: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വീണ്ടും പ്രതിസന്ധിയിലേക്ക്. കേരളത്തിലുട നീളം പല നേതാക്കളും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിടാൻ തയ്യാറെടുക്കുകയാണ്. അതിനിടെ സംസ്ഥാന സെക്രട്ടറി മാത്യു കുന്നപ്പള്ളി പാർട്ടി വിട്ട് മാണിവിഭാഗത്തിൽ ചേരുന്നുവെന്നാണ് റിപ്പോർട്ട്. മലബാറിൽ കേരളാ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാത്യു കുന്നപ്പള്ളിയെ ജോസ് കെ മാണിയും ഉൾക്കൊള്ളും.

ജോസഫ് വിഭാഗത്തിൽ വലിയ പ്രശ്‌നങ്ങളുണ്ട്. എന്നാൽ എല്ലാവരേയും എടുക്കാൻ ജോസ് കെ മാണി തയ്യാറല്ല. കണ്ണൂരിൽ പിടി ജോസായിരുന്നു കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖൻ. എന്നാൽ ജോസിന് ജോസ് കെ മാണിയുമായി ചേർന്നു പ്രവർത്തിക്കുന്നതിന് താൽപ്പര്യക്കുറവുണ്ട്. ജോസ് പാർട്ടി വിടുകയും ചെയ്തു. ഇതാണ് മാത്യു കുന്നപ്പള്ളിക്ക് കേരളാ കോൺഗ്രസ് മാണിയിലേക്ക് കടന്നു വരാൻ അവസരം ഒരുങ്ങുന്നത്. ജോസിന് പകരം കണ്ണൂരിൽ മാത്യു കുന്നപ്പള്ളിയാകും ഇനി ജോസഫിന്റെ നേതാവ്.

അതിനിടെ പാർട്ടി പ്രവർത്തകരെ അവഗണിച്ച് ഏകാധിപത്യമനോഭാവത്തോടെയുള്ള ചെയർമാൻ പി.ജെ. ജോസഫിന്റെ നയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മാത്യു കുന്നപ്പള്ളി പറഞ്ഞു. നിരവധിപ്പേർ പാർട്ടിവിടുമ്പോൾ ചെയർമാൻ നിഷ്‌ക്രിയനായി നോക്കിനിൽക്കുകയാണ്. തന്നോടൊപ്പം ജില്ലയിൽനിന്നുൾപ്പെടെ നൂറുകണക്കിന് പാർട്ടിപ്രവർത്തകരും മാണിവിഭാഗത്തിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക ചർച്ചകളും നടന്നു കഴിഞ്ഞു.

യുഡിഎഫിലാണ് ജോസഫ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ജോസഫ് ഗ്രൂപ്പിന് യുഡിഎഫിലും പ്രസക്തി നഷ്ടമായി. ജോസ് കെ മാണിക്കാണ് കരുത്തെന്ന് ഫലം തെളിയിച്ചു. ഇതിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നവും യുഡിഎഫിനെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തുള്ള ജോസ് കെ മാണിക്കൊപ്പം ചേരാൻ ജോസഫ് ഗ്രൂപ്പിലെ പലരും ശ്രമിക്കുന്നത്. വരുന്നവർക്കെല്ലാം കൊടുക്കാൻ മത്സരിക്കാനുള്ള സീറ്റ് ജോസ് കെ മാണിയുടെ കൈയിൽ ഇല്ല. അതുകൊണ്ടാണ് പലരേയും അകറ്റി നിർത്തുന്നത്.

കണ്ണൂരിൽ ജോസ് പോയതോടെ മാത്യു കുന്നപ്പള്ളി അതിനെ അവസരമായി കണ്ടു. അങ്ങനെയാണ് മാണി ഗ്രൂപ്പിലേക്ക് എത്തുന്നത്. നേരത്തെ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (ജെ) കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അടുത്ത ദിവസം നടക്കുന്ന കേരളാ കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ കുന്നപ്പള്ളി പാർട്ടിയിൽ ചേരും. യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കും. ഇതോടെ കണ്ണൂരിലെ പാർട്ടി മുഖമായി ഈ നേതാവ് മാറും.

അതിനിടെ 54 വർഷത്തോളം കേരളാ കോൺഗ്രസ് മാണിവിഭാഗത്തിന്റെ എല്ലാമെല്ലാമായിരുന്ന പി.ടി. ജോസ് അടുത്തിടെയാണ് പാർട്ടി വിട്ടത്. ജോസ് കെ. മാണിയുടെ ഏകാധിപത്യനീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു പി.ടി. ജോസിന്റെ പിന്മാറ്റം. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി ജോസിനെ പാർട്ടിയുമായി അടുപ്പിക്കുന്നത്. ഇതോടെ കണ്ണൂരിൽ മറ്റൊരു നേതാവിനെ കിട്ടുകയും ചെയ്യും. ഇതേ മാതൃകയിൽ കൂടുതൽ പേർ ഇനിയും കേരളാ കോൺഗ്രസ് മാണിയിൽ എത്താൻ സാധ്യതയുണ്ട്.

അതിനിടെ : കേരളാ കോൺഗ്രസ് ജോസഫ് സംസ്ഥാന സെക്രട്ടറി മാത്യു കുന്നപ്പള്ളിക്ക് രണ്ടുവർഷമായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. റോജസ് സെബാസ്റ്റ്യൻ പറഞ്ഞു. അദ്ദേഹം രണ്ടുവർഷമായി യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാറില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ് -അദ്ദേഹം പറഞ്ഞു.