തിരുവനന്തപുരം:തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ മധ്യകേരളത്തിൽ സിപിഎം, ബിജെപിക്ക് വോട്ടു മറിച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. കെപിസിസി റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിലാണ് സിപിഎംബിജെപിഎസ്ഡിപിഐ കക്ഷികളുമായി നടത്തിയ അവിശുദ്ധ സഖ്യവും ആസൂത്രിത നീക്കുപോക്കും വ്യക്തമായത്. 100 വാർഡുകളിൽ പലതിലും സിപിഎമ്മിനു രണ്ടക്ക വോട്ടുകൾ മാത്രമാണുള്ളത്. പല സ്ഥലത്തും കോൺഗ്രസിനെ പരാജയപ്പെടുത്താൻ പരോക്ഷമായി, സിപിഎം ബിജെപിക്ക് വോട്ടു മറിച്ചെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു

സീറ്റുകൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടെങ്കിലും വോട്ടുകൾ കൂടുതൽ ലഭിച്ചെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേരളത്തിലെ ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 2,12,73,417 പേർ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതിൽ 74,58,516 പേർ യുഡിഎഫിനും, 74,37,787 പേർ എൽഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എൽഡിഎഫഇന് 34.96% വോട്ടുകൾ ലഭിച്ചെന്നും കണക്കുകൾ നിരത്തി മാത്യു കുഴൽനാടൻ അവകാശപ്പെട്ടു.