അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ; മകൾ വീണയുടെ മെന്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിച്ച് എംഎൽഎ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകി. മാത്യു കുഴൽനാടനാണ് സ്പീക്കർ എംബി രാജേഷിന് നോട്ടീസ് നൽകിയത്.
വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
നിയമസഭയിൽ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ, മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചെന്ന മാത്യുവിന്റെ ആരോപണം കള്ളമാണെന്ന് പിണറായി പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ ഉൾപ്പടെ കാണിച്ച് എംഎൽഎ മാത്യുകുഴൽനാടൻ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിരുന്നു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 'മാത്യു കുഴൽ നാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റർ ആയിട്ടുണ്ടെന്ന് മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞിരുന്നു. സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നതാണോ ' എന്നും മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞിരുന്നു.
വെബ് സൈറ്റിന്റെ ആർക്കൈവ്സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ എക്‌സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാർ കമ്പനിയുടെ ഫൗണ്ടേഴ്‌സിന്റെ മെന്റർ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രൊഫഷണൽ ബന്ധത്തിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ അവാകാശലംഘന നോട്ടിസിനൊപ്പം സ്പീക്കർക്ക് നൽകി
മറുനാടന് മലയാളി ബ്യൂറോ