തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭയിൽ നിന്ന് മാത്യു ടി തോമസ് രാജിവച്ചത് പാർട്ടിയെ ഇടതുപക്ഷത്ത് ചേർത്ത് നിർത്താനായിരുന്നു. ജോസ് തെറ്റയിലിനെ പരിഭവം കാട്ടാതെ മന്ത്രിയാക്കി മാത്യു ടി തോമസ് ഏവരേയും ഞെട്ടിച്ചു. മികച്ച മന്ത്രിയെന്ന് പേരെടുത്തിട്ടും പാർട്ടിക്ക് വേണ്ടി നടത്തിയ വിട്ടുവീഴ്ച. ചെറിയ സമ്മർദ്ദം ചെലുത്തിയാൽ പോലും മാത്യൂ ടി തോമസ് വീണ്ടും രാജിവയ്ക്കുമെന്ന് കരുതിയവർക്ക് ഇത്തവണ തെറ്റി. മാന്യനായ കാര്യപ്രാപ്തിയുള്ള പിണറായി സർക്കാരിലെ മന്ത്രി ഉറച്ച തീരുമാനത്തിലാണ്. പാർട്ടിസമ്മർദത്തിനു വഴങ്ങി മന്ത്രി സ്ഥാനം ഒഴിയാനില്ലെന്നു മാത്യു ടി.തോമസ് നിലപാടെടുത്തതോടെ ജനതാദളിലെ(എസ്) പ്രതിസന്ധി വഴിത്തിരിവിൽ. കേന്ദ്രനേതൃത്വത്തിന്റെ ഒത്തുതീർപ്പ് നീക്കങ്ങളും പാളി.

തന്നെ അപമാനിച്ചു പുറത്താക്കാനാണു സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ശ്രമിക്കുന്നതെന്ന് കേന്ദ്രനേതൃത്വത്തെ മാത്യു. ടി തോമസ് ധരിപ്പിച്ചു. കൃഷ്ണൻകുട്ടിക്കെതിരെ കടുത്ത നിലപാടാണ് മാത്യു ടി തോമസ് എടുത്തിരിക്കുന്നത്. മന്ത്രിസ്ഥാനം പകുതി കാലം വീതം പങ്കുവയ്ക്കാൻ മന്ത്രിസഭാ രൂപീകരണവേളയിൽ ധാരണയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കെ. കൃഷ്ണൻകുട്ടി അവകാശവാദമുന്നയിച്ചതോടെയാണ് ദളിൽ പ്രതിസന്ധി രൂപം കൊണ്ടത്. ഇതേത്തുടർന്നു ദൾ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി കേരളത്തിലെത്തി പാർട്ടി നേതൃയോഗം വിളിച്ചു. മാത്യു ടി. തോമസിനു പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിയാകണമെന്ന അഭിപ്രായത്തിനാണ് ഇതിൽ മുൻതൂക്കം ലഭിച്ചത്. എന്നാൽ പറയുപോലൊരു ധാരണയില്ലെന്നാണ് മാത്യു ടി തോമസ് പറയുന്നത്.

ഇതോടെ പ്രശ്‌നപരിഹാരത്തിനായി കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്, സി.കെ നാണു എന്നീ മൂന്നു നിയമസഭാംഗങ്ങളെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്താനുള്ള ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ശ്രമവും നടന്നില്ല. കൃഷ്ണൻകുട്ടിയെ കൂടെയിയിരുത്തിയുള്ള ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് മാത്യു ടി.തോമസ് വ്യക്തമാക്കിയതോടെയാണിത്. സി.കെ. നാണുവിന്റെ പിന്തുണ ഇരുനേതാക്കളും അവകാശപ്പെടുന്നുണ്ട്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം കണക്കാക്കി മന്ത്രിസ്ഥാനം നിശ്ചയിക്കാമെന്ന കേന്ദ്രനിർദ്ദേശത്തിനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇത്തരത്തിൽ ചർച്ചകളെത്തിക്കാൻ മാത്യു ടി തോമസിനെതിരെ വ്യാജ പീഡന ആരോപണം പോലും ഉയർത്തിക്കൊണ്ടു വന്നു. എന്നാൽ അത് പൊളിയുകയും ചെയ്തു. ഇതോടെയാണ് കേന്ദ്ര നേതൃത്വത്തെ കൂട്ടു പിടിച്ച് മന്ത്രിയാകാനുള്ള ശ്രമം.

മന്ത്രിയുടെ വസതിയിലെ മുൻ താൽക്കാലിക ജീവനക്കാരി മന്ത്രിയുടെ ഭാര്യക്കെതിരെ പരാതി നൽകുകയും ജനതാദളിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ കൃഷ്ണൻകുട്ടിയുടെ പിഎ മന്ത്രിക്കെതിരെ കുറിപ്പിടുകയും ചെയ്തതോടെ തർക്കം പുതിയ തലത്തിലെത്തിയിരുന്നു. ജീവനക്കാരി ആദ്യം പൊലിസിൽ നൽകിയ പരാതി പിന്നീട് കോടതിയിലുമെത്തി. തന്നെയും കുടുംബത്തെയും അപമാനിക്കാനാണു ഭാവമെങ്കിൽ അതിനെ നേരിടുമെന്ന നിലപാടിലാണ് മന്ത്രി. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിസ്ഥാനത്ത് തുടരാനുള്ള മന്ത്രിയുടെ തീരുമാനം. അതേസമയം പാർട്ടിയിലെ പിന്തുണ പൂർണമായും നഷ്ടപ്പെട്ട മാത്യു ടി. തോമസ് പിടിച്ചുനിൽക്കാൻ പുതിയ മാർഗങ്ങൾ അവലംബിക്കുകയാണെന്ന ആക്ഷേപത്തിലാണു കൃഷ്ണൻകുട്ടി പക്ഷം.

മന്ത്രിക്കെതിരെയുള്ള പരാതികളിൽ ഒരു പങ്കുമില്ലെന്നും കൃഷ്ണൻകുട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ചർച്ചകൾക്കുപോലും തയാറല്ലെന്ന നിലപാട് മാത്യു ടി.തോമസ് സ്വീകരിച്ചതോടെ രണ്ടും കൽപ്പിച്ച് ഒരു തീരുമാനം കേന്ദ്രനേതൃത്വത്തിന് എടുക്കാനുമാകില്ല. സിപിഎമ്മിന്റെ പിന്തുണ മാത്യു ടി തോമസിനൊപ്പമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മാത്യു ടി തോമസിനെ പിന്തുണയക്കുന്നതായാണ് സൂചന. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയുമായി സംസാരിച്ച് മാത്രേമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്നാണ് സൂചന.