- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി ന്യൂസ്-സിവോട്ടർ സർവേയിലും പ്രവചിക്കുന്നത് ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച; 75 മുതൽ 83 സീറ്റ് വരെ എൽഡിഎഫ് നേടുമ്പോൾ യുഡിഎഫ് 56- 64 സീറ്റുകളും എൻഡിഎ 0-2 സീറ്റുകളും നേടും; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും; കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും; വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളിൽ മുന്നിൽ സ്വർണക്കടത്ത് കേസും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുന്നേ തന്നെ അഭിപ്രായ സർവേകൾ തുടങ്ങിയിരുന്നു. ഇതുവരെയുള്ള അഭിപ്രായ സർവേകളിൽ എല്ലാം ഒരുകാര്യം മാറ്റമില്ലാതെ തുടരുന്നു. ഭരണത്തുടർച്ച ഉണ്ടാകുമെന്നായിരുന്നു മിക്കസർവേകളും പ്രവചിച്ചത്. മാതൃഭൂമി ന്യൂസ്-സിവോട്ടർ സർവേയിലും ഇടതുമുന്നണിയുടെ തിരിച്ചുവരവാണ് കണക്കുകൂട്ടുന്നത്.
എൽഡിഎഫ് 75 മുതൽ 83 വരെ സീറ്റുകൾ നേടുമെന്ന് മാതൃഭൂമി സിവോട്ടർ പ്രവചിക്കുന്നു. യുഡിഎഫ് 56- 64 സീറ്റുകളും എൻഡിഎ 0-2 സീറ്റുകൾ നേടുമെന്നും സർവെ പറയുന്നു. എൽഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സർവേ ഫല ശരാശരി. എൽഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 16.6 ശതമാനം വോട്ടുകളുമാണ് സർവേ പ്രവചിക്കുന്നത്.
ഈ സർക്കാരിനോട് എതിർപ്പുണ്ട്, മാറണം എന്നാഗ്രഹിക്കുന്നവർ 40.5 ശതമാനം പേരാണ്. സർക്കാരിനോട് എതിർപ്പുണ്ട് എന്നാൽ സർക്കാർ മാറേണ്ടതില്ലെന്ന് 27.6 ശതമാനം പേർ അഭിപ്രായപ്പെടുന്നു. സർക്കാരിനോട് എതിർപ്പില്ല, സർക്കാർ മാറേണ്ടതില്ല എന്ന് 31.9 ശതമാനം പേർ അഭിപ്രായപ്പെടുന്നു. പ്രതിപക്ഷത്തിന് 42.6 ശതമാനം പേർ മോശം റേറ്റിങ് നൽകിയപ്പോൾ 34.4 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 20.1 ശതമാനം പേർ ശരാശരിയെന്ന് രേഖപ്പെടുത്തി. 2.9 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി. ബിജെപി ഈ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തുമോ എന്ന ചോദ്യത്തോട് മാതൃഭൂമി-സിവോട്ടർ അഭിപ്രായ സർവേയിൽ 56.9ശതമാനവും ബിജെപി നില മെച്ചപ്പെടുത്തില്ലെന്നാണ് പ്രതികരിച്ചത്. 31.8 ശതമാനം പേർ നില മെച്ചപ്പെടുത്തുമെന്നും 11.3 ശതമാനം പേർ പറയാൻ കഴിയില്ലെന്നും പ്രതികരിച്ചു.
കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു.സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.
51 ദിവസം കൊണ്ട് പൂർത്തിയാക്കിയ സർവേയിൽ എന്താണ് ഈ തിരഞ്ഞെടുപ്പിൽ ഒരു വോട്ടറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയം എന്നതായിരുന്നു ആദ്യ ചോദ്യം. വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സർവേയിൽ 41.8 ശതമാനം വോട്ടർമാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്നങ്ങളും സ്വാധീനിച്ചു.
വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളിൽ മുന്നിലെത്തിയത് സ്വർണക്കടത്താണ്. 25.2ശതമാനം പേർ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വർണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം - 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം എന്നിങ്ങനെയാണ് മറ്റുവിവാദങ്ങളോടുള്ള വോട്ടർമാരുടെ പ്രതികരണം. 51 ദിവസം കൊണ്ട് പൂർത്തായാക്കിയ സർവേയിൽ 40 മണ്ഡലങ്ങളിൽ നിന്ന് 14,913 പേർ പങ്കെടുത്തു. 18-85 പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്.
ഏഷ്യാനെറ്റ്, 24 ന്യൂസ്, മീഡിയ വൺ, ടൈംസ് നൗ എന്നിവ നടത്തിയ സർവേകളും എൽഡിഎഫിന് തുടർ ഭരണം പ്രവചിച്ചിരുന്നു
കടപ്പാട്: മാതൃഭൂമി ഓൺലൈൻ
മറുനാടന് മലയാളി ബ്യൂറോ