തിരുവനനന്തപുരം: ലാവലിൻ കേസിൽ നിന്നും പിണറായി വിജയനെ രക്ഷിച്ചെടുത്ത വ്യക്തമാണ് അഭിഭാഷകൻ എം കെ ദാമോദരൻ. ഇപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കൂടിയായ എം കെ ദാമോദരൻ സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി കേസിൽ ഹാജരായതോടെ വിവാദങ്ങൾ തുടങ്ങി. എന്നാൽ, പിണറായി വിജയന്റെ അനിഷ്ടത്തെ ഭയന്ന് പല നേതാക്കളും ചാനൽ ചർച്ചകളിൽ പങ്കെടുക്കാതെ മുങ്ങി നടന്നു. സർവശക്തനായ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം ഉണ്ടായാൽ പണി കിട്ടുമോ എന്ന് ഭയന്നാണ് പല നേതാക്കളും ചാനൽ ചർച്ചകളിൽ നിന്നും വിട്ടു നിന്നത്. ഈക്കാര്യം ചാനലുകളിലെ അവതാരകരെല്ലാം ആവർത്തിച്ച് പറയുകയും ചെയ്തു.

എന്തായാലും ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ചതോടെ പിണറായിപ്പേടി മാറി സിപിഐ(എം) നേതാക്കൾ ഇന്നലെ ചാനൽ ചർച്ചയിൽ പങ്കെടുത്തു. മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുക്കവേ സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദൻ എം കെ ദാമോദരനെതിരെ രംഗത്തെത്തുകയും ചെയ്തു. എം കെ ദാമോദരൻ സിപിഐ(എം) അനുഭാവിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിൽ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, അതിന്റെ പേരിൽ ഗവൺമെന്റിന്റെ പ്രതിച്ഛായ തകരുന്നുണ്ടെങ്കിൽ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ എന്നാണ് ആനത്തലവട്ടം മാതൃഭൂമി ചാനൽ ചർച്ചയിൽ പറഞ്ഞ്. ഈ വിഷയത്തിൽ ഇ്ത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയ മുതിർന്ന സിപിഐ(എം) നേതാവ് കൂടിയായി ആനത്തവട്ടം.

കശുവണ്ടി അഴിമതി കേസിൽ സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നു. ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന് വേണ്ടിയാണ് എം കെ ദാമോദരൻ ഹാജരാകുന്നത്. സാന്റിയാഗോ മാർട്ടിന്റെ അനധികൃത സ്വത്തു കണ്ടുകെട്ടൽ കേസിനു പിന്നാലെയാണ് മറ്റൊരു പ്രധാന അഴിമതി കേസിൽ സംസ്ഥാന സർക്കാരിനെതിരെ എം.കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നത്. ഇതോടൈയാണ് ഉപദേശിയെ ഉപദേശിക്കുന്നതാര്? എന്ന് ചോദിച്ച് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്തത്. ചർച്ചയിൽ ആനത്തലവട്ടത്തെ കൂടാതെ അഡ്വ. കെ.രാംകുമാർ, സി.ആർ. നീലകണ്ഠൻ, ആർ ചന്ദ്രശേഖരൻ എന്നിവരും പ്രതികരിച്ചു.

ചർച്ചയിൽ പങ്കെടുക്കവേ അവതാരകൻ വേണുവും ബാലകൃഷ്ണനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും തമ്മിൽ കോർക്കുകയും ചെയ്തു. കശുവണ്ടി അഴിമതിയുമായി ബന്ധപ്പെട്ട് ചർച്ച വന്നപ്പോൾ ഫോണിൽ പ്രതികരിച്ച ചന്ദ്രശേഖരൻ എന്നാൽ വേണുവിന്റെ ചോദ്യത്തിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറി. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാകില്ലെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ ഒഴിഞ്ഞു മാറിയത്. എന്നാൽ, പ്രതികരിക്കേണ്ടതില്ല ഫോൺ കട്ട് ചെയ്‌തോളൂ എന്നായി വേണു. ലൈവായി തന്നെ ചർച്ചയിൽ തർക്കം നിലനിന്നു.

മുമ്പ് കശുവണ്ടി കോർപ്പറേഷനുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരൻ നിരാഹാരം സമരം നടത്തിയപ്പോൾ പിന്തുണയുമായി പിണറായിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എം കെ ദാമോദരന് എപ്പോഴാണ് വക്കാലത്ത് ഏൽപ്പിച്ചതെന്നായിരുന്നു വേണുവിന്റെ ചോദ്യം. എന്നാൽ, ഇതിന് കൃത്യമായി മറുപടി നൽകാതെ ഒഴിഞ്ഞു മാറാനാണ് ചന്ദ്രശേഖരൻ ശ്രമിച്ചത്. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയ അഴിമതി കേസിൽ പ്രതിസ്ഥാനത്തുള്ള ആൾക്ക് വേണ്ടി ഹാജരായത് ഭരണം മാറിയ ശേഷമാണെന്ന് പിന്നീട് ചന്ദ്രശേഖരൻ സമ്മതിക്കുകയും ചെയ്തു. ചർച്ചയിൽ ഒരു ഘട്ടത്തിൽ വേണുവിന്റെ വാദങ്ങൾക്ക് അനുസൃതമായ നിലപാട് സ്വീകരിക്കാൻ ചർച്ചയിൽ പങ്കെടുത്ത പലരും തയ്യാറായില്ല. ഇതോടെ ചർച്ച അവസാന ഘട്ടങ്ങളിൽ കൂടുതൽ ചൂടു പിടിക്കുകയും ചെയ്തു.