തിരുവനന്തപുരം: മലയാളം ചാനലിൽ ചർച്ചകൾ ആർക്കു വേണ്ടിയാണെന്ന് എന്ന് പലരും ചോദിച്ചു തുടങ്ങിയിട്ട് കാലം കുറേയായി. ഏതെങ്കിലും വിഷയത്തിൽ ഉറച്ചു നിന്ന് ചർച്ചകൾ നടത്തി തുടങ്ങുകയാണെങ്കിലും തെറിവിളികളും പരസ്പ്പരം പോരടിക്കലുമെല്ലാമാണ് ഇപ്പോഴത്തെ ചർച്ചകളിലെ സ്ഥിരം പരിപാടി. അതുകൊണ്ട് തന്നെ കണ്ണീർ സീരിയലുകളിലേക്ക് പ്രേക്ഷകർ മടങ്ങിപ്പോയാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ നടന്ന ഒമ്പതു മണിചർച്ചയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം ആക്ഷേപങ്ങൾക്ക് കരുത്തുപകരാൻ ഇടയാക്കിയത്.

വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞതിനെ അടിസ്ഥാനമാക്കിയും ഇതിന് മറുപടി നല്കി വെള്ളാപ്പള്ളി രംഗത്തത്തിയതുമായിരുന്നു ചർച്ചാ വിഷയം. ചാനലിലെ സൂപ്പർ പ്രൈം ടൈം ഈ വിഷയം ചർച്ചക്ക് എടുത്തപ്പോള് സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദൻ, ബിജു രമേഷ്, കോൺഗ്രസ് നേതാവ് എം. ലിജു, എസ്എൻഡിപി നേതാവ് കെ എം സന്തോഷ് കുമാർ തുടങ്ങിയവാരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.

വെള്ളാപ്പള്ളിയുടെ ജാഥയെ എന്തുകൊണ്ടാണ് സിപിഐ(എം) എതിർക്കുന്നതെന്ന് ചോദിച്ചായിരുന്നു വേണു ചർച്ച തുടങ്ങിയത്. ആനത്തലവട്ടം ആനന്ദൻ, ലിജു തുടങ്ങിയവർ എന്തുകൊണ്ടാണ് ജാഥയെ എതിർക്കുന്നതെന്ന് വ്യക്തമാക്കി ചർച്ച തുടങ്ങുകയും ചെയ്തു. പിന്നീട് ബിജു രമേശ് കൂടി ചർച്ചയിലേക്ക് വന്നപ്പോഴാണ് തെറിവിളികൾ ഉണ്ടായത്. എസ്എൻഡിപി നേതാവ് കെ എം സന്തോഷ് കുമാറുമായിട്ടായിരുന്നു കശപിശ.

എസ്എൻഡിപിയെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവേ അവതാരകന് നിയന്ത്രിക്കാൻ പോലും കഴിയാത്ത വിധത്തിൽ കോലാഹലങ്ങാണ് ഉണ്ടായത്. ചർച്ച പുരോഗമിക്കവേ ബിജു രമേശ് ഉന്നയിച്ച ആരോപണമാണ് ചർച്ചയെ ചൂടു പിടിപ്പിച്ചത്. സന്തോഷ് എസ്എൻഡിപിയിൽ സ്ഥാനം നേടിയത് ഭാര്യയെ തുഷാറിന് കൂട്ടിക്കൊടുത്താണെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതോലെ പരസ്പ്പരം തെറിവിളിച്ച് ഇരുവരും പോരടിച്ചു. സന്തോഷ് കുമാറിനെ പോലുള്ള പെൺവാണിഭക്കാരനാണെന്നും ബിജു പറഞ്ഞു. ഇതുപോലുള്ളവരെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നും ബിജു രമേശ് പറഞ്ഞു.

തുടർന്ന് പരസ്പ്പരം കുടുംബക്കാരെ വിളിച്ചായിരുന്നു ചർച്ച. ബിജു രമേശിന്റെ അച്ചനെ വിളിച്ചായിരുന്നു സന്തോഷിന്റെ മറുപടി. ഓട രമേശന്റെ മകനല്ലേയെന്നും കേരളത്തിന്റെ ശാപമാണെന്നും വ്യാജ ഡോക്ടർ ബിരുദം നേടിയ വ്യക്തിയാണെന്നും പറഞ്ഞ് സന്തോഷ് കുമാർ സ്റ്റുഡിയോയിൽ ഇരുന്ന് കലിതുള്ളി. എന്നാൽ യുകെയിലെ ബസ്റ്റ്ൺ സർവകലാശാലയിൽ നിന്നും പിജി എടുത്തെന്നാണ് ബിജു പറഞ്ഞത്. ഇത് കണ്ട് വേണു ബാലകൃഷ്ണൻ ആകട്ടെ കാര്യമായ ഇടപെടൽ നടത്താനും തയ്യാറായില്ല. ഇത് കൂടുതൽ വഷളാകാനും കാരണമായി. ഒടുവിൽ ഇടവേള പറഞ്ഞ് വേണു തടിയൂരുകയായിരുന്നു.

ചാനൽ ചർച്ചയിലെ തെറിവിളി വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വേണുവിന് കടത്ത വിമർശനങ്ങളും നേരിടേണ്ടി വന്നു. ടാം റേറ്റിങ് കൂട്ടാൻവേണ്ടി അവതാരകൻ മനപ്പൂർവ്വം തെറിവിളികൾ പ്രേത്സാഹിച്ചു എന്ന വിമർശനമാണ് നേരിടേണ്ടി വന്നത്. മോശം പരാമർശം നടത്തി തുടക്കമിട്ട ബിജു രമേശും വിമർശനത്തിന് ഇടയായി.

സോഷ്യൽ മീഡിയയിൽ അടക്കം വിഷയം കൂടുതൽ ചർച്ചയായതോടെ എസ്എൻഡിപി നേതാവ് സന്തോഷ് കുമാർ ബിജു രമേശിനെതിരെ കേസ് ഫയൽ ചെയ്യാനും ഒരുങ്ങുകയാണ്. മനപ്പർവ്വം വ്യക്തിഹത്യ നടത്തിയ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് സന്തോഷ് കുമാർ പരാതി നൽകാൻ ഒരുങ്ങുന്നത്. സംഭവം കോടതിയിൽ എത്തിയാൽ ചർച്ച നയിച്ച വേണു അടക്കമുള്ളവർ സാക്ഷി പറയാൻ പോകേണ്ടി വരും. അതുകൊണ്ട് കേസിലേക്ക് നീങ്ങുന്നത് തടയിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 

Posted by Sunitha Devadas on Tuesday, November 24, 2015