തിരുവനന്തപുരം: ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾപ്രകാരം സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതി വാക്കാൽ കിട്ടിയാൽ പോലും കേസെടുക്കാമെന്ന വ്യവസ്ഥ നിലനിൽക്കെ നിയമസഭയിലെ പ്രതിപക്ഷ വനിതാ അംഗങ്ങളുടെ ലൈംഗിക പീഡാരോപണത്തിൽ പ്രതികൾക്ക് വേണ്ടി സംസാരിക്കാനിറങ്ങി മാതൃഭൂമി ചാനലിലെ അവതാരകൻ വേണു ബാലകൃഷ്ണൻ പുലിവാലുപിടിച്ചു. ബാർകോഴക്കേസിലും നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിലും കോൺഗ്രസ്സിന് വേണ്ടി ഏകപക്ഷീയമായി നിലപാടെടുക്കുന്നുവെന്ന ആക്ഷേപം മാതൃഭൂമി ചാനലിനും വേണുവിനുമെതിരെ ഉയരുന്നതിനിടെയാണ് ഇന്നലത്തെ ചർച്ചയിലും പ്രതികൾക്ക് വേണ്ടി സംസാരിച്ച് കുഴപ്പത്തിലായത്.

താൻ ആക്രമിക്കപ്പെട്ടതിന് ദൃശ്യത്തെളിവുകളുമായി ജമീലാപ്രകാശം രംഗത്തുവന്നതിന് പിന്നാലെയാണ് മാതൃഭൂമി ശിവദാസൻ നായർക്ക് പിന്തുണയുമായി വന്നത്. എട്ടരചർച്ചയിൽ പതിവ് പോലെ വേണുവും പരാതിയുമായി എത്തിയ വനിതാ എംഎൽഎമാരുടെ വിഷയം ചർച്ചയ്‌ക്കെടുത്തു. പ്രതിക്കൂട്ടിൽ നിൽക്കുന്ന ശിവദാസൻ നായർ, പരാതിക്കാരിലൊരാളായ ഇഎസ് ബിജിമോൾ രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. പരാതിക്കാർ ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾ പരിഗണിക്കുക പോലും ചെയ്യാതെ ഇഎസ് ബിജിമോളെ ആക്രമിക്കാനാണ് വേണു തുടക്കം മുതൽ സമയം കണ്ടെത്തിയത്. ശിവദാസൻ നായർക്ക് പ്രസംഗിക്കാനുള്ള അവസരം കൊടുത്തതിന് ശേഷം ഇഎസ് ബിജിമോൾ സംസാരിച്ച് തുടങ്ങി രണ്ടാമത്തെ വാചകം പൂർത്തിയാക്കും മുമ്പ് അസഹിഷ്ണുതയോടെ വേണു ഇടപെട്ടു. സ്ത്രീകളായ ഇരയുടെ പരാതി പരിഗണിക്കാത്ത സ്പീക്കറുടെ പക്ഷപാതപരമായ നിലപാട് ഉന്നയിച്ചു തുടങ്ങിയതോടെ വേണു ഇടപെട്ട് ബിജിമോളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചു. എന്നാൽ ബിജിമോൾ വേണുവിന്റെ പക്ഷപാതവും ചോദ്യം ചെയ്തു. നിരന്തരം ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് മാതൃഭൂമി ചാനലിൽ ചർച്ചകളിൽ പങ്കെടുക്കാത്തതെന്ന് മുൻദിവസങ്ങളിലെ വേണുവിന്റെ ചർച്ചകൾ ഓർമിപ്പിച്ച് ബിജിമോൾ പ്രത്യാക്രമിച്ചു.

പ്രതിക്കൂട്ടിൽ നിൽക്കുന്ന ശിവദാസൻ നായർക്ക് പ്രസംഗിക്കാൻ തന്നെ അവസരം കൊടുക്കകയും ഇരയായ തന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിജിമോൾ ചോദ്യം ചെയ്തത്. അതുകൊണ്ട ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ബിജിമോൾ പിൻവാങ്ങി. എന്നാൽ ബിജിമോളുടെ നിലപാടിനെ തുടർന്ന് പ്രതിസന്ധിയിലായ വേണു ആദ്യം കുഴപ്പത്തിലായെങ്കിലും സംയമനം വീണ്ടെടുത്ത് ബിജിമോൾക്കെതിരെ ആരോപണം ഉന്നയിച്ച് തടിതപ്പി. ഇത്ര അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലെന്നും മറ്റൊരുചാനൽ ചർച്ചയിൽ പങ്കെടുക്കേണ്ടതിനാലാണ് ബിജിമോൾ ഫോൺകട്ട് ചെയ്ത് ചർച്ച ബഹിഷ്‌കരിച്ചതെന്നും വേണു ആരോപണം ഉന്നയിച്ചു. മറ്റൊരു ചാനലിലും ആ സമയത്ത് ബിജിമോൾ ഉണ്ടായിരുന്നില്ല താനും. എന്നാൽ മാതൃഭൂമി ന്യൂസിൽ തുടർന്ന്ചർച്ച മുന്നോട്ട് പോയപ്പോൾ വേണുവിന്റെ ശിവദാസൻ അനുകൂല നിലപാടിനെതിരെ മറ്റു നേതാക്കളും കടുത്ത പ്രതിഷേധത്തിലായി.

ആനത്തലവട്ടം ആനന്ദൻ, വി എസ് സുനിൽകുമാർ തുടങ്ങിയവർ ബിജിമോളുടെ നിലപാടിൽ തെറ്റില്ലെന്ന് വ്യക്തമാക്കി. എന്നാൽ പിസിവിഷ്ണുനാഥിനെ കൂട്ടുപിടിച്ച് വീണ്ടും വനിതാ അംഗങ്ങളെ കുഴപ്പത്തിലാക്കി സംസാരിക്കുകയും അഡ്വക്കേറ്റ് കെ രാംകുമാറിന്റ ഇരകൾക്ക് അനുകൂലമായ നിലപാട് വേണു ചോദ്യം ചെയ്യുകയും ചെയ്തതോടെ അഡ്വക്കേറ്റ് രാംകുമാറും ക്ഷുഭിതനായി. ശിവദാസൻ നായർക്കെതിരെ സംസാരിക്കുന്നത് അസഹിഷ്ണുതയോടെ കാണുകയാണെങ്കിൽ ബിജിമോളുടെ വഴി തനിക്കും സ്വീകരിക്കേണ്ടി വരുമെന്ന് അഡ്വക്കേറ്റ് കെരാംകുമാറും വ്യക്തമാക്കി. ഇതോടെ വേണു നിശ്ശബ്ദനായെങ്കിലും വനിതാ അംഗങ്ങൾക്കനുകൂലമായ നിലപാട് പറയുന്നവരെ തുരുതുരെ ചോദ്യം ചെയ്ത് പ്രതിസന്ധിയിലാക്കാൻ അവസാനം വരെ ശ്രമിച്ചുകൊണ്ടേയിരുന്നു. ശിവദാസൻ നായരും പിസി വിഷ്ണുനാഥും മാത്രം അവസാനം വരെ പറഞ്ഞുകൊണ്ടുമിരുന്നു.