തിരുവനന്തപുരം: ആർത്തവത്തിന്റെ ആദ്യദിനത്തിൽ വനിതാ ജീവനക്കാർക്ക് ശമ്പളോത്തോടു കൂടിയ അവധി നൽകുമെന്ന വിപ്ലവകരമായ തീരുമാനമെടുത്ത് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സ്ത്രീകൾക്ക് മുൻഗണനയും പരിഗണനയും നൽകുന്നതാണ് മാനേജമെന്റിന്റെ തീരുമാനമെന്ന് ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ല. അവരെ സമൂഹം മനസിലാക്കുകയാണ് വേണ്ടതെന്ന് ശ്രേയാംസ് കുമാർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജോയിന്റ് എംഡിയുടെ ഉത്തരവിറങ്ങിയിരിക്കുന്നത്.

മാതൃഭൂമി ന്യൂസിന്റെ പുതിയ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വൻകൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷയും പരിഗണനയും നൽകുമെന്ന് വാചകമടിക്കുന്നവർ സോഷ്യൽ മീഡിയയിൽ ആഹ്വാനം നടത്താതെ ഇത്തരം മാതൃകാപരമായ മാതൃകപരമായ നടപടികളെടുക്കുകയാണ് വേണ്ടതെന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം തങ്ങളുടെ ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ സാഹചര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.

സ്ത്രീകൾക്ക് ആർത്തവത്തിന്റെ ആദ്യ ദിനത്തിൽ അവധി നൽകുകയെന്ന തീരുമാനമെടുക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ് മാതൃഭൂമി ന്യൂസ്. കഴിഞ്ഞയാഴ്ച മുംബൈയിലെ സ്വകാര്യ മാധ്യസ്ഥാപനം ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നു. സ്ത്രീകളെ മനസ്സിലാക്കി മാനേജ്മെന്റ് കൈകൊണ്ട ആ തീരുമാനം ബി.ബി.സി ഉൾപ്പടെയുള്ള ലോകമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മാതൃഭൂമിയും അത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. മാനേജ്മെന്റിന്റെ തീരുമാനത്തെ ജീവനക്കാരും കൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ശ്രേയാംസ്‌കുമാറിന് അഭിനന്ദനമർപ്പിച്ച് പല ജീവനക്കാരും ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്.

മാതൃഭൂമി ന്യൂസിന്റെ പൂർണ്ണ ചുമതല ശ്രേയാംസ് കുമാറിലേക്ക് എത്താനിരിക്കെ ജീവനക്കാരുടെ വിശ്വാസ്യതയും പിന്തുണയും നേടുകയെന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിൽ ഉണ്ടെന്നാണ് സൂചന. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്ത ആദ്യം പുറത്ത് വിട്ടത് മാതൃഭൂമി ന്യൂസ് ആയിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരേയും അഭിനന്ദിച്ച് മാനേജ്മെന്റ് കത്തയക്കുകയും ശമ്പള വർധനവും പ്രമോഷനും നൽകുകയും ചെയ്തിരുന്നു. ന്യൂസ് റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, മറ്റ് ടെക്‌നീഷ്യന്മാർ എന്നിവർക്ക് അന്ന് അയ്യായിരം രൂപ മുതൽ കാൽ ലക്ഷം രൂപ വരെയാണ് പ്രത്യേക പാരിതോഷികമായി നൽകിയത്. ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് മാനേജ്‌മെന്റ് പ്രത്യേക കുറിപ്പ് ഇറക്കുകയും ചെയ്തു.

പൾസർ സുനിയെ എറണാകളും മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പൊലീസ് പിടികൂടിയ ദൃശ്യവും നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്തയും തങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്‌തെന്നാണ് മാതൃഭൂമി ചാനലിന്റെ അവകാശവാദം. നടൻ ദിലീപ് പൾസർ സുനിയെ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് കണ്ടതിന്റെ വിശദാംശങ്ങളും മാതൃഭൂമി ന്യൂസ് തൃശൂർ ബ്യൂറോയിലുള്ളവരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് പുറത്തുവന്നതെന്നും മാനേജ്‌മെന്റ് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി പുറത്തുവിട്ട വാർത്തകൾ കേസന്വേഷണത്തിൽ പൊലീസിന് സഹായകരമായെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.