കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനേയും ഭാര്യയേയും അക്രമിച്ച് കവവർച്ച നടത്തിയ കേസിൽ സംഘത്തലവൻ ബംഗ്ലാദേശ് സ്വദേശി ഇല്യാസ് ഇന്ത്യയിൽ കഴിയുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബംഗ്ലാദേശിൽ രണ്ട് കൊലക്കേസുകളിൽ പ്രതിയായ ഇല്യാസിനെ അവിടെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിനാൽ ഇയാൾ ബംഗാളിൽ ഒളിച്ചു കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കണ്ണൂരിലെ കവർച്ചക്ക് മുമ്പ് സമാന സ്വഭാവത്തിൽ എറണാകുളത്ത് നടത്തിയ കവർച്ചയിൽ ഇല്യാസിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇല്യാസൊഴിച്ച് കണ്ണൂർ കവർച്ചയിലെ മറ്റ് പ്രതികളൊന്നും എറണാകുളം കവർച്ചയിലുണ്ടായിരുന്നില്ല. കണ്ണൂർ കവർച്ചയിലെ കൂട്ടു പ്രതികളെ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കേസിൽ പിടിയിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാലുമായി കണ്ണൂർ സിറ്റി.സിഐ. പ്രദീപൻ കണ്ണിപ്പൊയിൽ, എഎസ്ഐ. രാജീവൻ അടക്കമുള്ള പൊലീസ് സംഘം പശ്ചിമബംഗാളിൽ കഴിയുന്നുണ്ട്. ആറംഗ സംഘമാണ് കണ്ണൂരിലെ കവർച്ചയിൽ പങ്കെടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ഹിലാൽ ഒഴികെയുള്ള അഞ്ച് പേർ ഇപ്പോൾ ബംഗ്ലാദേശിലുണ്ടെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിൽ വിട്ട് കിട്ടിയ ഹിലാലിനെ ഉപയോഗപ്പെടുത്തി മറ്റ് അഞ്ച് പേരേയും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. അതിനാൽ പൊലീസ് സംഘം പശ്ചിമ ബംഗാളിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കയാണ്.

കണ്ണൂരിൽ നിന്നും കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങളിൽ ഒരു ഭാഗം കൊൽക്കത്തയിൽ വിറ്റിരുന്നതായി ഹിലാൽ പൊലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് തൊണ്ടി മുതൽ കണ്ടെടുക്കാനാണ് പൊലീസ് പശ്ചിമ ബംഗാളിലെത്തിയത്. കൊൽക്കത്ത പൊലീസുമായി ബന്ധപ്പെട്ട് അവിടെയുള്ള മൂന്ന് ജൂവലറികളിൽ വിശദമായി പരിശോധന നടത്തിയെങ്കിലും സ്വർണം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വീണ്ടും പ്രതിയെ ചോദ്യം ചെയ്തപ്പോൾ താനിത് വെറുതെ പറഞ്ഞതാണെന്നും ആഭരണങ്ങൾ മുഴുവനും ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും ഹിലാൽ മൊഴി മാറ്റുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ ആറിനു പുലർച്ചെയാണ് കണ്ണൂരിൽ മാധ്യമ പ്രവർത്തകനേയും ഭാര്യയേയും കെട്ടിയിട്ട് ക്രൂരമായി മർദിച്ചശേഷം 60 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. കവർച്ചയ്ക്കിടെ ദമ്പതികൾക്ക് ഗുരുതരപരുക്കേറ്റിരുന്നു. തലശേരി, കണ്ണൂർ മേഖലയിലെ 25 മൊബൈൽ ടവറുകളിലെ ലക്ഷക്കണക്കിനു മൊബൈൽ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. സംശയമുള്ള നമ്പരുകളുടെ പട്ടിക തയാറാക്കി.എറണാകുളം നഗരത്തിൽ കഴിഞ്ഞ വർഷം സമാനസ്വഭാവത്തിലുള്ള കവർച്ച നടന്നിരുന്നു. വീട്ടുകാരെ ക്രൂരമായി മർദിച്ചശേഷമാണ് ആഭരണങ്ങളുമായി മോഷ്ടാക്കൾ കടന്നത്. ആ കേസിന്റെ വിവരങ്ങൾ കണ്ണൂർ പൊലീസ് ശേഖരിച്ചു. ആ കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ പരിശോധിച്ചു. കണ്ണൂർ മോഷണക്കേസിൽ സംശയിക്കുന്ന ചില നമ്പരുകളിലേക്ക് എറണാകുളം കേസിലെ രണ്ടു പ്രതികൾ ബന്ധപ്പെട്ടിരുന്നതായി മനസിലാക്കി.

മോഷ്ടാക്കളെ തിരിച്ചറിയുമ്പോഴേക്കും അവർ ബംഗ്ലാദേശ് അതിർത്തി കടന്നിരുന്നു. നമ്പരുകളിൽ ബന്ധപ്പെട്ട പൊലീസിനെ അസഭ്യവർഷത്തോടെയാണ് മോഷ്ടാക്കൾ എതിരേറ്റത്. ഒപ്പം ഭീഷണിയും. അതിർത്തിക്കപ്പുറം ചെല്ലാൻ കേരള പൊലീസിനു കഴിയില്ലെന്നു മനസിലാക്കിയുള്ള ധൈര്യം. മോഷ്ടാക്കൾ അതിർത്തി കടന്നെന്ന് ഉറപ്പാക്കിയതോടെ കേരള പൊലീസ് തന്ത്രം മാറ്റി.ഡിസംബർ 16. ഉച്ചയോടെ ഡൽഹിയിൽനിന്ന് ഒരു സന്ദേശം കണ്ണൂർ സിറ്റി പൊലീസിനെ തേടിയെത്തി - 'നിങ്ങൾ തിരയുന്ന മോഷ്ടാക്കളിൽ ഒരാൾ ബംഗ്ലാദേശിൽനിന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്. താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞു'. കണ്ണൂർസിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലും എഎസ്ഐ രാജീവനും മംഗലാപുരത്തുനിന്നും വിമാനമാർഗം ഡൽഹിയിലേക്ക് തിരിച്ചു.പൊലീസിന് ഡൽഹിയിൽനിന്ന് വിവരങ്ങൾ നൽകിയ ആളെ കണ്ടെത്തുന്നതും മൊബൈൽ രേഖകളിലൂടെയാണ്..തുടർന്നുള്ള അന്വേഷണത്തിലാണ് ഹിലാൽ വലയിലായത്.