റ്റദിവസം കൊണ്ട് രാഷ്ട്രീയമണ്ഡലമാകെ ഇളകിമറിഞ്ഞുകഴിഞ്ഞു. കേരളരാഷ്ട്രീയത്തിലെ എടുക്കാച്ചരക്കാകുമെന്ന് ഏവരും ഒരുപോലെ പ്രവചിച്ചിരുന്ന വി എസ് അച്യുതാനന്ദൻ വെള്ളാപ്പള്ളിക്കെതിരായ നീക്കത്തോടെ വീണ്ടും ഒരുതാരമായി പൂർവ്വാധികം ശക്തിയോടെ വിളങ്ങിനിൽക്കുകയാണ്. സിപിഐ(എം) വിഎസിനെ മുൻ നിർത്തി ഒരങ്കത്തിനുകൂടി മാനസികമായി തയ്യാറെടുക്കുകയാണ്.  മറ്റാരേക്കാളും ആഹ്ലാദത്തിലായതോ മാദ്ധ്യമങ്ങളും. പ്രത്യേകിച്ചും ന്യൂസ് ചാനലുകൾ. അവർക്കെപ്പോഴും ഒരു ഹീറോ വേണമല്ലോ. അദ്ധ്യാപകനിയമനക്കോഴയ്ക്ക് പിന്നാലെ മൈക്രോഫിനാൻസിലെ അന്തിപ്പിക്കുന്ന തിരിമറിക്കണക്കുകൾ പുറത്തുവിട്ട വി എസ് അച്യുതാനന്ദനാണ് ഇന്നലെ ചാനലുകളിലെ രാത്രി ചർച്ചകളിലും നിറഞ്ഞുനിന്നത്.

മാതൃഭൂമി ന്യൂസിൽ സൂപ്പർപ്രൈംടൈമിൽ വേണുബാലകൃഷ്ണൻ ആവേശം കൊണ്ട് എസഎൻഡിപിയെകുറിച്ച് പറയാവുന്നതെല്ലാം പറഞ്ഞുകളഞ്ഞു. വിഎസിനെ വാഴ്‌ത്താവുന്നത്രയും വാഴ്‌ത്തുകയും ചെയ്തു. ബിജെപിയുടെ വിവിരാജേഷ്, എസ്എൻഡിപിയുടെ സജീഷ്, രാഷ്ട്രീയ നിരീക്ഷകൻ എംഎൻ പിയേഴ്‌സൺ, കോൺഗ്രസ് നേതാവ് എഎ ഷുക്കൂർ തുടങ്ങി ഏറെപ്പേർ ചർച്ചയ്ക്കുണ്ടായിരുന്നെങ്കിലും വിഎസിന്റെ ധീരതയെ തുടക്കം മുതൽ ഒടുക്കം വരെ വേണു വാഴ്‌ത്തുകയായിരുന്നു.

2 ശതമാനം പലിശയ്ക്ക് കടമെടുത്ത് 12 ശതമാനം കൊള്ളപ്പലിശയ്ക്ക് പാവപ്പെട്ട ഈഴവർക്ക് പണം കൊടുത്ത് ദുർവിനിയോഗം ചെയ്യുന്നതിനെതിരായായിരുന്നു ചർച്ചയുടെ പൊതുനിലപാട്. എന്നാൽ എല്ലാം രാഷ്ട്രീയമായ ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള എസ്എൻഡിപി പ്രതിനിധി സജീഷിന്റെ നീക്കത്തെ തുടക്കത്തിലേ വേണു നുള്ളിക്കളഞ്ഞു. ഇതുഞങ്ങളുടെ മാത്രം നാടാണ് എന്ന് പറഞ്ഞ് മൂന്നാമതൊരു ശക്തിയെ പ്രവേശിക്കാൻ അനുവദിക്കാത്ത ഇടതുവലതുരാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയപ്രസംഗത്തിന് മുതിർന്ന സജീഷിനോട് നിങ്ങളുടെ ആക്ഷേപഹാസ്യപ്രസംഗം കേൾക്കാനല്ല ഞാനിവിടെ ഇരിക്കുന്നതെന്ന് വേണു പറഞ്ഞു. വി എസ് പറഞ്ഞതുപോലെ കണക്ക് കണക്ക് പറയണം എന്നായി. ഉത്തരം മുട്ടിപ്പോയ സജീഷ് വീണ്ടും രാഷ്ട്രീയ ആരോപണം എന്ന നിലയ്ക്ക് എല്ലാം തള്ളിക്കളയാൻ മാത്രമേ നാക്കെടുത്തുള്ളൂ. എന്നാൽ വേണു വി എസ് ഉന്നയിച്ച കണക്കുകളും അനുബന്ധ തെളിവുകളും ഉയർത്തിക്കാട്ടി സജീഷിന്റെ വായടച്ചു.

പിന്നീട് ധാർമിക നിലപാടുകൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ എംഎൻ പിയേഴ്‌സണിനോടായി ചോദ്യം. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപാർട്ടിരൂപീകരണത്തെ കുറിച്ചുള്ള ആലോചനായോഗത്തിൽ പങ്കെടുത്തത്തിൽ ഇപ്പോൾ എന്തുതോന്നുന്നു വെറുപ്പ് തോന്നുന്നില്ലേ എന്നായിരുന്നു വേണുവിന്റെ ആദ്യചോദ്യം. ആദ്യചോദ്യത്തോടെ തന്നെ ക്രുദ്ധനായാണ് പിയേഴ്‌സൺ പ്രതികരിച്ചത്.

അഴിമതികൾ എല്ലാക്കാലത്തും എതിർത്തിട്ടുള്ള ആളാണ് താൻ എന്നുപറഞ്ഞ പിയേഴ്‌സണൻ തന്റെ നിലപാടുകൾ ജനം കാണുന്നതാണ് എന്ന് പറഞ്ഞ് പ്രതികരിച്ചു. എന്നാൽ താൻ ചോദിച്ച ചോദ്യം പ്രകോപനപരമാണെങ്കിൽ വിട്ടേക്കൂ എന്ന് പറഞ്ഞ് വേണു ചോദ്യം വീണ്ടും ആവർത്തിച്ചു. വെറുമൊരു വിശാലകാഴ്ചപ്പാടോടെയുള്ള പ്രസ്താവനയല്ല വേണ്ടത്. അഴിമതി എതിർക്കപ്പെടേണ്ടതാണ് എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടേണ്ടതിന് പകരം ഈ മൈക്രോഫിനാൻസിന്റെ പ്രശ്‌നമെടുക്കൂ. കണക്കുകൾ വിശദീകരിക്കൂ എന്നായി വേണു. എന്നാൽ പിന്നീട് ഉൽപ്പാദകയൂണിറ്റ്, സാമ്പത്തിക വിതരണം വിനിയോഗം തുടങ്ങി നയതന്ത്രത്തിലേക്ക് മാറിയപ്പോഴും പിയേഴ്‌സണനെ വേണുവെറുതെ വിട്ടില്ല.

എത്രയധികം പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് വേണു തന്നെ കടലാസുകൾ ഉയർത്തിക്കാട്ടി പറഞ്ഞു. ഇതൊക്കെ ഒറ്റരാത്രികൊണ്ട് ഒതുക്കുകയാണ്. അങ്ങനെയാണെങ്കിൽ അതിനൊക്കെ ഒരു അധോലോകസംവിധാനം തന്നെ കണിച്ചുകുളങ്ങരയിൽ ഉണ്ടാകണം. ഒരക്രിമിനൽ സംഘം ഇതിനൊക്കെ വേണ്ടി പ്രവർത്തിക്കുന്നുണ്ടായിരിക്കും. നിരവധി പേരാണ് ഭീഷണികളുമായി നടക്കുന്നത്. ജീവൻ നഷ്ടപ്പെട്ടവർ പോലുമുണ്ട്. എന്നൊക്കെ വിശദീകരിച്ച് പിയേഴ്‌സണനെ വീണ്ടും നേരിട്ടപ്പോൾ അങ്ങനെയൊക്കെ ഉണ്ടെങ്കിൽ എല്ലാം എതിർക്കപ്പെടണം എന്ന പൊതുപ്രസ്താവന നടത്തി ക്രോധത്തോടെ പിയേഴ്‌സൺ വീണ്ടു്ം പ്രതികരിച്ചു.

വിഎസിന്റെ ആരോപണങ്ങളെ ശരിവയ്ക്കുക മാത്രമല്ല, കൂടുതൽ തെളിവുകളും വിവരങ്ങളുമായാണ് കോൺഗ്രസ് നേതാവ് ഷുക്കൂർ ചർച്ചയ്‌ക്കെത്തിയത്. 12 ശതമാനമല്ല, നിയമവിരുദ്ധമായി 14 ശതമാനമാണ് മൈക്രോഫിനാൻസ് പലിശയീടാക്കുന്നത് എന്ന് ഷുക്കൂർ പറഞ്ഞു. എന്നാൽ ക്രമക്കേടിനെ കുറിച്ച് ആർക്കും എതിരഭിപ്രായമില്ലെന്നും അന്വേഷണം മാത്രം നടക്കുന്നില്ലെന്നുമായി വേണു. നിങ്ങളുടെ സർക്കാരാണല്ലോ അന്വേഷിക്കേണ്ടത്. പേരിനൊരു വിജിലൻസ് അന്വേഷണം മാത്രമാണിപ്പോൾ നടക്കുന്നത്. കോടതികൾ പലതിലും കേസുകൾ കാത്തുകെട്ടിക്കിടക്കുകയാണ്. എല്ലാം തള്ളിപ്പോയി എന്ന് പറയുന്ന വെള്ളാപ്പള്ളിയുടെ നിലപാട് പൊള്ളയാണെന്നും വേണു പറഞ്ഞതോടെ സർക്കാർ വേണ്ട നടപടിയെടുക്കണം എന്ന പൊതുപ്രസ്താവന ഷുക്കൂറും നടത്തി.

എന്നാൽ ഏറ്റവും രസകരമായത് ബിജെപി നേതാവ് വിവി രാജേഷിന്റെ നിലപാടാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർസ്ഥാനാർത്ഥി കൂടിയായതോടെ ഔചിത്യബോധത്തോടെയാണ് രാജേഷ് കാര്യങ്ങളിൽ ഇടപെട്ടത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നു എന്ന തോന്നലുണ്ടാക്കുമ്പോൾ തന്നെ അഴിമതിയാരോപണത്തെ ന്യായീകരിക്കാതിരിക്കാൻ രാജേഷ് പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ വെള്ളാപ്പള്ളിയോട് ഇക്കാര്യം സംസാരിച്ചിരുന്നതാണെന്നും അദ്ദേഹം എല്ലാം നിഷേധിച്ചിരുന്നതാണെന്നും രാജേഷ് പറഞ്ഞു. മാത്രമല്ല അഴിമതിയാരുചെയ്താലും അന്വേഷിക്കണം.

മൈക്രോഫിനാൻസ് മാത്രമല്ല പിസി യോഹന്നാന്റെയും അതുപോലെ മറ്റുപല മതത്തിന്റെ പേരിൽ ക്രമക്കേടുകൾ നടത്തുന്നയാളുകളുടെയും കാര്യങ്ങൾ അന്വേഷിക്കട്ടെയെന്ന് പറഞ്ഞ് രാജേഷ് കൈകഴുകി. ചുരുക്കത്തിൽ പിയേഴ്‌സണേക്കാളും മികച്ച നിലപാടെടുത്തത് രാജേഷാണെന്ന് പറയേണ്ടിവരും. എന്തായാലും എസ്എൻഡിപിയുടെ സജീഷ് വീണ്ടും വീണ്ടും തോൽപ്പിക്കപ്പെട്ട് ചർച്ചയവസാനിക്കുമ്പോൾ വല്ലാത്തൊരുവസ്ഥയിലാണ് മടങ്ങിയത്. രാഷ്ട്രീയ പാർട്ടി രൂപീകരണനീക്കം നടത്തിയ ആഴ്ചകൾക്ക് മുമ്പ് വേണുവിന്റെ ചർച്ചയിൽ നിന്ന് വെള്ളാപ്പള്ളി ഇറങ്ങിപ്പോയതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ ചർച്ചയും.