- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര കവാടത്തിന്റെ ഗേറ്റും പൂട്ടും പൊളിച്ചു; ഭക്തരെ ക്ഷേത്ര കവാടത്തിൽ തടഞ്ഞുവച്ചു; മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തത് ഭക്തരുടെ പ്രതിഷേധം വകവയ്ക്കാതെ; ഭരണം പിടിച്ചെടുത്തത് നിയമ വിരുദ്ധമായിട്ടെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ
മട്ടന്നൂർ: കടുത്ത പ്രതിഷേധത്തെ മറികടന്ന് മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഏറ്റെടുക്കാൻ എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർ ദേഹത്ത് പെട്രോളൊഴിച്ച് ഭീഷണിമുഴക്കിയെങ്കിലും പൊലീസ് സഹായത്തോടെ എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റെടുത്തു.ക്ഷേത്രം ഏറ്റെടുത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതർ എത്തുന്നതായുള്ള വിവരത്തെ തുടർന്നു എത്തിയ പ്രതിഷേധക്കാരെ ക്ഷേത്ര കവാടത്തിൽ വച്ച് പൊലീസ് തടഞ്ഞു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ പെട്രോൾ ഒഴിച്ചത്. പൊലീസ് ഇടപ്പെട്ട് പെട്രോൾ കുപ്പി പിടിച്ചു വാങ്ങി പ്രതിഷേധക്കാരെ പിടിച്ചു നീക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രകവാടത്തിന്റെ ഗേറ്റും വാതിലും അടച്ചിട്ടതിനാൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ക്ഷേത്ര ഓഫീസിന്റെയും കൗണ്ടറിന്റെയും പൂട്ടുകളും പൊളിക്കേണ്ടിവന്നു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്നു ക്ഷേത്രം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് ചുമതലയേറ്റടുത്തത്. ക്ഷേത്രത്തിന്റെ കീഴിലുള്ള ഓഡിറ്റോറിയം അടക്കമുള്ള സ്ഥാപനങ്ങളും ഇതോടെ ദേവസ്വം ബോർഡിന്റെ കീഴിലാകും. മട്ടന്നൂർ സി .ഐ എം.. കൃഷ്ണൻ, എസ് .ഐ കെ.വി. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
പത്തു വർഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചു വരികയായിരുന്നു. കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുമ്പോഴാണ് ക്ഷേത്രം പിടിച്ചെടുത്തതെന്നും നോട്ടീസ് നൽകിയില്ലെന്നും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മോഹൻദാസ് പറഞ്ഞു.
ക്ഷേത്രസമിതിമട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രഭരണം പിടിച്ചെടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ പറഞ്ഞു. 1971ൽ ഒന്നുമില്ലായ്മയിൽ നിന്നും 50 വർഷം പിന്നിട്ടപ്പോൾ മലബാറിലെ എ ക്ലാസ് ക്ഷേത്രമാക്കി മാറ്റിയത് ക്ഷേത്രസമിതിയുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൽ കൂടിയാണ്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ടാണ് ദേവസ്വം ബോർഡ് അധികൃതർ പിടിച്ചെടുക്കൽ നടത്തിയതെന്നും ക്ഷേത്രസമിതി പ്രസിഡന്റ് സി.എച്ച്. മോഹൻ ദാസ് ,വൈസ് പ്രസിഡന്റ് എൻ.പവിത്രൻ, കെ.മനീഷ്, കെ.വി.പ്രശാന്ത്, ഒ.കെ.പ്രസാദ്, പി.വി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിന്റെ പേരിൽ പൊലീസും സിപിഎം പ്രവർത്തകരും നടത്തിയ അതിക്രമത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിന് ജോർജ്ജ് പ്രതിഷേധിച്ചു. സുപ്രീംകോടതി മുമ്പാകെയുള്ള എസ്.എൽ.പി ഹർജി തീർപ്പാക്കാനിരിക്കെയാണ് സി.പി .എം ഇംഗിതം നടപ്പിലാക്കുന്നതിന് ദേവസ്വം ബോർഡ് അധികൃതർ അതിക്രമത്തിനു കൂട്ടുനിന്നത്. ക്ഷേത്രഭരണം ഏറ്റെടുക്കുന്നതിന്റെ പേരിൽ മട്ടന്നൂരിൽ നടന്നത് വിശ്വാസികൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ