- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശൈലജ മത്സരിച്ച മട്ടന്നൂരിൽ വിദേശത്തുള്ളവരുടെ വോട്ട് സിപിഎം ആൾമാറാട്ടത്തിലുടെ ചെയ്തുവെന്ന് ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി യുഡിഎഫ്
മട്ടന്നൂർ: മന്ത്രി കെ.കെ ശൈലജ മത്സരിച്ച മട്ടന്നൂർ മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന് യു.ഡി.എഫ് പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ വിദേശത്തുള്ളവരുടെ വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തിയതായാണ് പരാതിയുയർന്നത്.
യുഡിഎഫ് മട്ടന്നൂർ നിയോജക മണ്ഡലം ചെയർമാൻ ടി.വി.രവീന്ദ്രനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയത്. മാങ്ങാട്ടിടം പഞ്ചായത്തിലുള്ള വട്ടിപ്രം യുപി സ്കൂളിലെ 122 എ ബൂത്തിൽ അഞ്ചു പേരുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തിയതായി പരാതിയിൽ പറയുന്നത്.
വിദേശത്തും സംസ്ഥാനത്തിന് പുറത്തും ഉള്ളവരുടെ വോട്ടുകളാണ് ആളുമാറി ചെയ്തതായി പറയുന്നത്. ഇവരുടെ വോട്ട് രേഖപ്പെടുത്തുമ്പോൾ ബൂത്തിലുള്ള യുഡിഎഫ് ഏജന്റ് എതിർത്തിരുന്നതായും എന്നാൽ ഇത് പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ബൂത്തിലുണ്ടായിരുന്ന വെബ് കാസ്റ്റിംഗിന്റെ വീഡിയോ പരിശോധിച്ച് കള്ളവോട്ട് ചെയ്തവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, മണ്ഡലം റിട്ടേണിങ് ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ ഇതുപോലെ നിരവധി പേരുടെ വോട്ടുകൾ ചെയ്തിട്ടുണ്ടെന്നും പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.വി.രവീന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് തന്നെ സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ.കഴിഞ്ഞ തവണ മന്ത്രി ഇ പി ജയരാജൻ 45,000 വോട്ടിന്റെ റെക്കാർഡ് ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും ജയിച്ചത്. ഇക്കുറി ജെന്മനാടായ മട്ടന്നുരിൽ മത്സരത്തിനിറങ്ങിയ ശൈലജയ്ക്ക് അൻപതിനായിരത്തിന് മുകളിലായി ഭുരിപക്ഷം വർധിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ പ്രതിക്ഷിക്കുന്നത്.ആർ.എസ്പി നേതാവ് ഇല്ലിക്കൽ അഗസ്തിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഡി.എയ്ക്കു വേണ്ടി ബിജു ഏളക്കുഴിയും മത്സരിച്ചിരുന്നു.