ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി കോടതിയെ സമീപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മദനിയുടെ ഹർജി.ഏപ്രിൽ 5നു ഹർജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. പ്രോസിക്യൂഷൻ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താൻ ബംഗളുരുവിൽ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികൾ തുടരാമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

ബെംഗളൂരു സ്ഫോടന കേസിലെ വിചാരണ പൂർത്തിയാകുന്നതു വരെ മദനിക്ക് ജാമ്യത്തിൽ കഴിയാമെന്ന് 2014 ജൂലായിൽ പുറപ്പടുവിച്ച ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പ്രമേഹവും ഹൃദ്രോഗവും ഉൾപ്പടെ നിരവധി അസുഖങ്ങൾ അലട്ടുന്നതിനാൽ ആയിരുന്നു മദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ കാലയളവിൽ ബെംഗളൂരു വിട്ട് മദനി പോകരുതെന്നും നിർദ്ദേശിച്ചിരുന്നു.